ന്യൂഡൽഹി: കർഷകരെ ആശയക്കുഴപ്പത്തിലാക്കാനുള്ള ഗൂഡാലോചനകൾ ഡൽഹി കേന്ദ്രീകരിച്ചു നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ കർഷകർക്ക് അനുകൂലമായ നിയമങ്ങൾ കൊണ്ടു വന്നപ്പോൾ പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കർഷകർ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷം അവരുടെ തോളിൽ കയറിയിരുന്നു വെടിയുതിർക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള കർഷകരുടെ സമരം ഇരുപത് ദിവസം പിന്നിട്ടപ്പോഴാണ് നിയമങ്ങൾ ന്യായീകരിച്ച് പ്രധാനമന്ത്രി വീണ്ടും രംഗത്തെത്തിയത്. സർക്കാർ എപ്പോഴും കർഷകരോട് പ്രതിജ്ഞാബദ്ധരാണെന്നും മോദി ആവർത്തിച്ചു.
കച്ചിൽ കർഷകരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. എന്നാൽ, ഒരു ഗുരുദ്വാരയുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതെന്നാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്ത കർഷകൻ മാധ്യമങ്ങളോടു പറഞ്ഞത്.