ICAR invites application for ARS STO, NET exams, 287 vacancies

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗ്രികൾച്ചറൽ സയന്റിസ്റ്റ്സ് റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET), അഗ്രികൾച്ചറൽ റിസർച്ച് സർവീസ് (ARS), സീനിയർ ടെക്നിക്കൽസ് ഓഫീസർ (STO) എന്നീ പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. asrb.org.inഎന്ന വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവസാന തീയതി ഏപ്രിൽ 25 .
പരസ്യവിജ്ഞാപന നമ്പർ 1(2)/2020-Exam.II. മൂന്ന് വിഭാഗത്തിലേക്കുമായി സംയുക്തമായി നടത്തുന്ന ഓൺലൈൻ പരീക്ഷ ജൂൺ 21 മുതൽ 27 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലാകെ 32 പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. കേരളത്തിൽ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം. ARS മെയിൻ പരീക്ഷ സെപ്റ്റംബർ 19-ന് നടക്കും.

നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET)

സംസ്ഥാന കാർഷികസർവകലാശാലകളിലേക്കും മറ്റ് കാർഷികസർവകലാശാലകളിലേക്കും ലക്ചറർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള യോഗ്യതാപരീക്ഷയാണിത്. നെറ്റ് പരീക്ഷ പാസാകുന്നവർക്ക് ഡിജി ലോക്കർ ആപ്ലിക്കേഷനിലൂടെയാണ് സർട്ടിഫിക്കറ്റ് വിതരണംചെയ്യുന്നത്. ബന്ധപ്പെട്ട വിഷയത്തിൽ 2021 സെപ്റ്റംബർ 19-നകം നേടിയ ബിരുദാനന്തരബിരുദമാണ് യോഗ്യത. 21 വയസ്സാണ് അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ട കുറഞ്ഞ പ്രായം. ഉയർന്ന പ്രായപരിധി ഇല്ല.

പരീക്ഷ: ഓരോ മാർക്ക് വീതമുള്ള 150 ചോദ്യങ്ങളടങ്ങുന്നതാണ് പരീക്ഷ. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. തെറ്റുത്തരത്തിന് 1/3 മാർക്ക് കുറയ്ക്കും. രണ്ടുമണിക്കൂറാണ് പരീക്ഷാദൈർഘ്യം. ജനറൽ വിഭാഗത്തിന് 50 ശതമാനവും ഒ.ബി.സി. വിഭാഗത്തിന് 45 ശതമാനവും എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗത്തിന് 40 ശതമാനം മാർക്കും നേടിയാൽ പരീക്ഷയിൽ വിജയിക്കാം.


അഗ്രികൾച്ചറൽ റിസർച്ച് സർവീസ് (ARS)

ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചിൽ അഗ്രികൾച്ചറൽ സയന്റിസ്റ്റായി നിയമനം ലഭിക്കുന്നതിനാണ് അഗ്രികൾച്ചറൽ റിസർച്ച് സർവീസ് പരീക്ഷ നടത്തുന്നത്. ഇതിന് പ്രാഥമികപരീക്ഷയും മെയിൻ പരീക്ഷയും അതിനുശേഷം വൈവാ പരീക്ഷയുമുണ്ടായിരിക്കും. പ്രാഥമികപരീക്ഷയിലെ മാർക്ക് റാങ്ക് നിർണയിക്കുന്നതിന് ഘടകമായിരിക്കില്ല. ബന്ധപ്പെട്ട വിഷയത്തിൽ 2021 സെപ്റ്റംബർ 19-നകം നേടിയ ബിരുദാനന്ദരബിരുദമാണ് യോഗ്യത.

പ്രായപരിധി:32 വയസ്സ്.

ഒഴിവുകൾ :222 ഒഴിവുകളാണ് റിപ്പോർട്ട്ചെയ്തിട്ടുള്ളത്. പഠനവിഭാഗങ്ങൾ തിരിച്ച് ഒഴിവുകളറിയാൻ പട്ടിക 2 കാണുക. 57,700- 1,82,400 രൂപ ശമ്പള സ്കെയിലിലായിരിക്കും നിയമനം.

പരീക്ഷ: പ്രാഥമികപരീക്ഷ രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഒബ്ജെക്ടീവ് മാതൃകയിലായിരിക്കും നടത്തുക. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. തെറ്റുത്തരത്തിന് 1/3 മാർക്ക് കുറയ്ക്കും. ഇതിൽ വിജയിക്കുന്നവരെയായിരിക്കും മെയിൻ പരീക്ഷയ്ക്ക് ക്ഷണിക്കുക. മൂന്നുമണിക്കൂർ ദൈർഘ്യവും പരമാവധി 240 മാർക്കുമുള്ള വിവരണാത്മകപരീക്ഷയായിരിക്കുമിത്. വൈവാ പരീക്ഷയ്ക്ക് പരമാവധി 60 മാർക്കാണുള്ളത്.

സീനിയർ ടെക്നിക്കൽസ് ഓഫീസർ (STO)

ICAR ഹെഡ്ക്വാർട്ടേഴ്സിലേക്കും മറ്റ് ഗവേഷണസ്ഥാപനങ്ങളിലേക്കും സീനിയർ ടെക്നിക്കൽസ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള പരീക്ഷയാണിത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഇന്ത്യയിലുടനീളം 65 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിൽ ഒരൊഴിവ് കേരളത്തിലാണ്. കോഴിക്കോട് IISRലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ 2021 സെപ്റ്റംബർ 19-നകം നേടിയ ബിരുദാനന്തരബിരുദമാണ് യോഗ്യത. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. ഏപ്രിൽ 24 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

പരീക്ഷ : 150 ചോദ്യങ്ങളടങ്ങുന്നതാണ് പരീക്ഷ. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഒബ്ജെക്ടീവ് പരീക്ഷയായിരിക്കും. ഇത് പാസാകുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. പരമാവധി 60 മാർക്കാണ് അഭിമുഖത്തിന് ലഭിക്കുക. ജനറൽ വിഭാഗത്തിന് 50 ശതമാനവും ഒ.ബി.സി. വിഭാഗത്തിന് 45 ശതമാനവും എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗത്തിന് 40 ശതമാനം മാർക്കും നേടിയാൽ പരീക്ഷയിൽ വിജയിക്കാം.

അപേക്ഷ: www.asrb.org.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി അപേക്ഷയോടൊപ്പം ചേർക്കണം. കൂടാതെ ഫോട്ടോയും ഒപ്പും സ്കാൻചെയ്ത് അപ്ലോഡ്ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25.