അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെപളളി) മാര്‍ത്തോമാശ്ലീഹായുടെ പുതുഞായര്‍ തിരുനാളിന്റെ എട്ടാമിടം ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. താപനില പരിശോധനയ്ക്കുശേഷമാണ് വിശ്വാസികളെ നിശ്ചിത ഇടവേളകളില്‍ മലകയറാന്‍ അനുവദിച്ചത്. തിരക്ക് പൂര്‍ണമായും ഒഴിവാക്കിയുള്ള മലകയറ്റത്തിനായി വണ്‍വേ സമ്പ്രദായവും ഏര്‍പ്പെടുത്തിയിരുന്നു.
പ്രദക്ഷിണത്തിനും പൊന്‍പണമിറക്കുന്നതിനും മറ്റു ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നിശ്ചിത എണ്ണത്തിലുള്ള വിശ്വാസികളെ മാത്രമാണ് പങ്കെടുപ്പിച്ചത്. കുരിശുമുടിയില്‍ എട്ടാമിടം സമാപനത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, പ്രദക്ഷിണം, പൊന്‍പണമിറക്കല്‍ എന്നിവ നടന്നു. താഴത്തെ പള്ളിയില്‍ രാവിലെ തിരുനാള്‍ പാട്ടുകുര്‍ബാന ഉണ്ടായിരുന്നു. വൈകുന്നേരം പൊന്‍പണം സ്വീകരിക്കല്‍, ആഘോഷമായ പാട്ടുകുര്‍ബാന, തിരുസ്വരൂപം എടുത്തുവയ്ക്കല്‍, കൊടിയിറക്കം എന്നിവയോടെ തിരുനാള്‍ സമാപിച്ചു.