രാജ്യത്ത് കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, കർണാടക, ഡെൽഹി, കേരളം, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്.
രാജ്യത്തെ പ്രതിദിന രോഗബാധയുടെ 83.02 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,68,912 പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. ഇതോടെ ഇന്ത്യയിലെ സജീവ കൊറോണ രോഗികളുടെ എണ്ണം 12,01,009 ആയി ഉയർന്നു.
ഇന്ത്യയിൽ 1.2 കോടിയാണ് ഇതുവരെയുള്ള രോഗമുക്തർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,086 പേരും രോഗമുക്തി നേടി. സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും ഉയർന്ന രോഗബാധ. 63,294 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. യുപിയിൽ 15,276, ഡൽഹി 10,774 എന്നിങ്ങനെയാണ് കൊറോണ കണക്കുകൾ .
മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ ആകെ കൊറോണ ബാധിതരിൽ 70.16 ശതമാനവുമുള്ളത്. മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം ഇന്ത്യയിൽ ആകെയുള്ളതിന്റെ 47.22 ശതമാനമാണ്.