മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ച്, അതിനുവേണ്ട എല്ലാ സംരക്ഷണങ്ങളും നൽകി, അവസാനം ഫലം അന്വേഷിച്ചു വരുന്ന ഉടമസ്ഥനാണ് ദൈവം, ദൈവം തന്ന നമ്മുടെ ജീവിതമാകുന്ന മുന്തിരിത്തോട്ടത്തിൽ ഫലങ്ങൾ ഉണ്ടോ? ഫലങ്ങൾ അന്വേഷിച്ചു വരുന്ന ദൈവത്തെ അടിച്ചോടിക്കാനാണോ നമ്മൾ നിൽക്കുന്നത്?
നമ്മൾ ആരും ഒന്നിന്റെയും ഉടമസ്ഥരല്ല. എല്ലാം ദാനമായി നൽകപ്പെട്ടതാണ്. ഓരോ വ്യക്തിയെ സംബന്ധിച്ചും ദൈവത്തിന് ഒരു പദ്ധതിയുണ്ട്. അത് മനസ്സിലാക്കി നാം ജീവിക്കണം. ദൈവ പ്രമാണങ്ങൾ അനുസരിക്കണം. രക്ഷകനെ തിരിച്ചറിയാനും സ്വീകരിക്കുവാനും കഴിയാതെപോയ ജനത്തിന്റെ ദുർഗതി നമുക്കും സംഭവിക്കാം. അത് ഉണ്ടാകാതിരിക്കണമെങ്കിൽ ദൈവം നിർദേശിച്ചിരിക്കുന്ന ഫലം പുറപ്പെടുവിക്കണം (ഗലാ.5: 22-23). “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം” (യോഹ. 13:34). മുന്തിരിത്തോട്ടം സ്വന്തമാക്കാൻ ശ്രമിച്ച കൃഷിക്കാർക്ക് സംഭവിച്ചത് നമ്മുടെ ഓർമ്മയിലെന്നും ഉണ്ടായിരിക്കട്ടെ. ആമ്മേൻ