കോവിഡ് ബാധിച്ച്‌ മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടു പോകാന്‍ ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ മൃതദേഹം ബൈക്കിലിരുത്തി സംസ്കരിക്കാന്‍ കൊണ്ടുപോയത് മക്കൾ. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചായിരുന്നു 50 വയസുള്ള സ്ത്രീ മകനും മരുമകനുമൊപ്പം കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയത്. പരിശോധന ഫലം കാത്തിരിക്കുന്നതിനിടെ ആണ് ഇവരുടെ സ്ഥിതി വഷളായത്.ഗ്രാമത്തില്‍ മൃതദേഹം സംസ്കരിക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകാന്‍ ആംബുലന്‍സിനായി ഇവര്‍ ഒരുപാട് സമയം കാത്തു. എന്നാല്‍ ആംബുലന്‍സ് ലഭിച്ചില്ല. ആംബുലൻസ് കണ്ടെത്താൻ കഴിയാത്തതിനാൽ യുവതിയുടെ മകനും മരുമകനും മൃതദേഹം ബൈക്കിൽ സംസ്‌കരിക്കുന്നതിനായി ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബൈക്കില്‍ നടുക്കിരുത്തിയാണ് അമ്മയുടെ മൃതദേഹം മക്കള്‍ തിരികെ കൊണ്ടുപോയത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേരാണ് പങ്കുവയ്ക്കുന്നത്.

കഴിഞ്ഞ വർഷം കോവിഡ് -19 കേസുകൾ വർധിച്ച സാഹചര്യത്തിൽ ആന്ധ്രാപ്രദേശ് സർക്കാർ 1088 ആംബുലൻസുകളും 104 മൊബൈൽ മെഡിക്കൽ യൂണിറ്റുകളും അനുവദിച്ചിരുന്നു. എന്നാൽ ഈ സൗകര്യങ്ങളൊക്കെ ഇപ്പോൾ ലഭ്യമല്ലാതെ വരുന്നുവെന്നാണ് റിപ്പോർട്ട്.