ശ്ലൈഹിക സഭകളിൽ, ഒരു ശ്ലീഹായുടെ നാമത്തിൽ അറിയപ്പെടുന്ന ഏക സഭ മലങ്കരയിലെ മാർത്തോമ്മാ നസ്രാണികൾ മാത്രമാണ്. പിതാവിൽ അഭിമാനിക്കുന്ന ആർക്കും അദേഹത്തിൻ്റെ പേരിൽ തന്നെ അറിയപ്പെടുക എന്നത് അത്യന്തം സന്തോഷകരമായ കാര്യമാണല്ലോ. നമ്മുടെ കർത്താവ് ഈശോ മ്ശീഹായുടെയും അവിടുത്തെ മാതാവിൻ്റെയും പേര് കഴിഞ്ഞാൽ നമ്മൾ നസ്രാണികൾക്ക് ഏറ്റവും സുപരിചിതം വിശ്വാസത്തിൽ നമ്മുടെ താതൻ മാർത്തോമ്മായുടേതാണ് എന്നതിൽ സംശയം തെല്ലുമില്ല.
നമ്മുടെ പിതാവിനെ അത്രയധികം ആവേശത്തോടെയും സ്നേഹത്തോടെയും നമ്മൾ അനുസ്മരിക്കുന്നു. വർഷത്തിൽ പലതവണ അദേഹത്തിൻ്റെ ഓർമ്മ ആചരിക്കുന്നു. തോമ്മാ ശ്ലീഹായുമായി ബന്ധപ്പെട്ട എല്ലാം നമ്മുടെ അഭിമാനത്തിൻ്റെ ഭാഗമാണ്. “ഞങ്ങൾ മാർത്തോമ്മായുടെ മക്കൾ” എന്ന് അഭിമാനത്തോടെയും തെല്ല് അഹങ്കാരത്തൊടെയും നാം പ്രഖ്യാപിക്കാറുണ്ട്. ആ പിതാവിൻ്റെ വിശ്വാസ തീക്ഷ്ണത ഒട്ടും കുറയാതെ മക്കളായ നമുക്കും പകർന്നു കിട്ടിയിട്ടുണ്ട്.
തോമ്മാ, തൊമ്മൻ, തൊമ്മി, തോമാച്ചൻ, തൊമ്മച്ചൻ, തോമസുകുട്ടി, ഉമ്മൻ, തമ്പാൻ, ടോമി, തോമസ്, ടോം, …. തുടങ്ങിയ പേരുകളിൽ ഒരാളെങ്കിലും എല്ലാ കുടുംബങ്ങളിലും ഉണ്ടാവും.
മലയാറ്റൂരും, മൈലാപ്പൂരും, ചേർപ്പുങ്കലും, അരുവിത്തുറയും, കൊടുങ്ങല്ലൂരും, കോട്ടക്കാവും, നിലയ്ക്കലും, കൊല്ലവും, പകലോമറ്റവും എല്ലാം തോമ്മാ ശ്ലീഹായുടെ സ്മരണ നമ്മിലുണർത്തുന്നു……
പള്ളികളുടെ ചരിത്രം എഴുതിയാലും, കുടുംബ ചരിത്രം എഴുതിയാലും തോമ്മാശ്ലീഹായിൽ കൊണ്ടുചെന്ന് എത്തിക്കുക എന്നത് നമ്മുടെ ഒരു ശീലമാണ്. ഇതിൻ്റെ പുറകിൽ പോലും നമ്മുടെ പിതാവിനോടുള്ള സ്നേഹം തന്നെയാണ് കാണുവാൻ സാധിക്കുക.
പൊന്നിൻ കുരിശുമല മുത്തപ്പോ പൊന്മല കയറ്റം……. എന്ന് വിളിച്ച് പ്രാർത്ഥിച്ച് മലയാറ്റൂർ മല കയറി മുകളിൽ ചെന്ന് പ്രാർത്ഥിച്ച ശേഷം പൊന്നിൻ കുരിശുമല മുത്തപ്പോ പൊന്മലയിറക്കം….. എന്ന് വിളിച്ച് വിളിച്ച് അവസാനം “പൊന്മലയിറക്കം മുത്തപ്പോ…..” എന്നായി പോയാലും നമ്മള് ആ വിളി നിർത്താറില്ല.
കുറച്ച് കാലം മുൻപ് വരെ നസ്രാണി സഭയുടെ വൈദിക വിദ്യാർത്ഥികൾ തങ്ങളുടെ തിരുപ്പട്ട സ്വീകരണത്തിന് മുൻപായി നിർബന്ധമായും മൈലാപ്പൂരെ കബറിങ്കൽ പോയി പ്രാർത്ഥിച്ചിരുന്നു. ഇന്നെന്തോ അതൊക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മൈലപ്പൂർ വരെ കാൽനടയായി തീർഥയാത്ര നടത്തിയിരുന്ന നമ്മുടെ പൂർവ്വികരേക്കുറിച്ച് വിദേശ മിഷനറിമാർ അത്ഭുതത്തോടെ എഴുതിയിട്ടുണ്ട്.
മൈലാപ്പൂരിൽ, നമ്മുടെ പിതാവിൻ്റെ കബറിൽ നിന്നുള്ള മണ്ണ് (ഹ്നാന) ശേഖരിച്ച് അത് വെള്ളത്തിൽ കലർത്തിയാണ് നമ്മൾ ഹന്നാൻ വെള്ളം ഉണ്ടാക്കിയിരുന്നത് എന്ന് ഉദയംപേരൂർ യോഗത്തിൻ്റെ കാനോനകളിൽ കാണുവാൻ കഴിയും.
ഇതേ ഹ്നാന തന്നെ വിവാഹ കൂദാശയുടെ സമയത്ത് കാസാ വാഴ്വ് ശുശ്രൂഷയിൽ വധുവും വരനും കുടിക്കുന്ന കാസായിലും ചേർത്തിരുന്നു. എത്ര ഹൃദിസ്ഥമായ ബന്ധം…….
നമ്മുടെ നസ്രാണി രാജവംശം, വില്ലാർവട്ടം സ്വരൂപത്തിൽ രാജാക്കന്മാർ അറിയപ്പെട്ടിരുന്നത് പോലും “തോമാ രാജാവ്” എന്നായിരുന്നു.
മാർത്തോമ്മാ ശ്ലീഹായെ വർണ്ണിക്കുന്ന എത്രയോ കലാരൂപങ്ങൾ നമുക്കുണ്ട്.
മാർഗ്ഗംകളിയും മാർഗ്ഗംകളിപ്പാട്ടുകളും, റമ്പാൻ പാട്ട്, പരിചമുട്ടുകളി, വീരടിയാന്മാർ നമ്മുടെ വീടുകളിൽ വിശേഷ അവസരങ്ങളിൽ വന്ന് പാടിയിരുന്ന വീരടിയാൻ പാട്ട്…….. ഇതിലെല്ലാം തോമ്മാ എന്ന നമ്മുടെ പിതാവിൻ്റെ കഥകളാണ്.
അതും ഇന്ന് വെറുമൊരു കെട്ടുകഥയിലെ നായകനായ, ഒരിക്കലും ഉണ്ടായിട്ടില്ലാത്ത മറ്റൊരു തോമ്മായുടെ പേരിൽ ആക്കപ്പെടുന്നു. നമ്മളും അതിന് കൂട്ടുനിൽക്കുന്നു…….
ഈശോയുടെ ഇരട്ട എന്ന് അറിയപ്പെട്ടവനാണ് നമ്മുടെ ശ്ലീഹാ. താമാ എന്നാണ് സുറിയാനിയിൽ ഇരട്ട എന്നതിന് പറയുന്നത്. “താമാ എന്ന തോമാ” എന്നാണ് പ്ശീത്താ വേദപുസ്തകം അദേഹത്തെ വിളിക്കുന്നത്. ഇരട്ട പോലെ, ഈശോയോട് വളരെയേറെ മുഖസാദൃശ്യം ഉള്ളവനായിരുന്നു അദേഹം. അതുകൊണ്ട് തന്നെ ഈശോയുടെ അമ്മയ്ക്കും ശ്ലീഹായോട് പ്രത്യേക സ്നേഹം ഉണ്ടായിരുന്നു എന്ന് അപ്രമാണിക ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്.
നമുക്ക് ഈശോയുടെ അമ്മയോടുള്ള മാതൃഭക്തി കൈമാറി കിട്ടിയത് പന്തിരു ശ്ലീഹരിൽ ഒരുവനും വിശ്വാസത്തിൽ നമ്മുടെ അപ്പനുമായ മാർത്തോമ്മാ ശ്ലീഹായിൽ നിന്നാണ്.
തോമ്മാ ഇന്ത്യയിൽ എത്തിയ ശേഷം അനേകം തവണ അമ്മയുടെ ദർശനങ്ങൾ അദ്ദേഹത്തിന് ഉണ്ടായതായി പാരമ്പര്യമുണ്ട്. അതിൽ ഒന്നായി കുറവിലങ്ങാട്ടെ മാതാവിന്റെ ആദ്യത്തെ പ്രത്യക്ഷീകരണം വ്യാഖ്യാനിക്കപ്പെടുന്നു.
തോമ്മാ ഇത്യയിൽ വരുന്നത് തന്നെ അമ്മയുടെ ഒരു ചിത്രവുമായി ആയിരുന്നു എന്നൊരു പാരമ്പര്യവുമുണ്ട്, പ്രസ്തുത ഐക്കൺ ഇന്നും മൈലാപ്പൂരിൽ സൂക്ഷിക്കപ്പെടുന്നു.
പരിശുദ്ധ അമ്മയുടെ ശൂനായ (വേർപാട്) യുടെ ശേഷം അമ്മയുടെ പൂജ്യ ശരീരം അവിടെ ഉണ്ടായിരുന്ന മറ്റു ശ്ലീഹന്മാർ കബറിൽ വച്ചു. എന്നാൽ അപ്പോൾ തോമ്മാ ശ്ലീഹാ അവിടെ ഇല്ലായിരുന്നു. അദ്ദേഹം ഇൗ വാർത്ത കേട്ട് വിഷമിച്ചു. ജെറുസലേമിൽ എത്തിയ മാർ തോമ്മാ ശ്ലീഹാ തനിക്ക് എങ്ങനെ എങ്കിലും പരിശുദ്ധ അമ്മയെ കാണണം എന്ന് വാശി പിടിച്ചു.
എല്ലാവരും ചേർന്ന് കബർ തുറന്ന് നോക്കി, അപ്പോൾ പരിശുദ്ധ അമ്മ സ്വർഗ്ഗത്തിലേക്ക് മാലാകാമാരാൽ സംവഹിക്കപ്പെടുന്നത് അവർ കണ്ടു.
തോമ്മാ ശ്ലീഹായ്ക്ക് തന്റെ സ്നേഹത്തിന്റെ പ്രതീകമായി പരിശുദ്ധ അമ്മ ധരിച്ചിരുന്ന ഇടക്കെട്ട് / സൂനാറാ താഴേക്ക് ഇട്ട് കൊടുത്തു എന്നുമാണ് പാരമ്പര്യം.
ഈ സൂനാറായുടെ ഭാഗങ്ങൾ ഇന്നും കേരളത്തിൽ ചില പുത്തൻകൂർ ദൈവാലയങ്ങളിൽ പൂജ്യമായി സൂക്ഷിക്കപ്പെടുന്നു.
പ്രധാന ഭാഗം ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള മൗണ്ട് ആതോസിൽ സൂക്ഷിച്ചിരിക്കുന്നു.
നമ്മുടെ പൂർവ്വികർ നമ്മുടെ കുർബാന ക്രമത്തെ വിളിച്ചത് “മാർത്തോമ്മാ ശ്ലീഹായുടെ കുർബാന ക്രമം” എന്നാണ്. റോമിലേക്കും മറ്റുമുള്ള കത്തുകളിൽ അവർ പൗരസ്ത്യ സുറിയാനി ഭാഷയെയും പൗരസ്ത്യ സുറിയാനി ആരാധന ക്രമത്തെയും മാർത്തോമ്മാ ശ്ലീഹായുമായി ബന്ധപ്പെടുത്തി മാത്രമേ പറഞ്ഞിരുന്നുള്ളൂ.
“ആപത്തിലാലാഹാ കൂടെയുണ്ട്
താപത്തിൽ തോമ്മായും കൂടെയുണ്ട്
തോമ്മാതൻ കർത്താവ് കൂടെയുണ്ട്
അമ്മയും തോമ്മായുമുണ്ടെനിക്ക്.
അഞ്ചൊരു പത്തും പിന്നൊരു പത്തും
വീണ്ടും പത്തൊരു രണ്ടുംകൂടെ
അമ്പതുകാലം രണ്ടാമൂഴം
മുമ്പേപിമ്പേ പോകാം വെക്കം.”
“മർത്തോമ്മൻ നന്മയാലൊന്നുതുടങ്ങുന്നു
നന്നായ്വരേണമേയിന്ന്.
ഉത്തമനായ മ്ശീഹാതിരുവുള്ളം
ഉണ്മയ് എഴുന്നൾകവേണം”
“മാണിക്യക്കല്ലായ മാർഗ്ഗം, നാളിൽ നാളിൽ തെളിയേണം”
തുടങ്ങിയ പാട്ടുകൾ നമ്മുടെ നിത്യജീവിതത്തിൻ്റെ
ഭാഗം തന്നെയാണ്.
നമ്മുടെ സഭാ ജീവിതത്തെ “മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും” എന്ന് തന്നെ വിളിച്ചതും വെറുതെയല്ല. ഒരു നിയമവും ഇല്ലാതെ, എല്ലാം ചിട്ടയായി ജീവിതചര്യയായി പാലിച്ച് പോന്നവരാണ് നമ്മുടെ പൂർവ്വികർ. നമ്മുടെയും മാർഗ്ഗവും അത് തന്നെ ആയിരിക്കണം; “മ്ശീഹാ മാർഗ്ഗം തന്നെയായ തോമ്മാ മാർഗ്ഗം”.
“നമുക്കും പോകാം, അവനോടൊപ്പം മരിക്കാൻ” എന്ന് പറഞ്ഞ അപ്പൻ്റെ തീക്ഷണതയും ചങ്കുറപ്പും, “കാണാതെ വിശ്വസിക്കില്ല” എന്ന് പറഞ്ഞ അപ്പൻ്റെ വാശിയും കൈമുതലായുള്ളവരാണ് നസ്രാണികൾ.
തോമാ ശ്ലീഹായെ ആണ്ടുവട്ടത്തിൽ പ്രധാനമായും നാലു തവണയാണ് നസ്രാണികൾ അനുസ്മരിക്കുന്നത്.
1. ദുക്റാന.
ജൂലൈ മൂന്നിന്, അതായത് പഴയ കർക്കടകം മൂന്നിന് നമ്മുടെ പിതാവിൻ്റെ ചാത്തം / ശ്രാദ്ധം അത്യാഢംബരപൂർവ്വം നമ്മൾ നടത്തുന്നു. അഷ്ടദിന ഒരുക്കങ്ങളോടെ എട്ടാം ദിനം ദുക്റാന നമ്മൾ കൊണ്ടാടുന്നു. തിരുനാൾ ദിനത്തിൽ ആഘോഷമായ റാസയും നടത്തുന്നു.
2. ഹെന്ദോ പ്രവേശന തിരുനാൾ.
നവംബർ 21നു നമ്മുടെ പിതാവ് നമ്മുടെ നാട്ടിൽ കാലുകുത്തിയതിൻ്റെ ഓർമ്മ. പ്രധാനമായും കൊടുങ്ങല്ലൂരും മറ്റും ആഘോഷപൂർവ്വം നടത്തപ്പെടുന്നു.
3. ദനഹാക്കാലം ഏഴാം വെള്ളി.
സ്വന്തം ജീവിതം കൊണ്ട് ഈശോയെ നമുക്ക് കാണിച്ച് തന്നവരെ ദനഹാക്കാലത്തെ വെള്ളിയാഴ്ചകളിൽ നമ്മൾ അനുസ്മരിക്കുന്നു. ഇത്തരത്തിൽ, ദനഹാക്കാലം ഏഴാം വെള്ളിയാഴ്ച നമുക്ക് ഈശോയെ പകർന്ന് നൽകിയ നമ്മുടെ താതൻ മാർത്തോമ്മാ ശ്ലീഹായുടെ തിരുനാൾ “മലങ്കര ഇടവകയുടെ മദ്ധ്യസ്ഥനായ മാർത്തോമ്മാ ശ്ലീഹായുടെ തിരുനാൾ” എന്ന പേരിൽ നമ്മൾ ആഘോഷിക്കുന്നു. മലങ്കരയിലെ നസ്രാണികൾ ഒന്നാണ് എന്നും, ഒരേ പിതാവിൻ്റെ മക്കളാണ് നഷ്ടം എന്നും. ഈ തിരുനാൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. സഭാ – രൂപതാ വേർതിരിവുകൾ ഇല്ലാതെ, ഒരൊറ്റ “മലങ്കര ഇടവക” എന്ന ബോധ്യത്തിൽ നാം ആഘോഷിക്കേണ്ട തിരുനാളാണിത്.
4. പുതുഞായർ.
ഉയിർപ്പ് പെരുന്നാളിൻ്റെ പിറ്റേ ഞായറാഴ്ച ആഘോഷിക്കുന്ന നമ്മുടെ പിതാവിൻ്റെ മറ്റൊരു തിരുനാളാണ് പുതുഞായർ. തനിക്ക് മാത്രം പ്രത്യക്ഷപ്പെടാതെ പോയ ഈശോയെ കാണാതെ വിശ്വസിക്കില്ല എന്ന് വാശിപിടിച്ച്, ഈശോയുടെ വിലാവിൽ കൈവച്ച് “മാർ വലാഹ്” എന്നേറ്റുചൊല്ലി തൻ്റെ വിശ്വാസം ഏറ്റുപറഞ്ഞ നമ്മുടെ പിതാവിൻ്റെ ഓർമ്മ. വിശുദ്ധ പുളിപ്പാകുന്ന മൽക്കയുടെ ഉത്ഭവവുമായും ഈ തിരുനാളിന് ബന്ധമുണ്ട്. ഈശോയുടെ വിലാവിൽ ശ്ലീഹാ കൈവച്ചപ്പോൾ അവിടെ നിന്നും ഒഴുകിയ തിരുരക്തം യോഹന്നാൻ ശ്ലീഹാ പെസഹാ അപ്പത്തിൽ ശേഖരിച്ചു എന്നും, ഈ അപ്പമാണ് പിന്നീട് വിശുദ്ധ പുളിപ്പായി ഉപയോഗിക്കുവാൻ തുടങ്ങിയത് എന്നും പാരമ്പര്യം പറയുന്നു.
അങ്ങനെ, നമ്മളെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒരു തിരുനാൾ തന്നെയാണ് പുതുഞായറും.
ലത്തീൻ സഭയിലെ കരുണയുടെ തിരുനാൾ നടത്താൻ എന്ന പേരിൽ ഇന്ന് പുതുഞായർ തിരുനാൾ ഒഴിവാക്കപ്പെടുന്ന അത്യന്തം വേദനാജനകമായ ഒരു സ്ഥിതിയാണുള്ളത്.
നമ്മുടെ പിതാവ് കാണിച്ച് തന്ന മാർഗത്തിലൂടെ, ഈശോയെ നമുക്ക് അനുഗമിക്കാം…….
– ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ.