വാക്‌സിനെടുത്തവർക്ക് കോവിഡ് ബാധിച്ചാല്‍ വീടുകളില്‍ തന്നെ ചികിത്സിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന വാര്‍ത്താ സമ്മേളത്തിലാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ചില ക്രമീകരണങ്ങള്‍ വേണ്ടിവരുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

വാക്‌സിനേഷന്‍ കഴിഞ്ഞതിന് ശേഷം രോഗം ബാധിക്കുന്നവര്‍ പൊതുവേ വലിയ അപകടാവസ്ഥയിലേക്ക് നീങ്ങുന്നില്ല. അതിനാല്‍ അത്തരം ആളുകളെ വീട്ടില്‍ തന്നെ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ചികിത്സിച്ചാല്‍ മതിയാകും. അതേ പോലെ തന്നെ ഓക്‌സിജന്‍ ലെവല്‍ സാധാരണ നിലയിലുള്ളവര്‍ കോവിഡ് ബാധിച്ചു എന്നതുകൊണ്ടുമാത്രം. ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യമില്ല.മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ഇത്തരം ആളുകളുടെ കാര്യത്തില്‍ ഒരു ശാസ്ത്രീയ മാനദണ്ഡം വേണ്ടിവരും. അത് വിദഗ്ദ്ധ സമിതി തയ്യാറാക്കും അതോടൊപ്പം രോഗവ്യാപന ഘട്ടം നേരിടുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.