*വാർത്തകൾ*
🗞🏵 *മന്ത്രി കെ.ടി ജലീൽ തന്റെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാൻ ആവശ്യപ്പെട്ട് നൽകിയ കത്ത് പുറത്ത്.* മന്ത്രിയുടെ കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ നിയമനത്തിനുള്ള യോഗ്യതയിൽ മാറ്റം വരുത്താനാണ് കത്ത് നൽകിയത്. ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് ഈ തസ്തിക മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു.
മന്ത്രിയായി ചുമതലയേറ്റ് ഏതാണ്ട് രണ്ട് മാസമായപ്പോഴാണ് ഇത്തരത്തിൽ കത്ത് നൽകിയത്.
🗞🏵 *രാജ്യത്ത് കൊറോണ വൈറസ് കേസുകൾ വർധിക്കുന്നതിനിടെ വാക്സിൻ ക്ഷാമം അനുഭവപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രിമാർ.* രണ്ടാം വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ആവശ്യത്തിന് വാക്സിൻ കിട്ടാതെ പല സംസ്ഥാനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്
🗞🏵 *വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവ് സനു മോഹനായി തമിഴ്നാട്ടില്‍ തെരച്ചില്‍ തുടരുന്ന അന്വോഷണ സംഘത്തിന്റെ പരിശോധന വിമാനത്താവങ്ങളിലേക്കും വ്യാപിപ്പിച്ചു.* കള്ളപാസ്പോര്‍ട്ട് ഉപയോഗിച്ച് സനു വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലടക്കം അന്വേഷണ സംഘത്തിന്റെ പ്രത്യേക നിരീക്ഷണം ആരംഭിച്ചു.
🗞🏵 *ഇന്തോനേഷ്യൻ തീരത്ത് വൻ ഭൂചലനം.* റിക്ടർ സ്‌കെയിലിൽ 6.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് പ്രദേശത്തുണ്ടായത്. ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലായിരുന്നു ഭൂകമ്പം. എന്നാൽ സുനാമി മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈസ്റ്റ് ജാവയിലെ മലംഗ് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ മാറിയാണ് ഭുകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ലക്ഷക്കണക്കിന് ആളുകൾ തിങ്ങിപാർക്കുന്ന സ്ഥലമാണ് മലംഗ് സിറ്റി.
🗞🏵 **മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പത്തുകോടി രൂപ തിരിച്ചടക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ ഗുരുവായൂർ ദേവസ്വം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു.* മുതിർന്ന അഭിഭാഷകൻ ചെന്നൈയിലെ ആര്യാമസുന്ദരം മുഖേനയാണ് ഹർജി. 2018, 2020 വർഷങ്ങളിൽ അഞ്ചുകോടി രൂപ വീതമാണ് ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടച്ചത്. ഇതിനെതിരെ ബി.ജെ.പി. നേതാവ് എ. നാഗേഷിന്റെ ഹർജിയിലായിരുന്നു തുക തിരിച്ചടയ്ക്കാനുള്ള ഹൈക്കോടതി വിധിയുണ്ടായത്.
🗞🏵 *തിരുവനന്തപുരം കണിയാപുരം സെന്റ്.വിന്‍സെന്റ് ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പർ മാറിയ സംഭവത്തിൽ നടപടി.* പരീക്ഷ സൂപ്രണ്ടിനെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനെയും ചുമതലകളിൽ നിന്നും നീക്കി.
🗞🏵 *കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ വീടിന് മുന്നിൽ വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ധാർവാഡ്-* ഹുബ്ബള്ളി സ്വദേശിനിയും കർഷക തൊഴിലാളിയായ ശ്രീദേവി വീരണ്ണ കന്നാറാണ് (31) കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.പ്രളയത്തിൽ വീടു തകർന്നതിന് ലഭിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കൂടുതൽ ധനസഹായം വേണമെന്നും ചൂണ്ടിക്കാട്ടി ആത്മഹത്യക്കുറിപ്പ് എഴുതിയശേഷമാണ് ഇവർ മന്ത്രിയുടെ വീടിന് മുന്നിലെത്തി വിഷം കഴിച്ചത്
🗞🏵 *കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണനയിൽ.* മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഇതിനായുള്ള ആലോചനകൾ നടന്നു. സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിന് അനുകൂലമായ സമീപനമാണ് ഉദ്ധവ് താക്കറെ സർക്കാരിന്റേതെന്നാണ് വിവരം.
🗞🏵 *ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു.* തിരുവനന്തപുരത്തെ വസതിയിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചിയിൽ ഹാജരാകാത്തതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിൻ്റെ തിരുവനന്തപുരത്തെ വസതിയിൽ നേരിട്ടെത്തുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
🗞🏵 *റാഞ്ചി ഐ ഐ എമ്മിലെ അസിസ്റ്റന്റ് പ്രൊഫസറായ രഞ്ജിത്ത് ആർ പാണത്തൂരിന്റെ വീടും അദ്ദേഹത്തിൻ്റെ ജീവിതവും സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാകുന്നു.* സമൂഹാമാധ്യമങ്ങളിൽ തന്റെ വീടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് രഞ്ജിത്ത് കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. കുടിലിൽ നിന്നും ഐഐഎം അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള തൻ്റെ ജീവിതമാണ് രഞ്ജിത്ത് കുറിച്ചത്.
🗞🏵 *സംസ്ഥാനത്ത് വീണ്ടും ഷിഗല്ല മരണം.* വയനാട്ടിലാണ് ഷിഗല്ല ബാധിച്ച് ആറു വയസ്സുകാരി മരിച്ചത്. നൂല്‍പ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയാണ് മരിച്ചത്. ഏപ്രില്‍ നാലിനാണ് കുട്ടി മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഷിഗല്ലയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെടുന്ന ആദിവാസി പെണ്‍കുട്ടിയാണ് മരിച്ചത്. ഷിഗല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ലാ രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് പകരുന്നത്.
🗞🏵 *സ്പീക്കർ പി ശ്രീരാമകൃഷ്ണന് കുരുക്ക് മുറുകുന്നു.* ശ്രീരാമകൃഷ്ണൻ സരിത്തിന് ഡോളർ നൽകിയെന്ന് പറയപ്പെടുന്ന ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തി. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നടപടി. ഈ ഫ്‌ളാറ്റിൽ സ്പീക്കർ ഇടയ്ക്ക് താമസിക്കാറുണ്ടെന്നും സ്വപ്‌ന മൊഴി നൽകിയിരുന്നു.
🗞🏵 *സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു.* സ്പീക്കർ നിലവിൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണുള്ളത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്പീക്കർക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്.
🗞🏵 *കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടിൻ്റെ തല ചാക്ക് കൊണ്ട് മറച്ച നിലയിൽ.* പിണറായി വിജയന്‍റെ കട്ടൗട്ടിന്‍റെ തലയിൽ കൂടി മൂടിയ നിലയിലാണ് ചാക്കുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ തലയിൽ മുണ്ട് ഇട്ടുവെന്നാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. അതേസമയം, വെയിൽ ഏറ്റ് കട്ടൗട്ട് നശിക്കാതിരിക്കാനാണ് ചാക്കിട്ടതെന്നാണ് സൈബർ സഖാക്കൾ വാദിക്കുന്നത്.
🗞🏵 *സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.* തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ജില്ലകളിൽ മണിക്കൂറിൽ 40. കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
🗞🏵 *സംസ്ഥാനത്ത് 6194 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.* എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂർ 530, കണ്ണൂർ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസർകോട് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *മേടമാസ പൂജകൾക്കായി ശബരിമല നട തുറന്നു*. ഇന്നലെ വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.കെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിയിച്ചു. ഇന്ന് പ്രത്യേക പൂജകൾ ഒന്നും ഇല്ല. 18 വരെ ആണ് ഭക്തർക്ക് പ്രവേശനം.
🗞🏵 *പതിനാലുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ട ഇസ്ലാമിക മൗലവിക്കെതിരെ അന്വേഷണം ശക്തമാക്കി* . രാജസ്ഥാനിലെ അൽവാറിലെ ഭിവാഡി ജില്ലയിലാണ് സംഭവം. ഹരിയാനയിലെ നുഹ് ജില്ലയിലെ പുൻഹാന പട്ടണത്തിലെ ബിസാരു ഗ്രാമത്തിൽ നിന്നുള്ള സഫ്രു മൗലവി ഭിവാഡിയിലെ ഒരു മോസ്കിൽ ജോലി നോക്കിയിരുന്നു .
🗞🏵 * മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര് മരിച്ചു.* നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി നാഗ്പുരിലെ ആശുപത്രിയിലായിരുന്നു സംഭവം.ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം
🗞🏵 *പുതിയ വാഹനങ്ങള്‍ വാങ്ങുന്ന ദിവസം തന്നെ സ്ഥിരം രജീസ്ട്രേഷന്‍ നമ്പര്‍ ലഭ്യമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.* ബോഡി നിര്‍മാണം ആവശ്യമായ വാഹനങ്ങള്‍ക്കു മാത്രമായി താല്‍ക്കാലിക റജിസ്ട്രേഷന്‍ നിജപ്പെടുത്താനാണ് തീരുമാനം. അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഇനി അനുവദിക്കില്ല. ഈ മാസം 15 മുതൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വരും.
🗞🏵 *രാജ്യത്ത് വാക്സീൻ ഉത്പാദനം കൂട്ടുമെന്ന് മരുന്ന് കമ്പനികൾ.* മെയ് മാസത്തോടെ പ്രതിമാസ ഉത്പാദനം 100 മില്യൺ ഡോസാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. നിലവിൽ 70 മില്യൺ ഡോസാണ് ഉത്പാദിപ്പിക്കുന്നത്. പ്രതിമാസ ഉത്പാദനം രണ്ട് ലക്ഷം ഡോസിൽ നിന്ന് 5 ലക്ഷമാക്കുമെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി. വാക്സീൻ ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് മരുന്ന് കമ്പനികളുടെ പ്രതികരണം.
🗞🏵 *നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന പശ്ചിമബംഗാളിൽ പരക്കെ ആക്രമണം.* കൂച്ച്ബിഹാർ ജില്ലയിലുണ്ടായ ബിജെപി-തൃണമൂൽ സംഘർഷത്തിലും വെടിവെപ്പിലും അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. ഒരു പോളിംങ് ഏജൻറിനെ ബൂത്തിൽ നിന്നും പിടിച്ചിറക്കി കൊണ്ടുവന്ന് വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
🗞🏵 *ഉത്തർപ്രദേശിൽ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ 10 പേർ മരണപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.* ഇത്വാ ജില്ലയിലായിരുന്നു അപകടം ഉണ്ടായത്. ആഗ്രയിൽ നിന്നും ലഖ്നൗവിലെ ദേവീ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു ട്രക്ക് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. വിവരം അറിഞ്ഞ് ഉടൻ പോലീസ് സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി.
🗞🏵 *ത്രിപുര ട്രൈബൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് ഇടതു മുന്നണി.* തെരഞ്ഞെടുപ്പിൽ ആകെ ഒരു സീറ്റ് മാത്രമാണ് ഇടതു മുന്നണി നേടിയത്. കഴിഞ്ഞ തെരഞ്ഞെടപ്പിൽ 25 സീറ്റ് നേടിയ ഇടതു മുന്നണിയാണ് ഇപ്പോൾ വെറും ഒരു സീറ്റിൽ മാത്രം ഒതുങ്ങിയത്. ബിജെപിയും സഖ്യകക്ഷികളും 9 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
🗞🏵 *ചൈനീസ് പട്ടാളത്തിന്റെ രണ്ടാംഘട്ട സൈനിക പിന്മാറ്റം ചര്‍ച്ച ചെയ്യാനായി ചുഷൂലില്‍ ചേര്‍ന്ന കമാണ്ടര്‍തല യോഗത്തിൽ പുരോഗതി.* നിയന്ത്രണ രേഖയില്‍ ഇന്ത്യക്കും ചൈനക്കും ഇടയിലെ അവശേഷിക്കുന്ന തര്‍ക്കങ്ങളില്‍ ഉടന്‍ സമവായം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
🗞🏵 *ബംഗാളിലെ കൂച്ച് ബിഹാറിൽ വോട്ടെടുപ്പിനിടെ സംഘർഷം ഉണ്ടായ സംഭവത്തിൽ സി.ഐ.എസ്.എഫിന് അനുകൂല റിപ്പോർട്ടുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.* സംഭവത്തിൽ കമ്മീഷൻ ജില്ലാ മജിസ്‌ട്രേറ്റിനോടും എസ്.പിയോടും വിശദമായ റിപ്പോർട്ട് തേടി.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ വലിയ ജനക്കൂട്ടം സൈന്യത്തെ വളഞ്ഞു. സൈന്യം സ്വയ രക്ഷയ്ക്കായാണ് തോക്ക് ഉപയോഗിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
🗞🏵 *ശ്രവണ വൈകല്യമുള്ള ആളുകളിലേക്ക് മാർപാപ്പയുടെ സന്ദേശങ്ങൾ എത്തിക്കുക എന്ന ലക്ഷ്യവുമായി വത്തിക്കാൻ മീഡിയ ആംഗ്യഭാഷ സേവനം യൂട്യൂബ് അക്കൗണ്ട് വഴി ആരംഭിച്ചു.* ‘ആരെയും ഒഴിവാക്കിയിട്ടില്ല’ എന്ന പേര് നല്കിയിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ബധിതരായ വിശ്വാസികൾക്കുവേണ്ടി തുടങ്ങിയ ഈ സേവനം കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ മാർപാപ്പയുടെ ഉർബി ഏറ്റ് ഓർബി സന്ദേശത്തോടെയാണ് ഔദ്യോഗികമായി ആരംഭിച്ചത്. പാപ്പയുടെ സന്ദേശങ്ങള്‍, ശുശ്രൂഷകള്‍ ആംഗ്യഭാഷയോടെ അവതരിപ്പിക്കുകയാണ് വത്തിക്കാന്‍ മീഡിയ. പദ്ധതിയുടെ ഭാഗമായി രണ്ടു ആംഗ്യഭാഷ ചാനലുകളാണ് വത്തിക്കാന്റെ യൂട്യൂബ് അക്കൊണ്ടിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇറ്റാലിയൻ, ഇംഗ്ലീഷ് ഭാഷയിലേക്കുള്ള ആംഗ്യഭാഷ വിവര്‍ത്തനമാണ് അവ.
🗞🏵 *പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ സഹപ്രവർത്തക വ്യാജ മതനിന്ദാ കുറ്റം ആരോപിച്ചതിന്റെ പേരില്‍ സിവിൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന രണ്ട് ക്രൈസ്തവ വിശ്വാസികളായ നഴ്സുമാർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റർ ചെയ്തു.* മരിയും ലാൽ, ന്യൂവിഷ് അരൂജ് എന്നീ നഴ്സുമാരാണ് റുക്സാന എന്ന മുസ്ലിം മത വിശ്വാസിയും സഹപ്രവര്‍ത്തകയുമായ സീനിയർ നേഴ്സിന്റെ വ്യാജ ആരോപണത്തിന്റെ ഇരകളായിരിക്കുന്നത്. മരിയും ലാൽ ആശുപത്രിയിലെ ചുമരിൽ നിന്ന് പഴകിയ ഖുർആൻ വചനങ്ങൾ എടുത്തുമാറ്റി എന്ന് റുക്സാനയുടെ ആരോപണം. എന്നാൽ യഥാർത്ഥത്തിൽ റുക്സാനയുടെ നിർദ്ദേശപ്രകാരമാണ് മരിയും ലാൽ ചുമരിലെ ചിത്രങ്ങളും, സ്റ്റിക്കറുകളും നീക്കം ചെയ്തത്. മരിയും ലാലിനെതിരെ മുൻവൈരാഗ്യമുണ്ടായിരുന്ന റുക്സാന ആശുപത്രിയിലെ മറ്റു ജോലിക്കാരെ വിളിച്ചുകൂട്ടി പ്രശ്നം സങ്കീർണ്ണമാക്കുകയായിരുന്നു. ന്യൂവിഷ് അരൂജും ഇതിന്റെ ഇരയായി.
🗞🏵 *അന്തരിച്ച ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനെ കുറിച്ചുള്ള വാര്‍ത്തകളാണ് ആഗോള മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.* ഇതിനിടെ അദ്ദേഹം കത്തോലിക്ക സഭയെ വിവിധ കാലയളവില്‍ നയിച്ച മാര്‍പാപ്പമാരുമായി നടത്തിയ കൂടിക്കാഴ്ചയും മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. തന്റെ പത്തു പതിറ്റാണ്ട് നീണ്ട ജീവിതകാലയളവില്‍ വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാം പാപ്പ, വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പ, എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ, ഫ്രാന്‍സിസ് പാപ്പ എന്നീ നാലു പത്രോസിന്റെ പിന്‍ഗാമികളുമായി കൂടിക്കാഴ്ച നടത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിന്നു
💐💐💐💐💐💐💐💐💐💐💐
*ഇന്നത്തെ വചനം*
ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
ഇപ്രകാരം പറഞ്ഞുകൊണ്ട് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്‍മാര്‍ സന്തോഷിച്ചു.
യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്‌ക്കുന്നു.
ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്‌തു: നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍.
നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും.
പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല.
അതുകൊണ്ടു മറ്റു ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്‌ക്കുകയും ചെയ്‌തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.
എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവന്റെ ശിഷ്യന്‍മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്‌ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.
തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!
യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
ഈ ഗ്രന്‌ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു.
എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്‌തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് 1 അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്.
യോഹന്നാന്‍ 20 : 19-31
💐💐💐💐💐💐💐💐💐💐💐
*വചന വിചിന്തനം*
അവൻ തോമായോട് പറഞ്ഞു. നിൻ്റെ വിരൾ ഇവിടെ കൊണ്ടു വരിക.എൻ്റെ കൈകൾ കാണുക. നിൻ്റെ കൈ നീട്ടി എൻ്റെ വിലാവിൽ വക്കുക.തോമാ പറഞ്ഞു എൻ്റെ കർത്താവേ എൻ്റെ ദൈവമേ.(യോഹ 20:19-31)
എട്ട് ദിവസം തോമ അനുഭവിച്ച ആത്മസഘർഷം ചെറുതല്ല. മറ്റ് ശിഷ്യർക്ക് ലഭിച്ച ഉത്ഥാന അനുഭവം തോമ്മാക്ക് ലഭിച്ചില്ല. എന്നാൽ പ്രാർത്ഥനയോടെ പ്രത്യാശയോടെ അദ്ദേഹം കാത്തിരുന്നു. ഉത്ഥാന ദർശന അനുഭവം നേടി. ആ തോമ്മായുടെ മക്കളായ നമ്മുക്കും കാത്തിരുപ്പിൻ്റെ വിശ്വാസത്തിൽ ആഴപ്പെടാം.
എല്ലാ കാത്തിരിപ്പിനും ഒരു സുവിശേഷം പങ്കുവച്ചു തരാനുണ്ട് അത് നിൻ്റെ ജീവിതത്തിൽ കൃത്യസമയത്ത് ദൈവം ഇടപെടും എന്നതു തന്നെയാണ്.
ജീവിതത്തിൽ ഒരിക്കലും എന്നെ ഉപേക്ഷിക്കാത്തവനാണ് എൻ്റെ ദൈവം എന്ന വിശ്വാസത്തിൻ്റെ ഉൾക്കരുത്ത് ഉണ്ടാകട്ടെ ഈ പുതുഞായറിൽ. തോമാശ്ലീഹായെപ്പോലെ നമുക്കും ഏറ്റുചൊല്ലാം എൻ്റെ കർത്താവേ, എൻ്റെ ദൈവമേ.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*