*വാർത്തകൾ*
🗞🏵 *ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ആശുപത്രിവിട്ടു* അദ്ദേഹത്തെ വിദഗ്ദ്ധപരിശോധനയ്ക്കായി അബുദാബിയിലേക്ക് മാറ്റി. കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് നട്ടെല്ലില്‍ ക്ഷതം കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റുകയായിരുന്നു.
🗞🏵 *ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സംസ്ഥാന സർക്കാരിന് കൈമാറി.* കേസിൽ ലോകായുക്തയുടെ കണ്ടെത്തലുകളും തെളിവുകളുടെ പകർപ്പുമാണ് കൈമാറിയത്. മന്ത്രി കെ.ടി. ജലീൽ തത്‌സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും; ജലീലിനെതിരെ നടപടിയെടുക്കണമെന്നും ലോകായുക്ത നിയമപ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് നിർദേശം നൽകിയിരുന്നു.
🗞🏵 *മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ കെ.എം. ഷാജിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത അരക്കോടി രൂപ കണ്ടെടുത്തെന്ന് വിജിലൻസ്.* കണ്ണൂരിലെ വീട്ടിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം. ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഷാജിയുടെ വീടുകളിൽ തുടങ്ങിയ വിജിലൻസ് റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് മാലൂർ കുന്നിലേയും കണ്ണൂരിലേയും വീടുകളിൽ ഒരേസമയത്താണ് പരിശോധന നടത്തുന്നത്.
🗞🏵 *സംസ്ഥാനത്ത് 5692 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.* കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂർ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂർ 320, കൊല്ലം 282, കാസർകോട് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *കേരളത്തിലെ ഒഴിവുവന്ന 3 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടക്കും.* ചൊവ്വാഴ്ച മുതൽ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കും.നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 2ന് മുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
🗞🏵 *സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ കാറ്റും മഴയും.* മഴയെ തുടർന്ന് പലസ്ഥലങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസവും ഉണ്ടായി. വിവിധ മേഖലകളിൽ മരങ്ങൾ കടപുഴകി വീണു. പലയിടത്തും വൈദ്യുതി തടസം ഉണ്ടായി. മദ്ധ്യകേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പാലക്കാട് കാറ്റിനും മഴയ്ക്കുമൊപ്പം ആലിപ്പഴവീഴ്ച്ചയും ഉണ്ടായി. മലപ്പുറത്തും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. കൊച്ചിയിലും ഇടിയും മഴയും ഉണ്ടായിരുന്നു.
🗞🏵 *കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെക്ക് 10,000 സേനാംഗങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ കരസേന നടപടിയാരംഭിച്ചു.* ഡെപ്‌സങ് താഴ്‌വരയില്‍നിന്നു പിന്മാറാന്‍ ചൈനീസ് സേന തയാറാകാത്ത സാഹചര്യത്തില്‍ ചൈനയുമായുള്ള ഇന്ത്യന്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള പതിനേഴാം പര്‍വത പ്രഹര കോറിലേക്ക് 10,000 സേനാംഗങ്ങളെ കൂടി ഉള്‍പ്പെടുത്താനാണ് കരനേസനയുടെ നീക്കം.
🗞🏵 *വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് രേഖകൾ ഇല്ലാത്ത പണം പിടികൂടി.* സോഷ്യൽ ഫോറസ്ട്രി അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഇ.പ്രദീപ് കുമാറിൽ നിന്നാണ് പണം പിടികൂടിയത്. നാല് കവറിലാക്കി സൂക്ഷിച്ച 85,000 രൂപയാണ് പിടികൂടിയത്.
🗞🏵 *സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു.* പൊതുപരിപാടികളിൽ 200 പേർക്കാണ് പ്രവേശനമുള്ളത്. അടച്ചിട്ട മുറികളിലുള്ള പരിപാടികളിൽ 100 പേരെ മാത്രമെ അനുവദിക്കൂ. രണ്ട് മണിക്കൂറിൽ കൂടുതൽ പരിപാടികൾ പാടില്ല. ആർ.ടി.പി.സി.ആർ പരിശോധന വ്യാപിപ്പിക്കും.
🗞🏵 *കൊറോണയുടെ രണ്ടാം അതിവ്യാപനം രാജ്യത്ത് ഉണ്ടായതോടെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു.* കനത്ത വില്പന സമ്മർദമാണ് വിപണിയുടെ കൂപ്പ്കുത്തലിന് കാരണം. സെൻസെക്സിന് 1,707.94 പോയന്റും നിഫ്റ്റിക്ക് 524.10 പോയന്റും നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. 3.44ശതമാനം നഷ്ടത്തിൽ സെൻസെക്സ് 47,883.38ലും 3.53ശതമാനം താഴ്ന്ന് നിഫ്റ്റി 14,310.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
🗞🏵 *അമേരിക്കയിൽ കറുത്ത വർഗക്കാരനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു.* 20 കാരനായ ഡാന്റെ റൈറ്റിനെയാണ് പൊലീസ് കൊലപ്പെടുത്തിയത്. മിനെപ്പോളിസിലെ ബ്രൂക്ലിൻ സെന്ററിലെ പൊലീസ് സ്റ്റേഷന് പുറത്ത് നൂറ് കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്.
പ്രതിഷേധം ശക്തമായതോടെ കണ്ണീർ വാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് നേരിട്ടത്
🗞🏵 *എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ വീണതോടെ ഭൂമി നശിച്ചെന്ന ആരോപണവുമായി ഭൂ ഉടമ രംഗത്ത്.* നെട്ടൂർ സ്വദേശി പീറ്ററിന്റെ സ്ഥലത്താണ് ഹെലികോപ്ടർ വീണത്. പനങ്ങാട് ജനവാസകേന്ദ്രത്തിനടുത്തുള്ള ചതുപ്പ് പോലെയുള്ള പ്രദേശത്തേക്കാണ് എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ പൈലറ്റ് ഇടിച്ചിറക്കിയത്.
ഭൂമി നശിച്ചെന്നും നഷ്ടപരിഹാരമായി രണ്ടു കോടി രൂപ വേണമെന്നുമാണ് ഉടമ ആവശ്യപ്പെടുന്നത്. എം എ യൂസഫലിയുമായി ബന്ധപ്പെട്ട വ്യക്തിയെ ഫോണിൽ വിളിച്ചാണ് പീറ്റർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
🗞🏵 *അനധികൃതമായി ആധാർ കാർഡ് നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ.* ആസാമിലെ ദിബ്രുഗഡിലാണ് സംഭവം. മൂന്ന് പേരെ പോലീസ് പിടികൂടി. ദിപെൻ ഡോളി, ബിതുപൻ ഡിയോറി, അയ്ബി ഡിയോറി എന്നിവരാണ് അറസ്റ്റിലായത്. ലക്കിംപുർ സ്വദേശികളാണ് ഇവർ മൂന്നുപേരും.
🗞🏵 *ഛത്തീസ്ഗഡില്‍ വീണ്ടും കമ്യൂണിസ്റ്റ് ഭീകരാക്രമണം.* ജലശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി എത്തിച്ച വാഹനങ്ങള്‍ക്ക് മാവോയിസ്റ്റ് ഭീകരര്‍ തീയിട്ടു. ബിജാപൂര്‍ ജില്ലയില്‍ വൈകീട്ടോടെയായിരുന്നു സംഭവം. മിംഗാചല്‍ നദിയുടെ തീരത്താണ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വൈകീട്ടോടെ വാഹനങ്ങളിലായി എത്തിയ മാവോയിസ്റ്റ് സംഘം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് തൊഴിലാളികളോട് മടങ്ങിപ്പോകാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ പോകില്ലെന്ന് അറിയിച്ചതോടെ മാവോയിസ്റ്റുകള്‍ തൊഴിലാളികള കയ്യേറ്റം ചെയ്തു. ഇതിന് പിന്നാലെയാണ് വാഹനങ്ങള്‍ക്ക് തീയിട്ടത്.
🗞🏵 *സി ബി എസ് ഇ 10 ,12 പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്തിയേക്കും* .കോവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വ്യാപക ആരോപണം ഉയര്‍ന്നിരുന്നു .നേരത്തെ സി ബി എസ് ഇ പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് ഓഫ്‌ലൈനായി നടത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
🗞🏵 *അംബാനിയുടെ വസതിക്ക് സമീപം ബോംബുവെച്ചതിനും മന്‍സുഖ് ഹിരേന്‍ വധക്കേസുകളിലും ക്രൈം ഇന്റലിജന്‍സ് യൂനിറ്റില്‍ (സി.െഎ.യു) സചിന് വാസെയുടെ കൂട്ടാളിയായ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ റിയാസ് ഖാസിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐ.എ) അറസ്റ്റ് ചെയ്തു.* റിയാസിനെ ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്ചെയ്തത്.
🗞🏵 *ബെംഗളൂരു സ്ഫോടനക്കേസിലെ മുഖ്യ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കര്‍ണാടക സര്‍ക്കാരിന്റെ സത്യവാംങ്മൂലം.* കേരളത്തിലേക്ക് പോകാന്‍ മദനിയെ അനുവദിക്കരുതെന്നും അവിടെ ചെന്നാല്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നാണ് കര്‍ണാടക സർക്കാരിന്റെ വാദം. മദനിയെ സ്വതന്ത്രമാക്കിയാല്‍ വീണ്ടും ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും മറ്റ് നിരവധി കേസുകള്‍ മദനിക്കെതിരെയുണ്ടെന്നും സത്യവാംങ്മൂലത്തില്‍ പറയുന്നുണ്ട്.
🗞🏵 *സുപ്രീം കോടതിയിൽ 50 ശതമാനത്തിലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.* കോടതി ജീവനക്കാരിൽ പലരും നിരീക്ഷണത്തിലാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
🗞🏵 *രാജ്യത്ത് കൊവിഡ് വ്യാപിക്കുകയാണ്. നിലവിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത്. കൊറോണ ബാധിതരുടെ പ്രതിദിന എണ്ണം വർദ്ധിക്കുന്നതോടെ ആശുപത്രികളിൽ സൗകര്യവും കുറഞ്ഞുവരുന്നു.* രോഗികൾക്ക് കിടക്കാൻ കിടക്കകളില്ലാത്തതിനാൽ കസേരകളിൽ ഇരുത്തിയാണ് കൊവിഡ് ബാധിതർക്ക് വരെ ഓക്സിജൻ നൽകുന്നത്. മഹാരാഷ്ട്രയിലെ ഉസ്മനാബാദിലെ ആശുപത്രിയിലാണ് സംഭവം.
🗞🏵 *ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ സൈനികരുടെ വെടിയേറ്റ് മരിച്ച നാലു പേര്‍ കേരളത്തില്‍ ജോലി ചെയ്തിരുന്നവര്‍.* വോട്ട് ചെയ്യാന്‍ വേണ്ടി നാട്ടിലേക്ക് തിരിച്ച നാലു പേരാണ് കൊല്ലപ്പെട്ടത്. കൂച്ച്‌ബിഹാര്‍ ജില്ലയിലെ ശീതള്‍കുചി മണ്ഡലത്തിലെ 126ാം ബൂത്തിലാണ് സൈന്യം വെടിവയ്പ്പ് നടത്തിയത്. തൃണമൂല്‍ സംഘത്തിന്റെ ബൂത്ത് പിടിത്തത്തിനിടെയുള്ള സംഘര്‍ഷത്തിനിടെ ആത്മരക്ഷാര്‍ഥമാണ് വെടിവച്ചതെന്ന് സൈന്യം അറിയിച്ചു. ഹമീമുല്‍ മിയ, സമീഉല്‍ ഹഖ്, മനീറുസ്സമാന്‍, നൂര്‍ ആലം ഹുസൈന്‍ എന്നിവരാണ് വെടിയേറ്റ് മരിച്ചത്.
🗞🏵 *ഉപയോഗിച്ച മാസ്‌ക്കുകള്‍ കുത്തിനിറച്ച് കിടക്ക നിര്‍മ്മിച്ച ഫാക്ടറി പൂട്ടിച്ചു.* മഹാരാഷ്ട്രയിൽ ജാല്‍ഗാവ് ജില്ലയിലാണ് സംഭവം. ഫാക്ടറിയുടെ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ഞി ഉള്‍പ്പെടെ സാധാരണയായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്ക് പകരം ഉപയോഗിച്ച മാസ്‌ക്കുകള്‍ കുത്തിനിറച്ചാണ് കിടക്കകള്‍ നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
🗞🏵 *രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.* കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,35,27,717 ആയി ഉയർന്നിരിക്കുന്നു. തുടർച്ചയായി ആറാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷത്തിന് മുകളിൽ എത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 904 മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 1,70,179 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. 1,21,56,529 പേരാണ് ഇതുവരെ രോഗമുക്തി നേടിയിരിക്കുന്നു.
🗞🏵 *ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റഷ്യയുടെ സ്പുട്‌നിക് V വാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി.* ഡ്രഗ്‌സ് കൺട്രോളറിന് കീഴിലുള്ള വിദഗ്ധ സമിതി ഇന്ന് ചേർന്ന യോഗത്തിലാണ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്. ഇതോടെ രാജ്യത്ത് അനുമതി ലഭിക്കുന്ന വാക്‌സിനുകളുടെ എണ്ണം മൂന്നായി.
🗞🏵 *ചൈനയുടെ ഭാവിയിലെ ഏതു നീക്കവും ഫലപ്രദമായി നേരിടാന്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ.* ലഡാക്കില്‍ മുമ്പ് നിലനിര്‍ത്തിയിരുന്ന 3-ാം ഡിവിഷന്‍ ബറ്റാലിയന് പുറമേ കൂടുതല്‍ സൈനികരെ എത്തിച്ചിരിക്കുകയാണ്. യഥാര്‍ത്ഥ നിയന്ത്രണ രേഖ കാക്കുന്ന സൈനിക നിരയാണ് മൂന്നാം ഡിവിഷന്‍.
🗞🏵 *പൗരത്വ നിയമം നടപ്പായാൽ ഗൂർഖ വിഭാഗത്തിലെ ഒരാൾ പോലും ഇന്ത്യ വിടേണ്ടിവരില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ.* പശ്ചിമബംഗാളിലെ കലിംപോംഗ് മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *ഒഡീഷയില്‍ മന്ത്രവാദം ആരോപിച്ച് 75കാരനെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു*. ദിമ്രിപങ്കല്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ധര്‍മ്മ നായിക്ക് എന്നയാളാണ് നാട്ടുകാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. തന്റെ രണ്ടു കുട്ടികളുടെ മരണത്തിന് ഉത്തരവാദി ധര്‍മ്മ നായിക്കാണെന്ന് സംശയിക്കുന്നതായി അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ പൊലീസിനോട് പറഞ്ഞു. ഈ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചിരിക്കുന്നത്.
🗞🏵 *തൃശ്ശൂര്‍ പൂരം നടത്തിപ്പിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.* പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റിവയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ഇത്തരം ആഘോഷങ്ങളില്‍ പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.
🗞🏵 * തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുമെന്നുള്ളതുകൊണ്ട് ഖുറാനിലെ ചില സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതുതാത്പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.* ഹര്‍ജി ബാലിശമാണെന്ന് വിമര്‍ശിച്ച സുപ്രീംകോടതി ഹര്‍ജിക്കാരന് നിന്ന് 50,000 രൂപ പിഴയും ചുമത്തി. യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സെയ്ദ് വസീം റിസ്വിയാണ് ഖുറാനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
🗞🏵 *കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി വ്യോമയാന മന്ത്രാലയം.* രണ്ട് മണിക്കൂർ വരെ ദൈർഘ്യമുളള ആഭ്യന്തര വിമാനയാത്രകളിൽ ഇനി വിമാനത്തിനുളളിൽ യാത്രക്കാർക്ക് ഭക്ഷണം നൽകില്ല.മുൻകൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണം ഡിസ്‌പോസിബിൾ പ്ലേറ്റുകളിൽ വിതരണം ചെയ്യാം. ഓരോ തവണയും ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുമ്പോഴും ജീവനക്കാർ പുതിയ ഗ്ലൗസുകൾ ഉൾപ്പെടെ ധരിക്കണം. വ്യാഴാഴ്ച മുതൽ പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും.
🗞🏵 *ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട തുടർന്ന് സുരക്ഷാ സേന.* തലയ്ക്ക് 1 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റിനെ സേന ഏറ്റുമുട്ടലിൽ വധിച്ചു. ദന്തേവാഡയിൽ ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.ഗാദം, ജുഗംപാൽ എന്നീ ഗ്രാമങ്ങൾക്കിടയിലുള്ള വനമേഖലയിലെ കതേകല്യാൺ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി ഡിസ്ട്രിക്ട് റിസർവ് ഗാർഡ് നടത്തിയ പരിശോധനയ്ക്കിടെ വെടിവെയ്പ്പുണ്ടാകുകയായിരുന്നു. വെട്ടി ഹംഗ എന്ന മാവോവാദിയെയാണ് സേന വധിച്ചത്
🗞🏵 *സുനന്ദ പുഷ്കറിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി.* ഇതേത്തുടർന്ന് കേസ് കോടതി ഉത്തരവിനായി മാറ്റി.ദില്ലി പട്യാല ഹൗസ് കോടതി ഈമാസം 29ന് ഉത്തരവ് പറയും. സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ യാതൊരു തെളിവും ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നും, പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ശശിതരൂര്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.
🗞🏵 *മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ചു.* സുനിൽ അറോറ വിരമിക്കുന്ന ഒഴിവിലേക്കാണ് സുശീൽ ചന്ദ്രയെ നിയമിച്ചത്. 2021 ഏപ്രിൽ 30 നാണ് സുനിൽ അറോറ വിരമിക്കുന്നത്. ചൊവ്വാഴ്ച്ച സുശീൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കും.
🗞🏵 *യേശുവിലുള്ള വിശ്വാസം ജീവിതത്തില്‍ പ്രധാനപ്പെട്ടതായി കൊണ്ടുനടന്ന വ്യക്തിയായിരിന്നു അന്തരിച്ച ഫിലിപ്പ് രാജകുമാരനെന്ന് ആംഗ്ലിക്കന്‍ ബിഷപ്പുമാര്‍.* ക്രിസ്തീയ സേവനത്തിന്റെ മാതൃകയായിട്ടാണ് കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി പുറത്തുവിട്ട അനുശോചന പ്രസ്താവനയില്‍ ഫിലിപ്പ് രാജകുമാരനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ സമര്‍പ്പിത സേവനത്തിനും, അസാധാരണ ജീവിതത്തിനും ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നുവെന്നും ഏതാണ്ട് 73 വര്‍ഷങ്ങളോളം ഫിലിപ്പ് രാജകുമാരന്‍ തന്റെ പിന്തുണയും, വിശ്വസ്തതയും രാജ്ഞിക്ക് നല്‍കിയെന്നും ആര്‍ച്ച് ബിഷപ്പ് സ്മരിച്ചു.
🗞🏵 *മധ്യാഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കിഴക്കന്‍ മേഖലയിലെ അക്രമങ്ങളിലും, കൊലപാതകങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് കോംഗോയിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ പ്രസ്താവന.* രക്തച്ചൊരിച്ചിലിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട മെത്രാന്‍മാര്‍ യുദ്ധം എല്ലാ കഷ്ടതകളുടേയും മാതാവാണെന്നും, സമൂഹത്തേയും, കുഞ്ഞുങ്ങളുടെ ഭാവിയേയും ബാധിക്കുന്നതാണെന്നും നരഹത്യയും നിര്‍ബന്ധിത മതപരിവര്‍ത്തനവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. “ആയുധമെടുത്ത എല്ലാവരോടുമായി ഞങ്ങള്‍ പറയുന്നു; ‘നിങ്ങളുടെ സഹോദരന്‍മാരെ കൊല്ലുന്നത് അവസാനിപ്പിക്കൂ” ഏപ്രില്‍ 8ന് നാഷണല്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് കോംഗോ (സി.ഇഎന്‍.സി.ഒ) യുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
🥕🥕🥕🥕🥕🥕🥕🥕🥕🥕🥕
*ഇന്നത്തെ വചനം*
എന്നിട്ടും നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിന് എന്റെ അടുത്തേക്കുവരാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നു.
മനുഷ്യരില്‍നിന്നു ഞാന്‍ മഹത്വം സ്വീകരിക്കുന്നില്ല.
എനിക്കു നിങ്ങളെ അറിയാം. നിങ്ങളില്‍ ദൈവസ്‌നേഹമില്ല.
ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍, മറ്റൊരുവന്‍ സ്വന്തം നാമത്തില്‍ വന്നാല്‍ നിങ്ങള്‍ അവനെ സ്വീകരിക്കും.
പരസ്‌പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും?
പിതാവിന്റെ സന്നിധിയില്‍ ഞാനായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുന്നത് എന്നു നിങ്ങള്‍ വിചാരിക്കേണ്ടാ. നിങ്ങള്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നമോശയായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുക.
നിങ്ങള്‍ മോശയെ വിശ്വസിച്ചിരുന്നെങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു. കാരണം, എന്നെക്കുറിച്ച് അവന്‍ എഴുതിയിരിക്കുന്നു.
യോഹന്നാന്‍ 5 : 40-46
🥕🥕🥕🥕🥕🥕🥕🥕🥕🥕🥕
*വചന വിചിന്തനം*
പരസ്പരം മഹത്വം സ്വീകരിക്കുകയും ഏക ദൈവത്തിൽ നിന്ന് വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും.(യോഹ 5:41 – 47 )
വിശ്വാസത്തിൽ ആഴപ്പെടാൻ ദൈവത്തെ മഹത്വപ്പെടുത്തൽ അനിവാര്യതയാണെന്ന് ഈശോ പറഞ്ഞു വയ്ക്കുകയാണ്. വിശ്വാസം ജനിക്കുന്നതും വളരുന്നതും ആരാധനയിലാണ്.
എവിടെ ദൈവം മഹത്വപ്പെടുന്നുവോ അവിടെ ദൈവാനുഗ്രഹം നിറഞ്ഞു നിൽക്കും.
ദൈവത്തെ മഹത്വപ്പെടുത്താൻ, ആരാധിക്കാൻ മനുഷ്യൻ മറക്കുമ്പോൾ ദൈവാനുഗ്രഹത്തോടു നോ പറയുന്നവരായി നാം മാറുന്നു. എന്നാൽ ദൈവാരാധനയ്ക്കായ്, ദൈവമഹത്വത്തി തായ് നാം ഒന്നുചേരുമ്പോൾ ദൈവാനുഗഹത്തോടു നാം യേസ് പറയുന്നവരായി മാറുന്നു. എല്ലാ മഹത്വവും ദൈവത്തിന്, എല്ലാ ആരാധനയും ദൈവത്തിന്. ദൈവത്തിന് മഹത്വo കൊടുത്തുകൊണ്ട് നമുക്കും ദൈവാനുഗ്രഹീതരാകാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*