*വാർത്തകൾ*
*ഇസ്രയേൽ ജനസംഖ്യയിൽ ഭൂരിഭാഗത്തിനും കൊറോണ വാക്സിനേഷൻ നടത്തിയതതോടെ രോഗ വ്യാപനം കുറഞ്ഞുവെന്നും, അതിനാൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കൊണ്ടു വന്ന നിർബന്ധിത മാസ്‌ക് ധരിക്കൽ ചട്ടം ഒഴിവാക്കിയെന്നും ആരോഗ്യ മന്ത്രാലയം.* ഇനി രാജ്യത്ത് പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നില്ല. അടുത്ത ദിവസം മുതൽ സ്‌കൂളുകളും പൂർണമായി രാജ്യത്ത് തുറന്ന് പ്രവർത്തിക്കും.
*നെടുമ്പാശേരി രാജ്യാന്തര വിമാന താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി.* ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഷാർജയിൽ നിന്നും വിമാനത്തിൽ വന്നിറങ്ങിയ മഞ്ഞുമ്മൽ സ്വദേശി താജുവിനെയാണ് തട്ടിക്കൊണ്ടു പോയത്. പിന്നീട് ഇയാളെ ബന്ദിയാക്കി. പെരുമ്പാവൂരിലെ ലോഡ്ജ് മുറിയിലാണ് താമസിപ്പിച്ചത്.
*കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാളയാര്‍ അതിർത്തിയിൽ തിങ്കളാഴ്ച മുതല്‍ കേരളവും കോവിഡ് പരിശോധന തുടങ്ങും.* മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരെ ജില്ലാ അതിർത്തിയിൽ തിങ്കളാഴ്ച മുതൽ പരിശോധിക്കും. ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കൂ. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം പ്രവേശനത്തിന് അനുമതി നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
*തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷങ്ങൾ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ.* ദേശീയ പാതയിൽ വച്ച് 94 ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയാണ് പിടിയിലായത്. കണ്ണൂർ ചിറക്കൽ സ്വദേശി മുബാറക്കിനെയാണ് ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
*ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ താനൂര്‍ സ്വദേശി ജെയ്‌സലിനെതിരെ കേസ്.* 2018ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകള്‍ക്ക് തോണിയിലേക്ക് കയറാന്‍ കുനിഞ്ഞു നിന്ന് മുതുക് ചവിട്ടുപടിയായി നല്‍കി ശ്രദ്ധേയനായ വ്യക്തിയാണ് ജെയ്‌സല്‍. താനൂര്‍ സ്വദേശിയായ യുവാവാണ് ഇദേഹത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. യുവാവിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
*ശ്രീലങ്കയുടെ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം.* ഐപിഎല്ലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിംഗ് പരിശീലകനായ മുരളീധരനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതായാണ് റിപ്പോർട്ട്.
*മുൻ അന്താരാഷ്ട്ര ഹോക്കി അമ്പയർ അനുപമ പഞ്ചിമൺഡ അന്തരിച്ചു.* കോവിഡ് വൈറസ് ബാധയെ തുടർന്നായിരുന്നു അന്ത്യം. ഞായറാഴ്ച്ച രാവിലെ ബംഗളൂരുവിൽ വെച്ചായിരുന്നു അനുപമ പഞ്ചിമൺഡ മരിച്ചത്
*കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടറും കോവിഡ് ദൗത്യസംഘാംഗവുമായ ഡോ. രൺദീപ് ഗുലേറിയ. സർജിക്കൽ മാസ്കോ, ഡബിൾ ലെയർ മാസ്കോ നിർബന്ധമായും ഉപയോഗിക്കണം.* അടച്ചിട്ട മുറികളിൽ ആൾക്കൂട്ടം പാടില്ലെന്നും ഡോ.ഗുലേറിയ പറഞ്ഞു.
ലോകത്തേറ്റവും വേഗതയിൽ കോവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിയെന്നാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
*കാസർകോട് സോളാർ പാർക്കിൽ വൻ തീപിടിത്തം.* കാഞ്ഞങ്ങാട് സോളാർ പാർക്കിൽ ഉച്ചയോടെയാണ് തീപിടിച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
* സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശരമിച്ച 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.* ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. കസ്റ്റംസ് പ്രിവന്റീവ് പാലക്കാട് യൂണിറ്റും റെയിൽവേ സംരക്ഷണ സേന ക്രൈം ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഗലാപുരം സ്വദേശികളായ ഇബ്രാഹിംഖാൻ, സലീംഹസൻ എന്നിവരാണ് അറസ്റ്റിലായത്
*ബിജാപൂരിൽ 22 ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി എൻഐഎ.* ഇതിന്റെ ഭാഗമായി മാവോയിസ്റ്റ് നേതാവായ മദ്‌വി ഹിദ്മയെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു. ഏഴ് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
*രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം കൂടുതല്‍ ബാധിക്കുന്നത് യുവാക്കളെ. ജെനസ്ട്രിംഗ് ഡയഗ്നോസ്റ്റിക് സെന്റര്‍ മേധാവി ഗൗരി അഗര്‍വാളിന്റേതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.* ആദ്യഘട്ടത്തിലേതുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഘട്ടത്തില്‍ പരിശോധനാ ഫലം പോസിറ്റീവ് ആകുന്ന യുവാക്കളുടെ എണ്ണം കൂടുതലാണെന്ന് അഗര്‍വാള്‍ പറയുന്നു.
*തമിഴ്നാട് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫെന്ന വ്യാജേന കൊല്ലത്തെ വസ്തു കച്ചവടക്കാരനെ കമ്പത്ത് വിളിച്ചുവരുത്തി തമിഴ് സംഘം 5.55 ലക്ഷം രൂപയും അഞ്ചരപ്പവനും മൊബൈൽ ഫോണും വാച്ചും കൊള്ളയടിച്ചു.* വിവസ്ത്രനാക്കി ആറ് മണിക്കൂറോളം തോക്കിൻ മുനയിൽ നിറുത്തിയായിരുന്നു കവർച്ചയെന്ന് കൊല്ലം പള്ളിത്തോട്ടം അഞ്ജലി നഗർ കാരുചിറ വീട്ടിൽ ബാബു (70, സക്കറിയ) പറഞ്ഞു.
*കൊറോണയെ തുടർന്ന് ന്യൂമോണിയ ബാധിക്കുന്ന രോഗികള്‍ക്കുളള മരുന്നിന് കടുത്ത ക്ഷാമം.* റെംഡിസീവർ, ടോസിലിസ് സുമാബ് തുടങ്ങിയ മരുന്നുകൾ സംസ്ഥാന പല പ്രമുഖ ആശുപത്രികളിലും കിട്ടാനില്ല. സ്വകാര്യ ആശുപത്രികളിലാണ് പ്രതിസന്ധി രൂക്ഷം.
*ഛത്തീസ്ഗഡിലെ റായ്പുരില്‍ രാജധാനി ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു.* കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ചികിത്സയിലുണ്ടായിരുന്ന മറ്റു രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്സെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെന്ന്
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് താര്‍കേശ്വര്‍ പട്ടേൽ പറഞ്ഞു.
*നടൻ വിവേകിന്റെ മരണത്തിന് കൊറോണ വാക്സിൻ സ്വീകരിച്ചതുമായി ബന്ധമില്ലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കർ.* വിവേക് വാക്സിൻ സ്വീകരിച്ചതിനെ മറ്റുതരത്തിൽ ചിത്രീകരിക്കരുതെന്നും ഈസമയത്ത് സർക്കാരിലും വാക്സിനിലും വിശ്വാസമുണ്ടാവേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു
*റോഡരികിലെടുത്ത കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് പരിക്കേറ്റ സംഭവത്തില്‍ അദാനി ഗ്രൂപ്പിനെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.* തലക്കോട്ടുകരുകര ചിറയത്ത് വീട്ടില്‍ ജെയിംസിനാണ് കഴിഞ്ഞ ദിവസം പാറന്നൂരില്‍ സിറ്റി ഗ്യാസ് പദ്ധതിക്കായി എടുത്ത കുഴിയില്‍ വീണ് പരിക്കേറ്റത്.
പൊതുജനങ്ങളുടെ ജീവന് അപകടകരമാകും വിധം സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെ റോഡ് വെട്ടിപ്പൊളിച്ചുവെന്ന് കാണിച്ചാണ് കമ്പനിക്കെതിരെ കേസെടുത്തത്.
*തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് കൊറൊണ ബാധിതരുടെ എണ്ണം കുതിച്ചുയർന്നു.* 2,61,500 പുതിയ കൊറോണ കേസുകള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ എക്കാലത്തെയും വലിയ പ്രതിദിന കണക്കായി ഇത് മാറി. ലോകത്ത് തന്നെ പ്രതിദിന രോഗവ്യാപനത്തിൽ ഇന്ത്യയാണ് മുന്നിൽ.1,501 പേരുടെ മരണവും 24 മണിക്കൂറിനിടെ രേഖപ്പെടുത്തി
*ഒരാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കെ.എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത അരക്കോടി അനധികൃത സ്വത്തായി കണക്കാക്കുമെന്ന് വിജിലന്‍സിൻ്റെ മുന്നറിയിപ്പ്* . ഇതോടെ
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെ.എം ഷാജിക്കെതിരേ വിജിലന്‍സിൻ്റെ കുരുക്ക് മുറുകി. ഷാജിയുടെ കണ്ണൂര്‍ അലവില്‍ മണലിലെ വീടിന്റെ കിടപ്പുമുറിയുടെ കട്ടിലിനടിയിലെ അറയില്‍ നിന്നാണ് 47,35,500 രൂപ കണ്ടെടുത്തത്.
*മുട്ടാര്‍ പുഴയില്‍ 13 കാരി വൈഗയെന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ പിടിയിലായി.* കര്‍ണാടകയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജില്‍നിന്നുള്ള സനുവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.
*സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ ഇന്നു മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.* കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത്.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
*കൊറോണ വൈറസ് വ്യാപനം രൂക്ഷമായി നേരിടുന്ന പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ആർടി- പിസിആർ പരിശോധന നിർബന്ധമാക്കി.* ആർടി- പിസിആർ പരിശോധന നടത്താത്തവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും സംസ്ഥാന സർക്കാർ നിർദേശിച്ചു.48 മണിക്കൂർ മുമ്പോ കേരളത്തിൽ എത്തിയ ഉടനെയോ പരിശോധന നടത്തണം
*കേരളത്തില്‍ 18,257 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.* എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
*സംസ്ഥാനത്ത് ഒരേ സമയം കൊറോണ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ.* രണ്ടര ലക്ഷം പരിശോധന ലക്ഷ്യമിട്ടിടത്ത് 3,00,971 പേരുടെ സാംപിളുകൾ ശേഖരിച്ചു. ഇതിലെ ഭാഗിക കണക്കുകൾ കൂടി ചേർന്നാണ് ശനിയാഴ്ച സംസ്ഥാനത്തെ റെക്കോർഡ് പ്രതിദിന വർധന രേഖപ്പെടുത്തിയത്. ഒരു ലക്ഷത്തോളം പരിശോധനാ ഫലം കൂടി ഞായറാഴ്ച ലഭിക്കും. പ്രതിദിന വർധന 20,000 വരെയാകാമെന്നാണ് നിഗമനം.രോഗതീവ്രതയ്ക്ക് കാരണം വൈറസിന്റെ ജനിതക വ്യതിയാനമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു
*കണ്ണൂർ മട്ടന്നൂർ കാനാട് അമ്മയും കുഞ്ഞും തീപൊള്ളലേറ്റ് മരിച്ചു.* വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കാനാട് നിമിഷ നിവാസിൽ നിഷാദിൻ്റെ ഭാര്യ കെ. ജിജിന(24), മകൾ അൻവിക(4) എന്നിവരാണ് മരിച്ചത്
*അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പൊ ഗ്രാന്തി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു.* ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച (16/04/2021) ആണ് മാര്‍പാപ്പായും ഫിലിപ്പൊ ഗ്രാന്തിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. കുടിയേറ്റം, യുദ്ധങ്ങൾ, പട്ടിണി, പകർച്ചവ്യാധി തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ കൂടിക്കാഴ്ചയിൽ ചർച്ചാവിഷയങ്ങളായതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഭയാർത്ഥികളുടെ കാര്യത്തിൽ രാഷ്ട്രീയമല്ല മാനവികതയാണ് വേണ്ടതെന്ന ഫ്രാൻസിസ് പാപ്പായുടെ ആശയം അദ്ദേഹം ആവർത്തിച്ചു.
*ഗര്‍ഭഛിദ്രത്തിന്റെ അത്ര സുരക്ഷിതമായ മറ്റൊന്നുമില്ലെന്ന് പറഞ്ഞിരുന്ന അര്‍ജന്റീനയിലെ മുന്‍നിര അബോര്‍ഷന്‍ അനുകൂലിയായ വനിത നേതാവ് അബോര്‍ഷന്‍ കാരണം മരണപ്പെട്ടു.* മെന്‍ഡോസ പ്രവിശ്യയിലെ ലാ പാസ് മുനിസിപ്പാലിറ്റിയിലെ ഭ്രൂണഹത്യ അനുകൂല നേതാവായിരുന്ന മരിയ ഡെ വല്ലേ ഗോണ്‍സാലസ് ലോപ്പസ് എന്ന ഇരുപത്തിമൂന്നുകാരിയാണ് നിയമപരമായ കെമിക്കല്‍ അബോര്‍ഷന്‍ ചെയ്യുന്നതിനിടെ മരണപ്പെട്ടത്. ഗര്‍ഭഛിദ്രം തന്റെ ‘സ്വപ്നം’ ആണെന്നായിരുന്നു ‘മരിയ’ പറഞ്ഞിരുന്നത്. അര്‍ജന്റീനയില്‍ അബോര്‍ഷന്‍ നിയമപരമായ ശേഷം അബോര്‍ഷന്‍ മൂലമുണ്ടാകുന്ന ആദ്യ മരണമാണ് മരിയയുടേത്. അതിനാല്‍തന്നെ മരിയയുടെ മരണം അര്‍ജന്റീനയിലെ പൊതുസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. മരിയയുടെ മരണത്തോടെ ഗര്‍ഭഛിദ്രത്തെ ചൊല്ലിയുള്ള വിവാദം കത്തോലിക്കാ രാഷ്ട്രമായ അര്‍ജന്റീനയില്‍ വീണ്ടും ശക്തമായിരിക്കുകയാണ്
*കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയ ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് കേരളത്തിലും.* അഴുകാത്ത ഹൃദയ ഭാഗത്തിന്റെ അംശമാണ് കേരളത്തില്‍ എത്തിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തിരുശേഷിപ്പുകളോടൊപ്പം കൊണ്ടുവന്ന രൂപം വെഞ്ചിരിച്ചു.
*ഇന്നത്തെ വചനം*
സ്വര്‍ഗരാജ്യം, വിളക്കുമെടുത്ത് മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്തുകന്യകമാര്‍ക്കു സദൃശം.
അവരില്‍ അഞ്ചു പേര്‍ വിവേകശൂന്യരും അഞ്ചുപേര്‍ വിവേകവതികളുമായിരുന്നു.
വിവേകശൂന്യകള്‍ വിളക്കെടുത്തപ്പോള്‍ എണ്ണ കരുതിയില്ല.
വിവേകവതികളാകട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളില്‍ എണ്ണയും എടുത്തിരുന്നു.
മണവാളന്‍ വരാന്‍ വൈകി. ഉറക്കം വരുകയാല്‍ കന്യകമാര്‍ കിടന്നുറങ്ങി.
അര്‍ധരാത്രിയില്‍, ഇതാ, മണവാളന്‍! പുറത്തുവന്ന് അവനെ എതിരേല്‍ക്കുവിന്‍! എന്ന് ആര്‍പ്പുവിളിയുണ്ടായി.
ആ കന്യകമാരെല്ലാം ഉണര്‍ന്ന് വിളക്കുകള്‍ തെളിച്ചു.
വിവേക ശൂന്യകള്‍ വിവേകവതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുക.
വിവേകവതികള്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെ വരുമെന്നതിനാല്‍ നിങ്ങള്‍ വില്‍പനക്കാരുടെ അടുത്തുപോയി വാങ്ങിക്കൊള്ളുവിന്‍.
അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതില്‍ അടയ്‌ക്കപ്പെടുകയും ചെയ്‌തു.
പിന്നീട് മറ്റു കന്യകമാര്‍ വന്ന്, കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നു തരണമേ എന്ന് അപേക്‌ഷിച്ചു.
അവന്‍ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല.
അതുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍. ആദിവസമോ മണിക്കൂറോ നിങ്ങള്‍ അറിയുന്നില്ല.
മത്തായി 25 : 1-13
*വചന വിചിന്തനം*
ബുദ്ധിമതികൾ മറുപടി പറഞ്ഞു. ഞങ്ങൾക്കും നിങ്ങൾക്കും തികയാതെ വരികയാൽ നിങ്ങൾ വിൽപനക്കാരുടെ അടുക്കൽ പോയി വാങ്ങിക്കൊള്ളുവിൽ. അവർ വാങ്ങാൻ പോയപ്പോൾ മണവാളൻ വന്നു. ഒരുങ്ങിയിരുന്നവർ അവനോടൊത്ത് വിവാഹവിരുന്നിന് അകത്ത് പ്രവേശിച്ചു.( മത്ത 25 :1-13)
അധികകാലം അപരൻ്റെ നന്മയുടെ തണലിൽ ജീവിക്കാനാവില്ല നമ്മൾക്ക്. നമ്മൾക്ക് വേണ്ടത് നാം തന്നെ കരുതണം. ദൈവം തന്നവയെ വർദ്ധിപ്പിക്കാൻ കഴിയണം. ചെയ്യാതെ പോകുന്ന നന്മകളല്ലേ നമ്മുടെ ജീവിതത്തിൻ്റെ ഏറ്റവും വലിയ നഷ്ടം. കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ ആത്മീയവും ഭൗതികവുമായ അഭിവൃദ്ധി നമ്മെ തേടി വരും.
അപ്പോൾ നമുക്ക് വേണ്ടത് ജാഗ്രതയും അധ്വാനവുമാണ്. അലസത അകന്നു പോകട്ടെ നമ്മുടെ ചിന്തകളിൽ നിന്നുപോലും. ആത്മാർത്ഥത നിറയട്ടെ നമ്മുടെ മനസ്സുനിറയെ.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*