ഭാരതത്തിലെ അതിപുരാതനമായ ക്രൈസ്തവസമൂഹമാണു നസ്രാണികൾ എന്ന പൊതുപേരിൽ അറിയപ്പെടുന്നത്. ഇവർ സമുദായചിന്തയും സ്വജാതിബോധവും മികവുറ്റ രീതിയിൽ കാത്തുസൂക്ഷിച്ചിരുന്നു. തോമ്മാശ്ലീഹായുടെ ശ്ലൈഹിക പൈതൃകത്തോടുള്ള അടുപ്പത്തിൽ നിന്നുരുവായ തോമ്മാമാർഗത്തിൽ അവർ അഭിമാനം കൊണ്ടിരുന്നു. നസ്രാണിജീവിതശൈലി വാർന്നുവീണ രൂപമാണ് തോമ്മാമാർഗം.
ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്കാരത്തോടു ചേർന്നുനിന്ന് ഒരു ഒന്നാംകിട ഭാരതീയസമുദായമായി അതു വളർന്നുകൊണ്ടിരുന്നു. ബാബിലോണിലെ കല്ദായ (പൗരസ്ത്യ) സുറിയാനി സഭയിലെ പിതാക്കന്മാർ ആത്മീയനേതൃത്വവും സ്വജാതിയിൽ നിന്നുള്ള അർക്കദിയാക്കോൻമാർ ഭരണപരമായ പൊതുക്കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു. നസ്രാണി സമൂഹത്തിലെ കുടുംബത്തലവന്മാർ വളരെ സജീവമായി സഭാകാര്യത്തിലും സമുദായത്തിന്റെ കെട്ടുറപ്പിലും ദേശത്തിന്റെ നിർമിതിയിലും ഇടപെട്ടിരുന്നു. അല്മായരുടെ പ്രാധാന്യം വേണ്ടവിധം പ്രകാശിതമാകുന്ന ഒരു സഭാ ഭരണക്രമമാണ് ഭാരതനസ്രാണികളുടെ ഇടയിൽ തുടർന്നുപോരുന്നത്.
കൃഷി സമുദായത്തെ ഒറ്റക്കെട്ടാക്കി
ജാതിതിരിവുകളും മറ്റും ശക്തമായി നിലനിന്നിരുന്ന ഒരു രാജ്യമായതിനാൽ അതിനോട് അനുബന്ധമായി ജോലി തിരിവുകളും നസ്രാണികളുടെ ഇടയിലുണ്ടായിരുന്നു. എല്ലാ ജോലികളും ഒരുപോലെ മാന്യത ഉള്ളതായി കരുതപ്പെട്ടിരുന്നില്ല. കാർഷിക മേഖലയോട് ബന്ധപ്പെട്ടു ചെറുകിടകൃഷിക്കാരായി അവർ വളർന്നുവന്നു. ഒരു കാലത്ത് നസ്രാണികളുടെ ആഢ്യത്വം തന്നെ അവർ നല്ല കൃഷിക്കാരായിരുന്നു എന്നതായിരുന്നു. വന്യജീവികളോടു മല്ലിട്ടും മലന്പനി മുതലായ അസുഖങ്ങളെ വകവയ്ക്കാതെയും മലയോരത്തു കുടിയേറി കൃഷിചെയ്തു മക്കൾക്ക് ആഹാരവസ്തുക്കൾ ഉണ്ടാക്കി. അധ്വാനിച്ചു ജീവിക്കുന്നത് അവർ മാന്യമായി കരുതി. കാർഷികോത്പന്നങ്ങൾക്കു സാമാന്യം നല്ലവിലയും കിട്ടിയിരുന്നു. കുരുമുളക്, ഇഞ്ചി, മഞ്ഞൾ മുതലായവ ഉത്പദിപ്പിക്കുന്നതിൽ അവർ ഉത്സാഹം കാണിച്ചു. നദിതീരങ്ങളിലും മലയോരപ്രദേശങ്ങളിലും ഒരുപോലെ കൃഷിയിറക്കി.
കൈത്തൊഴിലിലും അവർ പ്രാഗത്ഭ്യം നേടി. മേൽത്തരം മരപ്പണികളിൽ നൈപുണ്യം നേടിയ നസ്രാണികൾ കുറവല്ലായിരുന്നു. കൈത്തറി നെയ്ത്തും ആയോധനവിദ്യയും അവർ അഭ്യസിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ കൃഷിസംബന്ധമായി ചില പുരോഗമനങ്ങൾ തീരുവിതാംകൂറിലും കൊച്ചിയിലും ഉണ്ടായി. മലബാർ, ഹൈറേഞ്ച്, തിരുവനന്തപുരം കുടിയേറ്റങ്ങൾ ചരിത്ര പ്രസിദ്ധങ്ങളാണല്ലോ.
ദേശീയത നസ്രാണികളുടെ മുഖമുദ്ര
വിദേശിയർക്ക് എതിരെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരശബ്ദത്തിന്റെ മുഴക്കമാണ് അങ്കമാലി പടിയോല (1789). നസ്രാണികളുടെ ഭരണപരവും മതപരവുമായ യാതൊരു കാര്യങ്ങളിലും വൈദേശിക ഇടപെടലുകൾ പാടില്ല എന്നു സാക്ഷ്യപ്പെടുത്തുകയായിരുന്നു അങ്കമാലി പടിയോല. നസ്രാണികളുടെ ദേശീയതയും ദേശീയതയുടെ രാഷ്ട്രീയവും നാം പ്രകടമായി കാണുന്നത് പാറേമ്മാക്കലിന്റെ വാർത്തമാനപ്പുസ്തകത്തിലാണ് (1778-1786). സമുദായ ഐക്യത്തെക്കുറിച്ച് ശക്തമായ ചിന്ത നിലനിന്നതുകൊണ്ടാണ് കരിയറ്റി മല്പാനും പാറേമ്മാക്കലും കൂടി സംഭവബഹുലമായ റോമായത്ര നടത്തുന്നത്. ഐക്യത്തിനുളള ഒരുപിടി ഘടകങ്ങൾ നിലനില്ക്കുന്പോഴും അത് സാധ്യമല്ലാതായിക്കൊണ്ടിരുന്നു.
രണ്ടായി പിരിഞ്ഞ നസ്രാണിസമുദായത്തെ ഒന്നിപ്പിക്കാൻപാറേമ്മാക്കൽ കിണഞ്ഞു പരിശ്രമിച്ചു. പാറേമ്മാക്കൽ അടിസ്ഥാനപരമായ കാഴ്ചപ്പാടുകൾ നൽകി; ഒരു ഇന്ത്യ, ഒരു ജനത, വിവിധ സമുദായങ്ങൾ. സമുദായവും സമുദായ ഐക്യവും മാത്രമായിരുന്നു ലക്ഷ്യം. ഇന്ത്യക്കാരായ നാം എല്ലാം ഒരു ജാതി. ദേശീയബോധവും സമുദായബോധവും ഇത്ര തീവ്രതയോടെ മറ്റാരിലും കണ്ടിട്ടില്ല.
ഏകതറവാട് പലതാകുന്നു
1778 ൽ കരിയാറ്റിയും പാറേമ്മാക്കലും ചേർന്നു നടത്തിയ റോമായാത്ര നസ്രാണികളെ ഒറ്റ സമുദായമാക്കി നിർത്താനുള്ള പരിശ്രമമായിരുന്നു. പഴയ കൂറുകാരുടെ ഇടയിൽ ലത്തീനികരണം തുടർന്നുകൊണ്ടിരുന്നു. പുത്തൻ കൂറുകാർ യാക്കോബായ പാരന്പര്യത്തിലും ആഴപ്പെട്ടു. പഴയ കുറുകാർ വീണ്ടും പിളരാതിരിക്കാനുള്ള കരുതൽ റോമിൽ നിന്നും കിട്ടിക്കൊണ്ടിരുന്നു. പുത്തൻകൂറുകാർ വീണ്ടും പല വിഭാഗങ്ങളായി പിളർന്നു.
പാറേമ്മാക്കലിന്റെ കാലം കഴിഞ്ഞ് ഒരുനൂറ്റാണ്ടുകൂടി കഴിഞ്ഞപ്പോഴാണു നിധിരീക്കൽ മാണിക്കത്തനാർ രംഗപ്രവേശം നടത്തുന്നത്. അതിപ്രഗത്ഭനായ അദ്ദേഹം പുനരൈക്യത്തിനു വേണ്ടിയും നാട്ടുമെത്രാന്മാർക്കു വേണ്ടിയും ശക്തമായി വാദിച്ചു. മാണിക്കത്തനാരുടെ സഭാ ഭരണഘടനയായിരുന്നു ജാത്യൈക്യസംഘത്തിനുവേണ്ടി തയാറാക്കിയ നിയമാവലി. സമുദായത്തെ ഒന്നിപ്പിക്കുന്നതിനും വളർത്തുന്നതിനുംവേണ്ടിയുള്ള നിരവധികാര്യങ്ങളുടെ ഒരു മാഗ്നാകാർട്ടയാണിത്. വർത്തമാനപുസ്തകത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മൂന്നാസ്വാദനവും ജാത്യൈക്യ സംഘത്തിൽ സമുദായ ഐക്യത്തിന്റെ മുന്നാസ്വാദനവും നമുക്കു കാണാൻ കഴിയും.
അല്മായ നേതൃത്വത്തിന്റെ പങ്ക്
വിവിധ സഭകളായി നസ്രാണികൾ ഇപ്പോൾ നിലനില്ക്കുന്നു. ഓരോ സഭയും അവരുടെ പുതിയ നിലപാടുകളുടെ ചരിത്രം മാത്രം പറയുകയും അതുതന്നെ സമുദായത്തിന്റെയും ദേശത്തിന്റെയും ചരിത്രത്തിൽ നിന്ന് അടർത്തിയെടുത്ത് അവതരിപ്പിക്കുകയും ചെയ്യുന്പോൾ അകൽച്ചകളാണ് സംഭവിക്കുന്നത്. പലപ്പോഴും സമുദായനേതൃത്വവും സഭാനേതൃത്വവും ഒന്നെന്നപോലെ കാണപ്പെടുന്നുണ്ട്. പക്ഷേ സഭയെയും സമുദായത്തെയും ഒന്നായി കാണേണ്ടതില്ല. ഒറ്റ സമുദായത്തിനുവേണ്ടി നില്ക്കാൻ സാധിക്കാതെ പോകുന്നത് ഈ ആശയക്കുഴപ്പം കാരണമാണ്.
സമുദായ ചരിത്രം എന്നത് ഇപ്പോൾ നമ്മൾ കാണുന്ന സഭകളുടെ ചരിത്രം മാത്രമാക്കി ചുരുക്കരുത്. സഭാചരിത്രത്തെ സഭാനേതൃത്വത്തിന്റെ ചരിത്രം മാത്രമായും കാണരുത്. ഐക്യം സൃഷ്ടിക്കേണ്ടത് ഭാരതനസ്രാണികൾ എന്നുള്ള സമുദായവ്യവസ്ഥയിലാണ്. ഐക്യത്തിന്റെ വിശാലമായ ലോകവും അതാണ്. അപ്പോഴാണ് അതിനു ദേശീയമാനവും ആവശ്യമായ രാഷ്ട്രീയമാനവും ലഭിക്കുക. സമുന്നത നേതാവായിരുന്ന തച്ചിൽ മാത്തുത്തരകനെ പോലുള്ള സമർഥരായ അല്മായർ എക്കാലവും നമുക്കുണ്ട്. അവരുടെ സജീവമായ സാന്നിധ്യവും ഇടപെടലുകളും സമുദായ ഐക്യത്തിന് അത്യന്താപേക്ഷിതമാണ്. സമുദായം എന്നത് എപ്പോഴും സെക്കുലർ രാഷ്ട്രത്തോടു ബന്ധപ്പെട്ടാണ് നില്ക്കുന്നത്. രാഷ്ട്രീയം സഭയുടെതല്ല, സമുദായത്തിന്റെതാണ്.
രാഷ്ട്രീയപ്രവർത്തനം പൗരധർമമാണ്. സഭയിലെ അംഗങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്പോൾ സമുദായത്തിന്റെ ഐക്യത്തിനും സഭയുടെ മൂല്യങ്ങൾക്കും ചേർന്നവിധം പ്രവർത്തിച്ചാൽ മതി. നസ്രാണി സമുദായം ഇന്ന് ഏഴു സഭകളായിട്ടാണു നില്ക്കുന്നത്. ഈ സമുദായത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളും പല തട്ടിലാണ്. സമുദായത്തിലും സഭയിലും രാഷ്ട്രീയത്തിലും നാം കാണുന്ന ഇത്തരം വൈവിധ്യങ്ങളെ വെറും ശിഥിലീകരണമായിട്ടു കാണേണ്ടതില്ല.
വ്യത്യസ്തതകളൊടുകൂടി നില്ക്കുന്പോഴും സമുദായബോധവും ഐക്യചിന്തകളും നഷ്ടപ്പെടുത്താതിരുന്നാൽ മതി. വ്യക്തിബന്ധങ്ങളിലൂടെയും രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും സമുദായഐക്യം മെച്ചപ്പെടുത്താം. പൗരസമൂഹത്തോടുള്ള നമ്മുടെ ബന്ധവും വിലപ്പെട്ടതത്രേ. സമുദായ നേതൃത്വം രാഷ്ട്രീയ നേതൃത്വമായി ചുരുങ്ങിപ്പോകരുത്. രാഷ്ട്രീയക്കാരല്ലാത്ത പൊതുപ്രവർത്തകരും സമുദായ നേതാക്കളായി വളർന്നുവരണം.
സമുദായ ചരിത്രം പങ്കിടലിന്റെ ചരിത്രമാകണം
ആധികാരികമായ സമുദായചരിത്രം എഴുതുന്നവരുടെ എണ്ണം കുറയുന്നതായി കാണുന്നു. പാറേമ്മാക്കൽ ഒരു മാതൃകയാണ്. അവിടെ സമുദായം, രാഷ്ട്രം, ദേശീയത, സ്വാതന്ത്ര്യം, അല്മായപ്രാധാന്യം, ഭരണകർത്താക്കൾ, മറ്റു മതസ്ഥർ എല്ലാമുണ്ട്. ഇപ്രകാരമുള്ള ചരിത്രരചനയിലാണ് ഒരു രാജ്യവും ഒരു ജനതയും ഒരു ജാതിയും നാം കാണുന്നത്.
പാറേമ്മാക്കൽ പറയുന്ന കാര്യം സത്യമാണ്. വിദേശികൾ രാഷ്ട്രത്തിൽ നിന്നും സഭയിൽ നിന്നും മാറണം എന്ന നിലപാടു തന്നയാണ് അദ്ദേഹത്തിന്റെ ദേശീയത. പഴയകൂറും പുതിയകൂറും ഒന്നിക്കണം എന്നു പറയുന്നതു തന്നെയാണ് അദ്ദേഹത്തിന്റെ സമുദായബോധം. സ്വജാതിയരെ ഭരിക്കാൻ സ്വജാതിയിൽ നിന്നു മെത്രാന്മാർ വരണം എന്നു പറയുന്നതു തന്നെയാണ് അദ്ദേഹത്തിന്റെ സഭാവിജ്ഞാനീയം. ആരാധനക്രമ ഭാഷ – പൗരസ്ത്യസുറിയാനി – ഉൗന്നിപ്പറഞ്ഞതാണ് ഐക്യത്തിന്റെ ലിറ്റർജിയോടുള്ള വഴിതെറ്റാത്ത സ്നേഹം. പള്ളിയോഗങ്ങളുടെ പ്രാധാന്യം എടുത്തുകാണിച്ചതാണ് അദ്ദേഹത്തിന്റെ ദൈവശാസ്ത്രവും സഭയുടെ അച്ചടക്കസംബന്ധിയായ കാഴ്ചപ്പാടുകളും.
ലത്തീനീകരണത്തിലൂടെ സീറോ മലബാർ സഭയിൽ വന്ന വൈദികമേധാവിത്വം തിരുത്തപ്പെടേണ്ടകാര്യം തന്നെയാണ് എന്ന മാണിക്കത്തനാരുടെ ഉൾക്കാഴ്ചയും ഒന്നാംതരമാണ്. ജാത്യൈക്യത്തിലൂടെ പഴയ കൂറുകാരുടെയും പുത്തൻകൂറുകാരുടെയും ഐക്യം അദ്ദേഹം മുന്പിൽ കണ്ടു. എല്ലാ വിഭാഗങ്ങളെയും ഓരേനിരയിൽ കൊണ്ടുവരാൻ മാണിക്കത്തനാർ ആഗ്രഹിച്ചു. ജനങ്ങളുടെ സംരക്ഷണം, തൊഴിൽദാനം, കൃഷി വികസനം, ന്യായവിലകൾ, വായ്പാസന്പ്രദായങ്ങൾ, വിദ്യാഭ്യാസകാര്യങ്ങൾ, ബാങ്കിങ് തുടങ്ങിയവയെല്ലാം ഈ സമുദായ ഐക്യത്തിന്റെ അടിസ്ഥാനശിലകളാണ് എന്നു പഠിപ്പിച്ചു.
അടഞ്ഞ സമുദായബോധമല്ല വേണ്ടത്
സമുദായബോധം വലിയ കൂട്ടായ്മകളിലേക്കുള്ള തുറവി നൽകുന്നതാകണം. കൂട്ടായ്മ എന്നത് ഇടുങ്ങിയ വഴികളിലൂടെയുള്ള യാത്രയല്ല. ശരിയായ സമുദായബോധം ഒരിക്കലും വിഭാഗിയതയിലേക്ക് എത്തില്ല. തുറവിയില്ലാത്ത ചിന്തകളിലൂടെയും യാത്ര ചെയ്യുന്നവരുണ്ട്. സമുദായ ബോധത്തോടുകൂടി നിന്നാൽ വ്യത്യസ്തസഭകളായി നില്ക്കുന്ന നസ്രാണികൾക്കെല്ലാം യൂത്തുഫോറങ്ങളും അല്മായഫോറങ്ങളും സമുദായത്തിലെ വിവിധ സഭകളിൽനിന്നുള്ള അംഗങ്ങളെ ചേർത്തുകൊണ്ട് രൂപീകരിക്കാനാകും. അതു ദേശീയതയ്ക്കും സ്വജാതീയതയ്ക്കും നല്ല മാനങ്ങൾ നൽകും. നേതൃത്വത്തിനുളള സാധ്യത രാഷ്ട്രീയത്തിൽ മാത്രമല്ല.
രാഷ്ട്രനിർമാണപ്രക്രിയയിൽ നടുനായകത്വം വഹിച്ച സമുദായനേതാക്കൾ നിരവധിയാണ്. രാഷ്ട്രീയരംഗം, വിദ്യാഭ്യാസ- ആരോഗ്യ മേഖലകൾ, വ്യവസായസംരംഭകത്വം, കൃഷി, പത്രപ്രവർത്തനം, ബാങ്കിംഗ് തുടങ്ങി ഒട്ടനവധി കാര്യങ്ങളിൽ ഇടപെട്ടു സമുദായത്തെയും ദേശത്തെയും കൂട്ടിയിണക്കുന്ന നസ്രാണികൾ ഏറെയുണ്ട്.
മതസൗഹൃദസഹവർത്തിത്വം
നസ്രാണികൾ എന്നും മതസൗഹൃദസഹവർത്തിത്വം എന്ന തത്വമാണ് സ്വീകരിച്ചുപോന്നത്. മറ്റു മതങ്ങളോടും സമുദായത്തോടും എതിർപ്പില്ല. രാജ്യത്തിന്റെ ഭരണാധികാരി ഏതു മതക്കാരനാണോ അണികൾ ആ മതം സ്വീകരിച്ചു കൊള്ളണം എന്നൊന്നും ഇവിടെ ഇല്ല. യുറോപ്പിന്റെ ചിന്താഗതിയും യുറോപ്പിന്റെ പരിമിതിയും അതായിരുന്നു. നസ്രാണികളുടെ മേൽ അടിച്ചേല്പിക്കാൻ വിദേശീയർ പരിശ്രമിച്ചതും ഇതു തന്നെയായിരുന്നു. മറ്റു സമുദായങ്ങളുടെ വളർച്ചയ്ക്ക് നമ്മൾ തടസമായിരുന്നില്ല. ഇന്ത്യൻ സംസ്കാരമായിരുന്നു നസ്രാണികളുടെത്, ഭാരത സംസ്കാരത്തിന്റെ സന്ദേശവാഹകരുമായിരുന്നു അവർ.
സമുദായം പുളിമാവാകണം
ഫ്രാൻസിസ് മാർപാപ്പ എല്ലാവരും സഹോദരർ എന്ന ചാക്രികലേഖനത്തിൽ പറയുന്ന പ്രാദേശികവും സാർവദേശീയവും എന്ന ചിന്ത ഇവിടെ പ്രസക്തമാണ്. ആഗോളതലത്തിൽ ചിന്തിക്കുമ്പോൾ തന്നെ നമ്മുടെ കാലിനെ മണ്ണിൽ ഉറപ്പിച്ചുനിർത്താൻ പ്രാദേശികതയിലേക്കുനോക്കണം. കാരണം ആഗോളതലത്തിൽ ഇല്ലാത്ത ചിലതു പ്രാദേശികതയിൽ ഉണ്ട്. അതിനൊരു പുളിമാവാകാനുള്ള കഴിവുണ്ട് (142). സ്വന്തം നാടിനോടും ജനതയോടും വേരുകളോടും തുറവി വേണം. ഉറച്ച അടിസ്ഥാനത്തിൽ നിന്നല്ലാതെ മാറ്റൊരാളെ അഭിമുഖീകരിക്കാനാവില്ല. സ്വന്തം തനിമയിൽ വേരുന്നി നിന്നേ വ്യത്യസ്തമായതിനെ സ്വാഗതം ചെയ്യാനാവൂ (143).
നമ്മുടെ മനസും ഹൃദയവും സങ്കുചിതമായാൽ ചുറ്റുമുള്ള ലോകത്തെ മനസിലാക്കാനുള്ള കഴിവ് കുറയും. വ്യത്യസ്തതകളെ അഭിമുഖീകരിക്കാൻ പഠിക്കേണ്ടതുണ്ട്. മറ്റു സംസ്കാരങ്ങൾ ശത്രുക്കളല്ല. മനുഷ്യജീവിതത്തിന്റെ ധന്യതയുടെ മറ്റൊരു മുഖമാണ് അത്. അപ്പോൾ നമ്മുടെ സംസ്കാരത്തിന്റെ തനിമ കൂടുതൽ തിരിച്ചറിയാൻ കഴിയും (147). ആരോഗ്യകരമായ തുറവി ഒരിക്കലും നമ്മുടെ സ്വത്വത്തിനു ഭീഷണിയല്ല. ആഗോളസമൂഹം വിവിധ രാജ്യങ്ങളുടെ ആകെത്തുകയല്ല. അവയ്ക്കിടയിൽ നിലനില്ക്കുന്ന കൂട്ടായ്മയാണ്(149).ശരിയായ സാർവത്രികത ചെറിയവരുടെ സവിശേഷതകളെ ഇല്ലാതാക്കുന്നില്ല (151). പൂർണമായി അടഞ്ഞ – ചരിത്രപരമായി നിശ്ചലമായ – തദ്ദേശീയത നല്ലതല്ല.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്