യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. നാഷണൽ ടെസ്റ്റിങ് ഏജൻസി മേയിൽ നടത്തുന്ന പരീക്ഷയ്ക്കായി മാർച്ച് ഒൻപത് വരെ അപേക്ഷിക്കാവുന്നതാണ്. നേരത്തെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് രണ്ട് വരെയായിരുന്നു ഉണ്ടായിരുന്നത്. തീയതി നീട്ടണമെന്ന ആവശ്യമുയർന്നതോടെയാണ് ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.

ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മാർച്ച് 10 വരെ ഫീസടയ്ക്കാം. മാർച്ച് 16 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്താവുന്നതാണ്. മേയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17 തീയതികളിലാണ് പരീക്ഷ നടക്കുന്നത്. ജൂനിയർ റിസർച്ച് ഫെലോ/ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്കായുള്ള യോഗ്യത പരീക്ഷയാണിത്.