*വാർത്തകൾ*
🗞🏵 *ഒടുവിൽ നിവൃത്തിയില്ലാതെ ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീൽ മന്ത്രി സ്ഥാനം രാജിവച്ചു.* ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. രാജി ഗവർണർ സ്വീകരിച്ചു. ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി..
🗞🏵 *രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ വിദേശ വാക്സിനുകള്‍ക്കും അടിയന്തര അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.* ലോകാരോഗ്യ സംഘടന അനുമതി നല്കിയ എല്ലാ വാക്സിനുകൾക്കും അനുമതി നൽകാനാണ് തീരുമാനം. അഞ്ച് വാക്സിനുകള്‍ക്ക് കൂടി ഉടന്‍ അംഗീകാരം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. വാക്സിനേഷൻ വേഗത്തിലാക്കുന്നതിനും കൂടുതല്‍ പേരില്‍ എത്തിക്കുന്നതിനും വേണ്ടിയാണിത്.
🗞🏵 *സ്വർണക്കള്ളക്കടത്ത് കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ തമ്മിൽ തർക്കം.* എൻഐഎ കേസിൻ്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് എൻഫോഴ്സ്മെൻ്റ് ആവശ്യപ്പെട്ടു. എന്നാൽ അത് നടക്കില്ലെന്നാണ് എൻഐഎയുടെ നിലപാട്. ഇക്കാര്യമുന്നയിച്ച് കൊച്ചിയിലെ എൻഐഎ കോടതിയിലാണ് ഇഡി അപേക്ഷ നൽകിയത്.
🗞🏵 *സംസ്ഥാനത്ത് 7515 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.* എറണാകുളം 1162, കോഴിക്കോട് 867, തൃശൂർ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂർ 503, ആലപ്പുഴ 456, കൊല്ലം 448, കാസർകോട് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *കെ.ടി ജലീലിന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിയോടെ ഒഴിവായത് സി.പി.എമ്മില്‍ അഭ്യന്തര ഭിന്നത രൂപപ്പെടുന്നതിനുള്ള സാഹചര്യം.* ലോകായുക്താ വിധി വന്നതോടെ തന്നെ ജലീലിനെ സംരക്ഷിക്കുന്നതില്‍ രണ്ട് അഭിപ്രായം ശക്തമായി. ഈ ഭിന്നത ആളിക്കത്താനുള്ള സാധ്യത കൂടിയാണ് ജലീലിന്റെ രാജിയോടെ സി.പി.എം ഒഴിവാക്കിയത്. ലോകായുക്ത വിധിയില്‍ എ.കെ.ബാലന്‍ അദ്ദേഹത്തെ പിന്തുണച്ചു രംഗത്ത് വന്നെങ്കിലും സിപിഎമ്മിന്റേതായി ഒരു പരസ്യ പിന്തുണ ജലീലിന് ലഭിച്ചിരുന്നില്ല.
🗞🏵 *പുനലൂരിൽ മകൻ ബൈക്ക് പാർക്ക് ചെയ്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വീട്ടിലെത്തി ആക്രമണം നടത്തിയ ഒൻപതംഗസംഘത്തിന്റെ മർദ്ദനമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം.* ഭാര്യയ്ക്കും മകനും ആക്രമണത്തിൽ മർദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ടാപ്പിങ് തൊഴിലാളിയായ പുനലൂർ കല്ലാർ പന്ത്രണ്ട് ഏക്കർ തടത്തിൽ വീട്ടിൽ സുരേഷ് ബാബു (56) ആണു കൊല്ലപ്പെട്ടത്. ഭാര്യ ലത, മകൻ സുർജിത് എന്നിവർക്കാണു മർദ്ദനമേറ്റിരിക്കുന്നത്
🗞🏵 *പാനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ.* പുല്ലൂക്കര സ്വദേശി ബിജേഷിനെയാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലും ഇയാൾ ഉൾപ്പെട്ടിരുന്നു.
🗞🏵 *വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകളുടെ വിശദാംശങ്ങൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയ്ക്കാണ് രമേശ് ചെന്നിത്തല കത്ത് നൽകിയത്.
🗞🏵 *മുസ്ലിം സ്ത്രീകളുടെ വിവാഹ മോചനത്തില്‍ നിര്‍ണ്ണായക വിധിയുമായി കേരള ഹൈക്കോടതി.* മുസ്ലിം സ്ത്രീകള്‍ക്ക് ജുഡീഷ്യല്‍ നടപടി ക്രമങ്ങളിലൂടെയല്ലാതെയും വിവാഹ മോചനത്തിന് അവകാശമുണ്ടെന്നാണ് തിങ്കളാഴ്ച ഹൈക്കോടതി വിധിച്ചത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. 49 കീഴ്‌വഴക്കം റദ്ദാക്കുന്നതാണ് ഹൈക്കോടതിയുടെ വിധി.
🗞🏵 *നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി.* കോവിഡ് വൈറസ് ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. കോവിഡിനെ തുടർന്ന് അദ്ദേഹത്തിന് ബ്രോങ്കോ ന്യുമോണിയയും ബാധിച്ചിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ കാര്യമായ മാറ്റമുണ്ടെന്നും ബുധനാഴ്ച്ച അദ്ദേഹത്തെ മുറിയിലേക്ക് മാറ്റാനാവുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് അദ്ദേഹത്തിന്റെ ചികിത്സ നടത്തുന്നത്.
🗞🏵 *അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം.* അട്ടപ്പാടി വെന്തവട്ടി ഊരിലെ പൊന്നി – രാമസ്വാമി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചിരിക്കുന്നത്. മൂന്ന് ദിവസം മാത്രം പ്രായമായ ആൺ കുഞ്ഞാണ് മരിച്ചിരിക്കുന്നത്.മരണ കാരണം വ്യക്തമല്ല. കുഞ്ഞിനു തൂക്കക്കുറവോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. അതിനാൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി അധികൃതർ പറഞ്ഞു.
🗞🏵 *ലണ്ടനിലെ ഹാരി രാജകുമാരനെതിരെ പഞ്ചാബ് സ്വദേശിനിയായ അഭിഭാഷകയുടെ പരാതി.* പൽവിന്ദർ കൗർ എന്ന അഭിഭാഷകയെ വിവാഹ വാഗ്ദാനം നൽകി രാജകുമാരൻ വഞ്ചിച്ചു എന്നാണാരോപണം. തെളിവിലേക്കായി ഹാരി രാജകുമാരനുമായി അവർ നടത്തിയെന്ന് അവകാശപ്പെടുന്ന സംഭാഷണങ്ങൾ അടങ്ങിയ ചില ഇ-മെയിലുകളും കോടതിയിൽ ഹാജരാക്കി.
🗞🏵 *വെള്ളക്കര വർധന പ്രാബല്യത്തിൽ.* നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചതാണ് വർധിച്ച വെള്ളക്കരം. ഏപ്രിൽ ഒന്ന് മുതലുള്ള അടിസ്ഥാന കുടിവെള്ള നിരക്കിൽ അഞ്ചു ശതമാനം വർധന ജല അതോറിറ്റി നടപ്പാക്കും.ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് കുറഞ്ഞ നിരക്ക് 4 രൂപ എന്നത് 4 രൂപ 20 പൈസയാകും. പ്രതിമാനം 10000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് എട്ട് സ്ലാബ് അടിസ്ഥാനമാക്കി ബില്ലിൽ അഞ്ചു ശതമാനം ഉയരും.
🗞🏵 *സ്വര്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്സ്‌മെന്റ് സംഘം ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്.* സ്വപ്നയെ ചോദ്യം ചെയ്യുന്നതിനായി അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു.എന്നാൽ ക്രൈംബ്രാഞ്ചിന്റെ നീക്കത്തെ ഇ.ഡി കോടതിയിൽ എതിർത്തു. പുറത്ത് വന്ന ശബ്ദരേഖ സ്വപ്നയുടേത് തന്നെയാണോ എന്ന് ഉറപ്പുവരുത്തണമെന്ന് ക്രൈം ബ്രാഞ്ച് ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
🗞🏵 *അടുത്ത അധ്യയന വർഷം സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം.* നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ ജൂണിൽ സ്കൂളുകൾ തുറക്കാൻ സാധ്യത ഇല്ലെന്നും കോവിഡ് വ്യാപനം കുറഞ്ഞാൽ സ്കൂളുകൾ തുറക്കുന്നതിൽ തടസ്സം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
🗞🏵 *രാജിക്കാര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാത്തതിൽ ന്യായീകരണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ.* ആരോഗ്യാവസ്ഥ നല്ലതല്ലാത്തതിനാൽ രാജിക്കാര്യം സംബന്ധിച്ചുള്ള തന്റെ പ്രതികരണം ചോദിക്കരുതെന്ന് മാദ്ധ്യമങ്ങളോട് ജലീൽ അഭ്യർത്ഥിച്ചു. കഴുത്തിൽ കെട്ടിക്കിടന്ന ഫാറ്റ് നീക്കാനുള്ള ശസ്ത്രക്രിയ അടുത്തിടെയാണ് കഴിഞ്ഞതെന്നും മുഖത്ത് നീർക്കെട്ടുണ്ടെന്നും ജലീൽ പറഞ്ഞു. അതിനാലാണ് ഫേസ്ബുക്ക് വഴി താൻ രാജിവയ്ക്കുന്ന കാര്യം അറിയിച്ചതെന്നും ജലീൽ കൂട്ടിച്ചേർത്തു.
🗞🏵 *കേരളത്തില്‍ ഇറച്ചിക്കോഴിയുടെ വില ഇനിയും ഉയരും.* വില 150 കടക്കാനും സാദ്ധ്യതയുണ്ട്. ഈ അടുത്ത കാലത്തൊന്നും ഇറച്ചിക്കോഴിക്ക് ഇത്ര വില വര്‍ദ്ധിച്ചിട്ടില്ല. കേരളത്തിലേക്ക് കൂടുതലും ഇറച്ചിക്കോഴി എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടായ നഷ്ടം നികത്താനായി തമിഴ്നാട്ടിലെ ഫാം ഉടമകള്‍ ഇറച്ചിക്കോഴിക്ക് വില കൂട്ടിയതാണ് കേരളത്തിലും വില ഉയരാന്‍ പ്രധാന കാരണം
🗞🏵 *മലപ്പുറത്ത് കോവിഡ് നിയന്ത്രണങ്ങളുടെ പരസ്യമായ ലംഘനം.* ന്യൂജെൻ ബൈക്ക് ഉപകരണങ്ങളുടെ കട ഉദ്ഘാടനത്തിനോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബൈക്ക് റേസിംഗ് നടത്തി. ആയിരക്കണക്കിന് പേർ ഒത്തുകൂടിയ റേസിംഗ് തടയാൻ ശ്രമിച്ച പോലീസിനു നേരെ ആക്രമണം ഉണ്ടായി. ഇതോടെ ഉദ്ഘാടനം കഴിഞ്ഞതിനു പിന്നാലെ കടയ്ക്ക് പൂട്ടുവീഴുകയും ചെയ്തു.
🗞🏵 *കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന് കത്തയച്ചു.* സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
🗞🏵 *രണ്ടു തവണ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ബി.1.617 കൂടുതൽ അപകടകാരിയാകുന്നു.* ഇ-484ക്യു,എല്‍-452 ആര്‍. എന്നീ സങ്കര വകഭേദങ്ങളോടെയുള്ള ബി.1.617 ഇന്ത്യയില്‍ എത്ര സംസ്‌ഥാനങ്ങളിലുണ്ട് എന്നുപോലും ഇതുവരെ വ്യക്‌തമല്ല. കോവിഡ് വന്‍തോതില്‍ പിടിമുറുക്കിയ മഹാരാഷ്‌ട്ര, ഡല്‍ഹി, പഞ്ചാബ് എന്നിവയടക്കം അഞ്ച് സംസ്‌ഥാനങ്ങളില്‍ ബി.1.617 നേരത്തെ തന്നെ സ്‌ഥിരീകരിച്ചിരുന്നു
🗞🏵 *4.8 കോടി രൂപയുടെ കറന്‍സി നോട്ടുകൾ പിടിച്ചെടുത്തു.* തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കലയാര്‍കോയില്‍ പ്രദേശത്ത് നിന്ന് നിരോധിച്ച 4.8 കോടി രൂപയുടെ കറന്‍സി നോട്ടുകളാണ് പോലിസ് പിടിച്ചെടുത്തത്.
🗞🏵 *കപ്പല്‍ ബോട്ടിലിടിച്ച് മീന്‍ പിടിക്കാന്‍ പോയ 9 പേരെ കാണാതായി. 3 പേര്‍ മരിച്ചു.* ബേപ്പൂരില്‍ മീന്‍ പിടിക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മംഗലാപുരം തീരത്താണ് അപകടം ഉണ്ടായത്. രണ്ട് പേര്‍ മരിച്ചതായി മംഗലാപുരം കോസ്റ്റല്‍ പോലീസ് അറിയിച്ചു. ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തി വരികയാണ്.
🗞🏵 *എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.ഐശ്വര്യത്തിൻ്റേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. പ്രതിസന്ധിയുടെ നാളുകൾ മറികടന്ന് മുന്നോട്ടു പോകാൻ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ദിനം. കോവിഡ് മഹാമാരി ശക്തമായി നിലനിൽക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്. ആഘോഷങ്ങൾക്കും കൂട്ടിച്ചേരലുകൾക്കും അതുണ്ടാക്കുന്ന പരിമിതികളുണ്ട്. രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങൾ എല്ലാവരും ഒഴിവാക്കണം”,അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
🗞🏵 *രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും രാത്രി കര്‍ഫ്യൂവും ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങളും നടപ്പിലാക്കാൻ ഒരുങ്ങുകയാണ്.* എന്നാല്‍, കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ആയിരക്കണക്കിന് ഭക്തര്‍ കുംഭമേളയ്ക്കായി ഒത്തു കൂടി. മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ നിരവധി ഭക്തരാണ് ഹരിദ്വാറില്‍ ഒത്തു കൂടിയത്.
🗞🏵 *ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പിഡിപി നേതാവ് മെഹബൂബ മുഫ്തി.* ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അവഗണന മാത്രമാണ് നേരിടേണ്ടിവരുന്നതെന്നും മെഹബൂബ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370, 35 എ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്ബോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ ക്ഷുഭിതരാവുകയാണ്. ഇക്കാര്യം പാകിസ്ഥാനോട് ആവശ്യപ്പെടണോയെന്നും മെഹബൂബ മുഫ്തി ചോദിച്ചു.
🗞🏵 *മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ അപകടകരമാകുംവിധം വർധിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.* വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *വടക്കേ അമേരിക്കയിലെ കരീബിയൻ രാജ്യമായ ഹെയ്ത്തിയിൽ അഞ്ചു വൈദികരെയും രണ്ടു കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടുപോയി.* പ്രമുഖ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടു പോയവരില്‍ ഒരു വൈദികനും കന്യാസ്ത്രീയും ഫ്രാൻസിൽ നിന്നുള്ള മിഷ്ണറിമാരാണ്. ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിന് വടക്കു കിഴക്ക് സ്ഥിതിചെയ്യുന്ന ‘ക്രോയിക്‌സ് ഡെസ്‌ബൊക്കെറ്റ്’ മുനിസിപ്പാലിറ്റിയില്‍ പുതിയ ഇടവക വികാരി ചുമതലയേൽക്കുവാനിരിക്കെ ഒരുക്കം നടക്കുന്നതിനിടെയാണ് ഒരു സംഘം ആളുകൾ ഇവരെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയവരോട് പൊരുതാന്‍ രാഷ്ട്രം നിലകൊള്ളണമെന്ന് ഹെയ്ത്തി റിലീജീയസ് (സിഎച്ച്ആർ) അസോസിയേഷന്റെ സെക്രട്ടറി ജനറൽ ഫാ. ഗിൽബർട്ട് പെൽട്രോപ്പ് റോയിട്ടേഴ്സിനോട് പറഞ്ഞു.
🗞🏵 *ബ്രിട്ടനിലെ സൗത്ത് ലണ്ടനിലെ ബല്‍ഹാമിലെ ‘ക്രൈസ്റ്റ് ദി കിംഗ്’ പോളിഷ് കത്തോലിക്ക ദേവാലയത്തില്‍ ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഖേദം പ്രകടിപ്പിച്ചു.* ഇക്കഴിഞ്ഞ ഞായറാഴ്ച യുട്യൂബിലൂടെ തത്സമയ സംപ്രേഷണം ചെയ്ത വിശുദ്ധ കുര്‍ബാന മധ്യത്തിലാണ് ഡിറ്റക്ടീവ് സൂപ്രണ്ട് ആന്‍ഡി വാഡിയും, സൂപ്രണ്ട് റോജര്‍ അര്‍ഡിറ്റിയും വിശ്വാസികളോട് ഖേദപ്രകടനം നടത്തിയത്. ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത വിശ്വാസികളില്‍ ചിലര്‍ സാമൂഹ്യ അകലം പാലിക്കാത്തതും, മാസ്ക് ധരിക്കാത്തതുമാണ് തിരുക്കര്‍മ്മങ്ങള്‍ തടയുവാന്‍ മെട്രോപ്പൊളിറ്റന്‍ പോലീസിനെ പ്രേരിപ്പിച്ചതെന്നു നേതൃത്വം പറഞ്ഞു.
🗞🏵 *നൈജീരിയയിലെ ഇമോ സംസ്ഥാനത്തു നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികൻ മോചിതനായി.* ഏപ്രിൽ 11 ന് തട്ടിക്കൊണ്ടുപോയ ഫാ. മാർസെൽ ഇസു ഒനിയോച്ചയെ ബന്ദികളാക്കിയ ആയുധധാരികള്‍ പിന്നീട് വിട്ടയയ്ക്കുകയായിരിന്നു. തെക്കൻ നൈജീരിയയിലെ ഇമോ സ്റ്റേറ്റിലെ പോലീസ് ഫാ. ഗൊൽഗോഥാ ഘടനയിലെ മദർ തെരേസ മിഷനില്‍ സേവനം ചെയ്യുന്ന ക്ലരീഷ്യൻ മിഷ്ണറിയായ മാർസെൽ ഇസു ഒനിയോച്ചയെ എനുഗുവിനും ഓവേറിക്കും ഇടയിലുള്ള റോഡിൽ നിന്നാണ് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്.
🗞🏵 *കോവിഡ് നാളുകളിൽ ബൈബിൾ വായിക്കാനും, പ്രാർത്ഥിക്കാനും മറ്റ് പ്രായക്കാരെ അപേക്ഷിച്ച് കൂടുതൽ സമയം നീക്കി വെച്ചത് യുവജനങ്ങളെന്ന് ഗവേഷണ റിപ്പോർട്ട്.* യുവർ നെയ്ബർ എന്ന സംഘടനയ്ക്ക് വേണ്ടി സാവന്ത കോംറെസാണ് ഗവേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 18-34വരെ വയസ്സുള്ളവരുടെ വിഭാഗത്തിൽ അഞ്ചിൽ രണ്ട് പേർ കോവിഡ് വ്യാപനത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ സമയം പ്രാർത്ഥനയ്ക്ക് വേണ്ടി ഇപ്പോൾ നീക്കിവെക്കുന്നുണ്ട്. മൂന്നിലൊരാൾ ബൈബിൾ വായനയ്ക്കും മുന്‍പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സമയം നീക്കിവെക്കുന്നു. 2065 ആളുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥനത്തിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
🎋🌾🎋🌾🎋🌾🎋🌾🎋🌾🎋
*ഇന്നത്തെ വചനം*
അവന്‍ ടയിര്‍പ്രദേശത്തുനിന്നു പുറപ്പെട്ട്, സീദോന്‍ കടന്ന്, ദെക്കാപ്പോളീസ് പ്രദേശത്തുകൂടെ ഗലീലിക്കടല്‍ത്തീരത്തേക്കുപോയി.
ബധിരനും സംസാരത്തിനു തടസ്‌സമുണ്ടായിരുന്നവനുമായ ഒരുവനെ അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്റെ മേല്‍ കൈകള്‍വയ്‌ക്കണമെന്ന് അവര്‍ അവനോട് അപേക്‌ഷിച്ചു.
യേശു അവനെ ജനക്കൂട്ടത്തില്‍നിന്നു മാറ്റിനിര്‍ത്തി, അവന്റെ ചെവികളില്‍ വിരലുകളിട്ടു; തുപ്പലുകൊണ്ട് അവന്റെ നാവില്‍ സ്‌പര്‍ശിച്ചു.
സ്വര്‍ഗത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് അവനോടു പറഞ്ഞു: എഫ്‌ഫാത്ത – തുറക്കപ്പെടട്ടെ എന്നര്‍ഥം.
ഉടനെ അവന്റെ ചെവികള്‍ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവന്‍ സ്‌ഫുടമായി സംസാരിച്ചു.
ഇക്കാര്യം ആരോടും പറയരുതെന്ന് അവന്‍ അവരെ വിലക്കി. എന്നാല്‍, എത്രയേറെ അവന്‍ വിലക്കിയോ അത്രയേറെ ശുഷ്‌കാന്തിയോടെ അവര്‍ അതു പ്രഘോഷിച്ചു.
അവര്‍ അളവറ്റ വിസ്‌മയത്തോടെ പറഞ്ഞു: അവന്‍ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരര്‍ക്കു ശ്രവണശക്‌തിയും ഊമര്‍ക്കു സംസാര ശക്‌തിയും നല്‍കുന്നു.
മര്‍ക്കോസ് 7 : 31-37
🎋🌾🎋🌾🎋🌾🎋🌾🎋🌾🎋
*വചന വിചിന്തനം*
സ്വർഗ്ഗത്തിലേക്ക് നോക്കി നെടുവീർപ്പെട്ടുകൊണ്ട് ഈശോ അവനോട് പറഞ്ഞു
‘ എഫാത്ത ‘ തുറക്കപ്പെട്ടട്ടെ. ഉടനെ അവൻ്റെ ചെവികൾ തുറന്നു, നാവിൻ്റെ കെട്ടഴിഞ്ഞു. അവൻ സ്പുടമായി സംസാരിച്ചു.
ഈശോയിൽ നിന്നും സൗഖ്യം നേടുന്ന അനേകം വ്യക്തികളെ സുവിശേഷം നമ്മുടെ മുമ്പിൽ പരിചയപ്പെടുത്തുന്നുണ്ട്. ഓരോരുത്തരും ഓരോ രീതിയിലാണ് സൗഖ്യം നേടുന്നത്. ഈശോയുടെ മുമ്പിൽ പ്രത്യാശയോടെ നില്ക്കുന്ന ബധിരനും മൂകനുമായ മനുഷ്യൻ. എന്നിട്ടും ഈശോയുടെ വചനങ്ങൾ അവൻ്റെ കർണപടങ്ങളിൽ പ്രതിധ്വനിക്കുന്നു.ചെ വി തുറക്കുന്നു.
ചെവി തുറന്നപ്പോൾ നാവിൻ്റെ കെട്ടും അഴിഞ്ഞു. കേൾക്കാൻ മനസാകണം ആദ്യം എന്നിട്ടാകണം പറച്ചിൽ. കേൾക്കാൻ ഇടമില്ലാതാകുന്നു, കേൾക്കാൻ ആളില്ലാതാകുന്നു എന്നത് ഈ കാലഘട്ടത്തിൻ്റെ സങ്കടമാണ്. ആരെങ്കിലും ഒക്കെ ഒന്നു കേൾക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന എത്രയോ പേർ നമുക്കു ചുറ്റും ഉണ്ട്. ആദ്യം കേൾക്കാം, പിന്നെ പറയാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*