ഫാ.ജസ്റ്റിൻ കായംകുളത്തുശ്ശേരി
എൻ്റെ നാമത്തെ പ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരിമാരെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളേയോ പരിത്യജിക്കുന്ന ആർക്കും നൂറിരട്ടി ലഭിക്കും അവൻ നിത്യജീവൻ അവകാശമാക്കുകയും ചെയ്യും. ഉപേക്ഷിക്കലിൻ്റെയും ശൂന്യവത്ക്കരണത്തിൻ്റേയും മഹനീയ മാതൃക കാട്ടി തന്നത് കർത്താവ് തന്നെയാണ് . ഉപേക്ഷിക്കുന്നതു വഴി ഒന്നും നഷ്ടപ്പെടുകയല്ല പിന്നേയോ നൂറിരട്ടി ലഭിക്കുകയാണ്; എല്ലാം ഉപേക്ഷിച്ച് കുരിശോളം താഴ്ന്നവനെ പിതാവായ ദൈവം മഹത്വപ്പെടുത്തിയതിൻ്റെ ആഘോഷമാണല്ലോ ഈ ഉയിർപ്പുകാലം .ഉപേക്ഷിച്ചത് എന്തോ അത് മാത്രമല്ല അധികമായി നിത്യജീവനും ലഭിക്കുമെന്ന് വചനം പഠിപ്പിക്കുന്നു. ഈശോയ്ക്ക് വേണ്ടി ഉപേക്ഷിച്ച കാര്യങ്ങളെ പ്രതി ആകുലപ്പെടാതെ, പ്രതീക്ഷയുള്ളവരാവാം. സമയത്തിൻ്റെ പൂർണ്ണതയിൽ എല്ലാം നന്മയായി ഭവിക്കും. ജീവൻ ത്യജിക്കുന്നവന് നിത്യജീവൻ പകുത്ത് നൽകുന്ന കർത്താവു മാത്രമാകട്ടെ എന്നും നമ്മുടെ ഓഹരി.
ആമ്മേൻ