കോവിഡ് രോഗികളെ ശുശ്രൂഷിക്കുവാൻ രാപകൽ കഠിന പരിശ്രമം നടത്തിയ വനിത നേഴ്സുമാര്‍ക്ക് ഇറ്റലി ആദരമര്‍പ്പിച്ചപ്പോള്‍ അഭിമാനമായി മലയാളി കത്തോലിക്ക സന്യാസിനിയും. സെന്റ് കമില്ലസ് സഭാംഗവും കണ്ണൂര്‍ സ്വദേശിനിയുമായ മലയാളി കത്തോലിക്ക സന്യാസിനി സി. തെരേസ വെട്ടത്തിനാണ് അപൂര്‍വ്വ ബഹുമതി ലഭിച്ചത്. റോമ നഗരത്തിന് സമീപമുള്ള സാക്രോഭാനോ എന്ന മുനിസിപ്പാലിറ്റിയാണ് കൊറോണ ബാധിതര്‍ക്കു വേണ്ടി രാവും പകലും കഠിനപ്രയത്നം നടത്തിയ സിസ്റ്റര്‍ തെരേസ ഉള്‍പ്പെടെയുള്ള വനിത നേഴ്സുമാരുടെ പേരുകള്‍ റോഡിന് നല്‍കി ആദരമര്‍പ്പിച്ചത്.

ആകെ എട്ട് വനിതാ നേഴ്സുമാര്‍ക്ക് മുനിസിപ്പാലിറ്റിയുടെ ആദരവ് ലഭിച്ചു. മാനന്തവാടി രൂപത ചുങ്കകുന്ന് ഫൊറോനയ്ക്ക് കീഴിലുള്ള നെല്ലിയോടി ഇടവകാംഗമായ സിസ്റ്റര്‍ തെരേസ, വെട്ടത്ത് പരേതനായ മത്തായിയുടെയും മേരിയുടെയും ഏഴു മക്കളിൽ മൂന്നാമത്തെ മകളാണ്. ദീർഘനാളായി നേഴ്സായി ഇറ്റലിയിൽ സേവനം അനുഷ്‌ഠിച്ചുവരികെയാണ് സിസ്റ്റര്‍ക്ക് അപൂര്‍വ്വ ആദരവു ലഭിച്ചത്. സിസ്റ്റര്‍ തെരേസിനെ കൂടാതെ രണ്ടു ക്രൈസ്തവ സന്യാസിനികൾ കൂടി ബഹുമതിയ്ക്കു അര്‍ഹരായിട്ടുണ്ട്. ഇറ്റലിയില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള സന്യസ്തരാണ് അവര്‍.