പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ യോഹന്നാന്റെയും ഈശോയെ പ്രതിനിധീകരിക്കുന്ന കുഞ്ഞാടിന്റെയും പ്രത്യക്ഷീകരണത്താൽ അയര്‍ലണ്ടിലെ പ്രസിദ്ധമായ ക്നോക്ക് തീര്‍ത്ഥാടന കേന്ദ്രത്തെ അന്താരാഷ്ട്ര തീര്‍ത്ഥാടക കേന്ദ്ര പദവിയിലേക്ക് ഉയര്‍ത്തുവാന്‍ പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനം. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മാർച്ച് 19നു ക്‌നോക്ക് ദേവാലയത്തെ ‘ഇന്റർനാഷ്ണൽ മരിയൻ ആൻഡ് യൂക്കരിസ്റ്റിക് ഷ്രൈൻ’ എന്ന തീര്‍ത്ഥാടക കേന്ദ്രമായി പ്രഖ്യാപിക്കും. ടുവാം ആർച്ച്ബിഷപ്പ് മൈക്കിൾ നിയറിയുടെ അഭ്യർത്ഥന പരിഗണിച്ചാണ് ക്‌നോക്ക് ദേവാലയത്തെ ഈ അപൂർവ പദവിയിലേക്ക് പാപ്പ ഉയർത്തുന്നത്. മാർച്ച് 19ന് പ്രാദേശിക സമയം വൈകിട്ട് 7.30ന് ആർച്ച്ബിഷപ്പ് മൈക്കിൾ നിയറിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിമധ്യേ ഫ്രാൻസിസ് പാപ്പ വീഡിയോ സന്ദേശം നൽകും. തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. റിച്ചാർഡ് ഗിബ്ബൻസ് സഹകാർമികത്വം വഹിക്കും.
1879 ഓഗസ്റ്റ് 21നു അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന പെസഹാ കുഞ്ഞാടിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും പ്രത്യക്ഷീകരണങ്ങളാണ് ക്‌നോക്കിനെ ലോകശ്രദ്ധയിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. സ്വർഗീയമായ അന്തരീക്ഷത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതുപോലെ അസംഖ്യം മാലാഖമാരുടെ അകമ്പടിയോടെയുള്ള പ്രത്യക്ഷീകരണം രണ്ട് മണിക്കൂർ നീണ്ടുനിന്നെങ്കിലും ഗ്രാമം ഒന്നടങ്കം സാക്ഷ്യം വഹിച്ചെങ്കിലും വിദഗ്ധ പഠനങ്ങളുടെ പശ്ചാത്തലത്തില്‍ 15 പേരുടെ ഔദ്യോഗിക സാക്ഷ്യമാണ് പ്രത്യക്ഷീകരണത്തിന്റെ സ്ഥീരികരണത്തിന് വത്തിക്കാന്‍ ആധാരമാക്കിയത്. 1879ൽ പ്രത്യക്ഷീകരണം നടന്ന സ്ഥലത്താണ് ക്‌നോക്ക് തീർത്ഥാടന കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടേക്ക് ആയിരങ്ങളാണ് ഓരോ വർഷവും എത്തുന്നത്. പ്രത്യക്ഷീകരണ കാലം മുതൽ, നോക്ക് ദേവാലയം പ്രതീക്ഷയുടെ ഒരു സ്ഥലമാണെന്നും ആളുകൾക്ക് ആശ്വാസവും പ്രത്യാശയും പകരുന്നുവെന്നും മാർപാപ്പയിൽ നിന്നുള്ള അംഗീകാരത്തിന് നന്ദിയുള്ളവരാണെന്നും റെക്ടർ ഫാ. റിച്ചാർഡ് ഗിബ്ബൻസ് പറഞ്ഞു.