വാരാന്ത്യ ലോക്ഡൗണിലൂടെ മാത്രം കേരളത്തെ രക്ഷിക്കാനാകില്ലെന്ന് വലിയിരുത്തല്‍. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ കോവിഡിനെ നേരിടാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരും. വ്യാപന തോത് കുറഞ്ഞില്ലെങ്കില്‍ രണ്ടാഴ്ചയെങ്കിലും സമ്പൂര്‍ണ്ണ ലോക്ഡൗണിനെ കുറിച്ച് കേരളത്തിനും ചിന്തിക്കേണ്ട അവസ്ഥ. കേരളത്തിലെ പതിമൂന്ന് ജില്ലകളില്‍ ഇരട്ട ജനിതക മാറ്റം വന്ന വൈറസ്. B1 617 വൈറസ് ബാധ ഏറ്റവും കൂടുതല്‍ കോട്ടയം ജില്ലയിലാണ്. ഒരു മാസത്തിനിടെയാണ് ജനിതക മാറ്റം വന്ന വൈറസ് വ്യാപനം രൂക്ഷമായത്.
പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് ജനിതകമാറ്റ വൈറസ് സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിരിക്കുന്നത്. ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടേതാണ് കണ്ടെത്തല്‍. ഈ സ്ഥാപനത്തെയാണ് വൈറസ് ബാധയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വകഭേദവും ആഫ്രിക്കന്‍ വകഭേദവും കണ്ടെത്തിയിരുന്നു.ജനിതവ്യതിയാനം വന്ന വൈറസുകള്‍ ഏപ്രില്‍ ആദ്യവാരം തന്നെ സംസ്ഥാനത്ത് വ്യാപിച്ചതായാണ് പഠനത്തില്‍ കണ്ടെത്തിയത്. അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദം കൂടുതല്‍ കണ്ടിട്ടുള്ളത് വടക്കന്‍ ജില്ലകളിലാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയില്ലെങ്കില്‍ രോഗവ്യാപനം വര്‍ധിക്കാനാണ് സാധ്യത.രോഗബാധയ്ക്കു കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ഒരു മാസ്‌കിനു മുകളില്‍ മറ്റൊരു മാസ്‌ക് ധരിക്കുന്ന രീതി അവലംബിക്കണമെന്നാണ് നിര്‍ദ്ദേശം. പ്രതിരോധം അതിശക്തമായില്ലെങ്കില്‍ വലിയ പ്രതിസന്ധിയിലേക്ക് കേരളം കടക്കും. ഓക്‌സിജന്‍ ക്ഷാമവും ഉണ്ടാകും. അതിനാല്‍ പരമാവധി പേരില്‍ വൈറസ് എത്തുന്നത് തടയേണ്ടതുണ്ട്.