വളരെ വ്യത്യസ്ഥമായ ഒരു വിവാഹ കേസ് കേൾക്കുവാനിടയായി. അഞ്ചുവർഷങ്ങൾക്കുമുമ്പ് സിവിൽ നിയമപ്രകാരം രജിസ്റ്റർ വിവാഹം ചെയ്തവരുടെ കേസാണ്. അഞ്ചുവർഷത്തെ ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ചു. പെൺകുട്ടി പുനർവിവാഹിതയാകുവാൻ വികാരിയച്ചനെ സമീപിക്കുന്നു. എന്നാൽ, തന്റെ ആദ്യത്തെ സിവിൽ വിവാഹത്തെക്കുറിച്ച് അച്ചനോടു പറയുന്നില്ല. അച്ചന് അത് അറിയുകയും ഇല്ല. വിവാഹം നടക്കുന്നതിന്റെ തലേന്നാളാണ് ആരിൽ നിന്നോ, ഈ വിവരം വികാരിയച്ചൻ അറിയുന്നത്. വിവാഹത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായ സ്ഥിതിക്ക് എന്തുചെയ്യുവാനാകും?
മേൽ വിവരിച്ച ചോദ്യത്തിനുള്ള ഉത്തരം അല്പം വിശദീകരണം നൽകിയിട്ട് വ്യക്തമാക്കാം. വിവാഹത്തെ സംബന്ധിച്ച് സാർവ്വത്രിക കത്തോലിക്കാ സഭയുടെ അലംഘനീയമായ നിയമം ഇതാണ്. കത്തോലിക്കാ സഭയിൽ, സാധാരണ ക്രമമനുസരിച്ച് ആശീർവ്വദിക്കാൻ അധികാരമുള്ള പുരോഹിതന്റെയോ, മെത്രാന്റെയോ ആശീർവ്വാദത്തോടെ, രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തിലാണ് ഒരു വിവാഹം നടക്കേണ്ടത്.
എന്നാൽ ലത്തീൻ സഭയിൽ ഡീക്കനും മേൽപ്പറഞ്ഞ അധികാരമുണ്ട്. ഇങ്ങനെ നടത്തപ്പെടുന്ന വിവാഹം കാനോനിക ക്രമം പാലിക്കപ്പെട്ടു നടത്തിയ വിവാഹമാണെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ, കാനോനിക ക്രമത്തിൽ നിന്നും, വളരെ ഗൗരവമായ സാഹചര്യത്തിൽ ഒഴിവാക്കാനുള്ള അധികാരം മാർപ്പാപ്പായ്ക്കും, പൗരസ്ത്യ സഭകളിൽ, പാത്രി
യാർക്കീസുമാർക്കും, മേജർ ആർച്ചുബിഷപ്പുമാർക്കുമാണുള്ളത്. കാനോനിക ക്രമം പാലിക്കാതെ നടത്തുന്ന ഏതൊരു വിവാഹവും അസാധുവായ വിവാഹമായി മാത്രമേ സഭ കണക്കാക്കുകയുള്ളൂ. ആദ്യം ഉന്നയിച്ച ചോദ്യത്തിനുള്ള ഉത്തരമിതാണ്: സിവിൽ രീതിയിൽ മാത്രം വിവാഹിതരായവർ, നിയമപ്രകാരം അതിൽനിന്നും വിടുതൽ നേടാതെ നടത്തുന്ന മറ്റ് വിവാഹങ്ങളും സഭയുടെ മുമ്പിൽ അസാധുവായിരിക്കും. സിവിൽ വിവാഹങ്ങൾ സാധുവല്ലാത്തതിനാൽ, സഭാകോടതികൾ അത് പരിഗണിക്കണ്ടയാവശ്യമില്ലായെന്ന് കരുതരുത്. സഭയിൽ നടത്തപ്പെടുന്ന വിവാഹത്തിന്, നേരത്തെ നടത്തിയ സിവിൽ വിവാഹം തടസ്സം തന്നെയാണ്. അത് ഒഴിവാക്കി കിട്ടുവാൻ, സഭാകോടതിയുടെ ദീർഘമേറിയ നടപടിക്രമങ്ങൾ പാലിക്കേണ്ട ആവശ്യമില്ല. പ്രത്യുത, വളരെ ചുരുങ്ങിയ ഭരണനിർമ്മാണ നടപടിയിലൂടെ
അത്തരം കാര്യത്തിൽ തീർപ്പുകല്പിക്കപ്പെടും. ഇത്തരുണത്തിൽ നാം ഓർക്കേണ്ടത്, ഗൗരവമായ ഒരു കാര്യം ബോധപൂർവ്വം മറച്ചുവെച്ചുകൊണ്ടു നടത്തുന്ന വിവാഹം അതിന്റെ അഭേദ്യതയെ തന്നെ ബാധിക്കും എന്നതാണ്. മുൻപ്, സൂചിപ്പിച്ചതുപോലെ, വിവാഹത്തിന് തൊട്ടുമുമ്പ്, വിവാഹത്തിലേയ്ക്കു പ്രവേശിക്കുന്നതിനുള്ള ഒരു തടസ്സം കണ്ടുപിടിക്കപ്പെടുകയും, എന്നാൽ വിവാഹത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്തുചെയ്യണമെന്ന് സഭാനിയമം അനുശാസിക്കുന്നുണ്ട്: വിവാഹം മാറ്റിവയ്ക്കാനാവാത്ത സാഹചര്യ ത്തിൽ, എന്നാൽ അത് മാറ്റിവച്ചാൽ ആദ്ധ്യാത്മികമോ, ഭൗതികവുമായ ദോഷങ്ങൾക്ക് കാരണമാകുകയും ചെയ്താൽ, അടിയന്തിര സാഹചര്യം പരിഗണിച്ച്, രഹസ്യ സ്വഭാവമുള്ള തടസ്സങ്ങൾ ഒഴിവാക്കിക്കൊടുക്കാനുള്ള അധികാരം രൂപതാ മെത്രാനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. എന്നാൽ, നിലവിലുള്ള ഒരു വിവാഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കുന്നത്, സഭാനിയമ പ്രകാരം, ഒരു ബന്ധം അസാധുവായിരുന്നുവെന്ന് സഭ പ്രഖ്യാപിക്കുമ്പോഴാണ്. സിവിൽ വിവാഹം മാത്രമേ, നേരത്തെയുള്ളുവെങ്കിലും, ആ ബന്ധത്തിൽ നിന്നും സഭാനിയമപ്രകാരം വിടുതൽ കിട്ടണം. നിലവിലുള്ള വിവാഹബന്ധം നിലനിൽക്കെ മറ്റൊരു വിവാഹം സാധ്യമല്ല. കാരണം, അത് ദൈവീക നിയമത്തിന് എതി രാണ്. ദൈവം യോജിപ്പിച്ചത്, മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ. (മത്തായി 19:6).
ചില പ്രത്യേക നിയമതടസ്സങ്ങൾ മൂലം വിവാഹിതരാകേണ്ടിവന്നവരുടെ വിവാഹം വിവാഹമേ ആയിരുന്നില്ലാ എന്നാണ്, സഭ അതിന്റെ നിയമനടപടികളിലൂടെ പ്രഖ്യാപിക്കുന്നത്. സിവിൽ കോടതിയിലെ വ്യവഹാരങ്ങളിൽ നിന്നും സഭയുടെ നടപടികളെ വ്യത്യസ്ഥമാക്കുന്നത് ഇതാണ്.
മറ്റു രാജ്യങ്ങളിൽ കുടിയേറുന്നവർ നാട്ടിൽവന്ന് വിവാഹം പള്ളിയിൽ നടത്തുന്നതിനുമുമ്പ് രജിസ്റ്റർ ചെയ്യുന്ന രീതി കണ്ടുവരുന്നു. അനുവദനീയമല്ലാത്ത ഒരു രീതിയാണിത്. എങ്കിലും, അത്തരം സാഹചര്യങ്ങളിൽ രൂപതാമെത്രാന്റെ നിർദ്ദേശം സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർക്ക് ഉത്തരവാദിത്വമുണ്ട്.