ടെക്നോളജി മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ ടെക് ഇന്റർനാഷനൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ഉച്ചകോടിയിൽ പങ്കെടുക്കാൻ ഏഷ്യ–പസിഫിക് രാജ്യങ്ങളിൽ നിന്നുള്ള 210 വിദ്യാർഥികൾക്കു സ്കോളർഷിപ്. അർഹരാകുന്നവർക്കു ജൂൺ 22 മുതൽ 24 വരെ നടക്കുന്ന വെർച്വൽ ഉച്ചകോടിയിൽ സൗജന്യമായി പങ്കെടുക്കാം. ഒരാൾക്ക് 250 ഡോളറാണ് (ഏകദേശം 18,500 രൂപ) സ്കോളർഷിപ്പായി ലഭിക്കുക. ഐബിഎം, ഡെൽ, മൈക്രോസോഫ്റ്റ്, ഇന്റൽ, ആക്സഞ്ചർ, അഡോബി, മഹീന്ദ്ര ഗ്രൂപ്പ് ഉൾപ്പെടെയുള്ള കമ്പനികളുടെ തലപ്പത്തുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വിമൻ ഇൻ ടെക് ഇന്റർനാഷനൽ ഇന്ത്യ വൈസ് പ്രസിഡന്റ് ആര്യ മുരളി പറഞ്ഞു.

ആർക്കൊക്കെ

ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി വിദ്യാർഥികൾക്കു ജെൻഡർ വ്യത്യാസമില്ലാതെഅപേക്ഷിക്കാം. സയൻസ്, എൻജിനീയറിങ് അല്ലെങ്കിൽ മറ്റു സാങ്കേതിക വിഷയങ്ങൾ പഠിക്കുന്നവരായിരിക്കണം.

എങ്ങനെ

രണ്ടു ഘട്ടമായിട്ടാണ് റജിസ്ട്രേഷൻ. അടിസ്ഥാന വിവരങ്ങൾ നൽകി അപേക്ഷിക്കുകയാണ് ആദ്യപടി. അതിൽ തിരഞ്ഞെടുക്കപ്പെടുന്നവർ രണ്ടാം ഘട്ടത്തിലെ ചോദ്യങ്ങൾക്ക് ഉപന്യാസ രൂപത്തിലുള്ള ഉത്തരങ്ങൾ നൽകണം. മേയ് 23 വരെ അപേക്ഷിക്കാം. മേയ് 31ന് അന്തിമഫലം പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: witi.com/scholarships