🗞🏵 *സീറോ മലബാര്‍ സഭ ഫാമിലി, ലൈറ്റി, ലൈഫ് കമ്മിഷനിലെ അല്‍മായ കമ്മീഷൻ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ (69-റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സീനിയര്‍ അസിസ്റ്റന്റ്) നിര്യാതനായി.* കോവിഡ് രോഗബാധിതനായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആലങ്ങാട് വിതയത്തില്‍ കുടുംബാംഗമായ ഇദ്ദേഹം പറവൂര്‍ ബാറിലെ അഭിഭാഷകനായിരുന്നു. സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്ന് ഉച്ചയ്ക്ക് 12ന് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ നടക്കും.സംസ്ഥാന സര്‍ക്കാരിന്റെ കടാശ്വാസ കമ്മീഷന്‍ അംഗം, കേരള ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ മുന്‍ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

🗞🏵 *രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ക്രിയാത്മക ഇടപെടലുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.* ഇതിന്റെ ഭാഗമായി കേന്ദ്ര മന്ത്രാലങ്ങളുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും കീഴിലുള്ള ആശുപത്രികളിലെ കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
 
🗞🏵 *കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ക്ക് സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം.* നൂറ് പുതിയ ആശുപത്രികള്‍ക്ക് ആണ് ഓക്‌സിജന്‍ പ്‌ളാന്റിനുള്ള സഹായം പി. എം കെയര്‍ ഫണ്ടില്‍ നിന്ന് ലഭിക്കുക.

🗞🏵 *എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റിനെതിരായ (ഇഡി) ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി.* ക്രൈംബ്രാഞ്ചിന്റെ രണ്ട് എഫ്ഐആറും ഹൈക്കോടതി റദ്ദാക്കി. അന്വേഷണ വിവരങ്ങൾ ക്രൈംബ്രാഞ്ച് വിചാരണക്കോടതിക്ക് കൈമാറണം. രേഖകൾ പരിശോധിച്ച് വിചാരണക്കോടതിക്ക് തുടർനടപടികൾ തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

🗞🏵 *അപകടത്തിൽ നടുവിന്​ പരിക്കേറ്റ പ്രമുഖ വ്യവസായി എം എ യൂസഫലി ശസ്ത്രക്രിയയ്ക്ക് വിധേയനായി.* ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ സർജൻ ഡോ. ഷവാർബിയുടെ നേതൃത്വത്തിൽ അബുദാബിയിലെ ബുർജിൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘമാണ് യൂസ‌ഫലിയെ ചികിത്സിച്ചത്.

🗞🏵 *കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.* കുരീപ്പുഴ പയസ് വർക്കേഴ്സ് ഓഫ് സെൻ്റ് ജോസഫ് കോൺവെൻ്റിലെ കന്യാസ്ത്രീ പാവുമ്പ സ്വദേശിനി മേബിൾജോസഫിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറിൽ ഉണ്ടാകുമെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

🗞🏵 *മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോലീസിൽ പരാതി.* കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാഹിനാണ് മുഖ്യമന്ത്രിക്കെതിരെ മെഡിക്കൽ കോളേജ് പോലീസിന് പരാതി നൽകിയിരിക്കുന്നത്.

🗞🏵 *നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട* . പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 2.5 കിലോ സ്വർണമാണ് പിടികൂടിയത്. വിമാനക്കമ്പനി ജീവനക്കാരനിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്. സ്പൈസ് ജെറ്റ് വിമാനക്കമ്പനി ജീവനക്കാരനായ മൻഹാസ് അബുലിയാസാണ് പിടിയിലായത്.

🗞🏵 *മംഗലാപുരം ബോട്ട് അപകടത്തിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി* . ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി. നേവി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

🗞🏵 *സിബിഐ മുൻ ഡയറക്ടർ രഞ്ജിത് സിൻഹ അന്തരിച്ചു.* ഡെൽഹിയിലെ വസതിയിലാ യിരുന്നുഅന്ത്യം. 2012 മുതൽ 2014വരെ സിബിഐയുടെ ഡയറക്ടറായിരുന്നു. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കൽക്കരി അഴിമതി കേസിൽ ആരോപണ വിധേയനായിരുന്നു രഞ്ജിത് സിൻഹ.

🗞🏵 *തന്റെ മണ്ഡലത്തിൽ മാത്രം 47 ഓളം പെൺകുട്ടികൾ ജിഹാദിന് ഇരകളായെന്ന് പി.സി ജോർജ്.* ലൗ ജിഹാദ് വിഷയത്തിൽ തൻ്റെ നിലപാടിലുറച്ചാണ് പി.സി ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്. ഈരാറ്റുപേട്ടയിൽ മാത്രം കണക്കുനോക്കിയപ്പോൾ മനസ്സിലായതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ 12 പേർ ഹിന്ദു പെൺകുട്ടികളാണ്. ബാക്കി 35 ഉം ക്രിസ്ത്യൻ സമുദായത്തിലെ പെൺകുട്ടികളാണ്.

🗞🏵 *പ്രശസ്ത തമിഴ് സിനിമാതാരവും ഗായകനുമായ വിവേകിനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.* ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം വിവേക് കൊറോണ വാക്സിൻ സ്വീകരിച്ചിരുന്നു
 
🗞🏵 *മാദ്ധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍ എന്നിവരെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം.* സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനമായത്. യു ഡി എഫില്‍ പി വി അബ്ദുള്‍ വഹാബാണ് സ്ഥാനാര്‍ത്ഥി.

🗞🏵 *കൊറോണ ബാധിച്ച്‌ മരിച്ചവരുടെയുൾപ്പടെ മൃതദേഹങ്ങൾ കൂട്ടമായിട്ട് കത്തിച്ചത്തിൽ വൻ വിവാദം.* പൊതുജനങ്ങൾ ഇത് കാണുന്നത് തടയാൻ ടിൻ ഷീ‌റ്റുകൊണ്ട് വേലികെട്ടി തിരിച്ചു. ഉത്തർപ്രദേശ് ലക്‌നൗവിലെ ബയ്‌കുന്ധ് ധാം ശ്‌മശാനത്തിലാണ് ഈ സംഭവം.വിമർശനം ശക്തമായതിനെ തുടർന്നാണ് പ്രാദേശിക ഭരണകൂടം ശ്‌മശാനം വേലികെട്ടി മറച്ചത്. ലക്‌നൗവിലെ ആരോഗ്യരംഗം രൂക്ഷമായ പ്രതിസന്ധി നേടുകയാണിപ്പോൾ. ആശുപത്രികളിൽ രോഗികൾക്ക് മതിയായ കിടക്കകൾ ലഭിക്കുന്നില്ല. ശ്‌മശാനങ്ങളിൽ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറുന്നു.
 
🗞🏵 *രാജ്യത്ത് ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലാവർഷം സാധാരണ നിലയിൽ ആയിരിക്കുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.* നാല് മാസം നീണ്ടു നിൽക്കുന്ന മഴക്കാലത്ത് 98% മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവൻ അറിയിച്ചു.ശരാശരി മുതൽ സാധാരണ നിലയിൽ ഉള്ള കാലവർഷമാണ് കഴിഞ്ഞ 50 വർഷമായി ലഭിക്കുന്നത്. ഇത് 96% മുതൽ 104% വരെ മഴയാണ്. ദീർഘകാല ശരാശരി 89 സെന്റീമീറ്റർ മഴയാണ്.

🗞🏵 *ആഭ്യന്തരകലാപം രൂക്ഷമായതിനെ തുടർന്ന് സമൂഹമാധ്യമങ്ങളെ വിലക്കി പാക്കിസ്ഥാൻ.* വാട്സാപ്പ്, യുട്യൂബ്, ട്വിറ്റർ, ടെലഗ്രാം, ഫെയ്സ്ബുക് സേവനങ്ങൾ റദ്ദാക്കി. ഇന്ന് രാവിലെ 11 മുതലാണ് വിലക്ക് നിലവിൽ വന്നത്.
സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമാണ് പാക്കിസ്ഥാനിൽ നടക്കുന്നത്. താലിബാന്റെ പിന്തുണയോടെയാണ് അക്രമം നടക്കുന്നതെന്നാണ് സർക്കാരിന്റെ വാദം

🗞🏵 *ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദ്യൂ​ര​പ്പ​യ്ക്ക് വീ​ണ്ടും കൊറോണ സ്ഥി​രീ​ക​രി​ച്ചു.* ക​ഴി​ഞ്ഞ എ​ട്ട് മാ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് യെ​ദ്യൂ​ര​പ്പ​യ്ക്ക് വൈറസ് ബാ​ധി​ക്കു​ന്ന​ത്.യെ​ദ്യൂ​ര​പ്പ​യ്ക്ക് ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കൊറോണ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു ഫ​ലം. എ​ന്നാ​ൽ ഇ​ന്ന് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് രോ​ഗ​ബാ​ധ തെ​ളി​ഞ്ഞ​ത്

🗞🏵 *ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി കെഎസ്ആര്‍ടിസി ബസ് നിന്നു.* അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കന് അത്ഭുതകരമായ രക്ഷപ്പെടല്‍. വിഷുദിനം വൈകീട്ട് കൊല്ലം തേവലക്കര ചേനങ്കര ജംക്ഷനിലാണ് അപകടം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിട്ടുള്ളത്.കോയിവിള സ്വദേശിയായ റിട്ടയേഡ് പൊലീസുകാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്

🗞🏵 *മുൻ കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ, ദലിത് ആക്ടിവിസ്റ്റും ഗുജറാത്തിൽനിന്നുള്ള എം.എൽ.എയുമായ ജിഗ്നേഷ് മേവാനി, എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, കോൺഗ്രസ് നേതാവ് ദിഗ് വിജയ സിങ് എന്നിവർക്ക് കൊറോണ സ്ഥിരീകരിച്ചു.*
 
🗞🏵 *യോഗ്യതയുണ്ടെങ്കിൽ രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകളുടെ അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ തസ്തികയിൽ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനി നൽകിയ ഹർജിയിലാണ് ഉത്തരവ്. സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ സർക്കാർ ഒരുക്കണമെന്നും കോടതി നിർദ്ദേശം നൽകി.

🗞🏵 *കേരളത്തില്‍  10,031 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.* കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
🗞🏵 *കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശം.* ഓഫീസിൽ പതിവായി ഹാജരാക്കേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചു. അണ്ടർ സെക്രട്ടറി മുതൽ താഴെ തട്ടിൽ ജോലി ചെയ്യുന്നവർക്കാണ് ബാധകം. ഇവർക്ക് വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാൻ അനുമതി നൽകി.

🗞🏵 *കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് 10-12 ക്‌ളാസുകളിലേയ്ക്കുള്ള ഐസിഎസ്ഇ,എസ് സി പരീക്ഷകളും മാറ്റിവച്ചു.* ജൂണ്‍ ആദ്യ വാരം പുതിയ തീയതികള്‍ പ്രഖ്യാപിക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് അറിയിച്ചു.

🗞🏵 *തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറുമ്പോൾ കർശന നിയന്ത്രണങ്ങൾക്ക് ഇളവ്. പൂരം നടത്തിപ്പിന് കൂടുതല്‍ ഇളവുകള്‍ നൽകാൻ തീരുമാനമായി.* തൃശൂർ പൂരത്തിന്റെ പങ്കാളികളായ എട്ട് ഘടകപൂരങ്ങളിൽ പങ്കെടുക്കുന്ന 200 പേർക്ക് വീതം സൗജന്യ വാക്സീൻ നൽകാൻ തീരുമാനം. വാക്സീൻ എടുത്ത എല്ലാവർക്കും ഘടകപൂരങ്ങളുടെ ഭാഗമാകാം. ഘടകക്ഷേത്രങ്ങളുടെ പ്രതിനിധികളുമായി ജില്ലാ കളക്ടർ നടത്തിയ യോഗത്തിലാണ് തീരുമാനം.

🗞🏵 *സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യം.* ഹൈക്കോടതിയിലാണ് ഇത് സംബന്ധിച്ച ഹർജി സമർപ്പിച്ചിരിക്കുന്നത്. മെയ്‌ ഒന്ന് അർദ്ധരാത്രി മുതൽ രണ്ടാം തീയതി അർദ്ധരാത്രി വരെ ലോക്ഡൗൺ വേണമെന്നാണ് ആവശ്യം.

🗞🏵 *ഇന്ധന പമ്പിലെ തകരാറിനെ തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട മോഡലുകളിലെ 77,954 കാറുകള്‍ ഇന്ത്യയിൽ തിരിച്ചു വിളിക്കാന്‍ ഹോണ്ടാ ഒരുങ്ങുന്നു.* കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഒരു ടെസ്റ്റിനെ തുടര്‍ന്നാണ് തകരാര്‍ സംഭവിച്ച ഇന്ധന പമ്പുകള്‍ മാറ്റി സ്ഥാപിക്കാനായി കാറുകള്‍ തിരിച്ച് വിളിക്കാന്‍ ഹോണ്ട തീരുമാനിച്ചത്.
 
🗞🏵 *ഭാരതത്തിന്റെ അയല്‍രാജ്യമായ മ്യാന്‍മറില്‍ അട്ടിമറി നടത്തി അധികാരത്തിലേറിയ പട്ടാള ഭരണകൂടത്തിന്റെ അതിക്രമവും മതസ്വാതന്ത്ര്യ ലംഘനവും അതിരുകടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.* ക്രൈസ്തവ ദേവാലയങ്ങളിലും ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളിലും ബര്‍മീസ് പട്ടാളം അതിക്രമിച്ചു പരിശോധനകള്‍ നടത്തുന്നത് പതിവായിരിക്കുകയാണ്. പലപ്പോഴും ഈ പരിശോധനകള്‍ അക്രമാസക്തമാകുന്നുണ്ടെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഏജന്‍സിയ ഫിദെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കച്ചിന്‍ സംസ്ഥാനത്തിലെ വിവിധ സഭകളുടെ കീഴിലുള്ള നിരവധി ദേവാലയങ്ങളിലാണ് നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വ്യാജ ആരോപണം നിരത്തി പട്ടാളം സമീപകാലത്ത് പരിശോധനകള്‍ നടത്തിയത്.

🗞🏵 *വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അടക്കം ഏഴ് പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വരുന്ന മെയ് മൂന്നിന് വത്തിക്കാനിൽവെച്ച് ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ കൺസിസ്റ്ററി കൂടുവാന്‍ തീരുമാനിച്ചു.* കര്‍ദ്ദിനാളുമാരുടെ ഈ പ്രത്യേക സമ്മേളനത്തില്‍ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി തീരുമാനിക്കും. ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെയും ഇറ്റലിയിൽ നിന്നുള്ള വൊക്കേഷണിസ്റ്റ് സന്യാസസമൂഹ സ്ഥാപകനായ വാഴ്ത്തപ്പെട്ട ഫാ. ജസ്റ്റിൻ റുസ്സലീലോയുടെയും മറ്റ് വാഴ്ത്തപ്പെട്ടവരുടെയും നാമകരണത്തിനായി അവരുടെ പേരിൽ നടന്ന അത്ഭുതങ്ങൾ ഫ്രാൻസിസ് പാപ്പ കഴിഞ്ഞ വർഷം അംഗീകരിച്ചിരുന്നു.
 
🗞🏵 *കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരെയും വൈദികരെയും തട്ടിക്കൊണ്ടുപോയിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അവരെ കണ്ടെത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ പൊതുപ്രാര്‍ത്ഥനയും, കത്തോലിക്ക സ്ഥാപനങ്ങള്‍ അടച്ചിട്ടുകൊണ്ടുള്ള ദേശവ്യാപകമായ പ്രതിഷേധവും പുരോഗമിക്കുന്നു.* ഹെയ്തി എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് (സി.ഇ.എച്ച്) നല്‍കിയ ആഹ്വാനമനുസരിച്ചാണ് പ്രാര്‍ത്ഥനയും സമരവും വ്യാപകമാക്കിയിരിക്കുന്നത്. കത്തോലിക്ക സ്കൂളുകളും, സര്‍വ്വകലാശാലകളും, മറ്റ് സ്ഥാപനങ്ങളും അടച്ചിട്ട് സഹകരിക്കണമെന്ന് ഹെയ്തി മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിരിന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ രാജ്യത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേകം ബലിയര്‍പ്പിച്ചു.

🗞🏵 *850 വര്‍ഷത്തിലേറെ പഴക്കമുള്ള ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രലില്‍ അഗ്‌നിബാധയുണ്ടായിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയായി.* 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്. തീ പിടിത്തത്തിനും കോവിഡ് മഹാമാരിക്കും മുന്‍പ് പ്രതിവര്‍ഷം കോടിക്കണക്കിന് ആളുകള്‍ സന്ദര്‍ശനം നടത്തിയിരുന്ന ദേവാലയമായിരിന്നു കത്തീഡ്രല്‍.

🗞🏵 *സറോ മലബാർ സഭയുടെ അൽമായ പ്രക്ഷിത നേതാവ് അഡ്വ. ജോസ് വിതയത്തിലിന്റെ നിര്യാണത്തിൽ സറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റും കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയും അനുശോചിച്ചു. പ്രസിഡന്റ്‌ സാബു ജോസ് അധ്യക്ഷത വഹിച്ചു.*
 
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
*ഇന്നത്തെ വചനം*
അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ യേശു അവരുടെ മധ്യേ പ്രത്യക്‌ഷ നായി അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ക്കു സമാധാനം! അവര്‍ ഭയന്നു വിറച്ചു.
ഭൂതത്തെയാണ്‌ കാണുന്നത്‌ എന്ന്‌ അവര്‍ വിചാരിച്ചു.
അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ അസ്വസ്‌ഥരാകുന്നതെന്തിന്‌? നിങ്ങളുടെ മനസ്‌സില്‍ ചോദ്യങ്ങള്‍ ഉയരുന്നതും എന്തിന്‌?
എന്റെ കൈകളും കാലുകളും കണ്ട്‌ ഇതു ഞാന്‍ തന്നെയാണെന്നു മനസ്‌സിലാക്കുവിന്‍.
എന്നെ സ്‌പര്‍ശിച്ചുനോക്കുവിന്‍. എനിക്കുള്ളതുപോലെ മാംസവും അസ്‌ഥികളും ഭൂതത്തിന്‌ ഇല്ലല്ലോ.
എന്നിട്ടും അവര്‍ സന്തോഷാധിക്യത്താല്‍ അവിശ്വസിക്കുകയും അദ്‌ഭുതപ്പെടുകയും ചെയ്‌തപ്പോള്‍ അവന്‍ അവരോടുചോദിച്ചു: ഇവിടെ ഭക്‌ഷിക്കാന്‍ എന്തെങ്കിലുമുണ്ടോ?
ഒരു കഷണം വറുത്ത മീന്‍ അവര്‍ അവനു കൊടുത്തു.
അവന്‍ അതെടുത്ത്‌ അവരുടെ മുമ്പില്‍വച്ചു ഭക്‌ഷിച്ചു.
ലൂക്കാ 24 : 36-43
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
*വചന വിചിന്തനം*

ഈശോ അവരുടെ മധ്യേ പ്രത്യക്ഷനായി അവരോട് അരുളിച്ചെയ്തു നിങ്ങൾക്ക് സമാധാനം.അവർ ഭയം കൊണ്ട് വിറച്ചു. ഭൂതത്തെയാണ് കാണുന്നതെന്ന് അവർ വിചാരിച്ചു. അവൻ അവരോട് ചോദിച്ചു നിങ്ങൾ അസ്വസ്തരാകുന്നത് എന്തിന്? (ലൂക്ക 24:36-43)
ഈശോ സമാധാനം ആശംസിക്കുമ്പോൾ പോലും ശിഷ്യരുടെ ഉള്ളിൽ ഭീതിയാണ്. അവരുടെ സംശയങ്ങൾ തീർത്ത് അവരോടൊപ്പം ഭക്ഷിക്കുന്ന ഈശോ നമ്മോടും പറയുന്നത് ഭയപ്പെടേണ്ട എന്ന് തന്നെയാണ്. ഈശോയുടെ സമാധാനം നമ്മുടെ ഉള്ളിൽ നിറയട്ടെ.

കാരണം ഉത്ഥിതനായ ഈശോയ്ക്ക് തൻ്റെ പ്രത്യക്ഷപ്പെടലുകളിലെല്ലാം നല്കാനുള്ളത് സമാധാനമാണ്. പരിശുദ്ധ കർബാനയിൽ നാം അനേകം തവണ ഈ സമാധാനത്തെ സ്വീകരിക്കുന്നുണ്ടല്ലോ. ഈശോ തന്നെയാണ് ഈ സമാധാനമെങ്കിൽ സമാധാന വാഹകരായി നമുക്കും മാറാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*