ന്യൂഡൽഹി: രാജ്യത്തെ എല്ലാവർക്കും കോവിഡ് വാക്സിൻ നൽകുമെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. കോവിഡിനെതിരെ ആന്റിബോഡി രൂപപ്പെട്ടവർക്ക് വാക്സിൻ നൽകേണ്ടതില്ലെന്ന സൂചനയും അദ്ദേഹം നൽകി.
മുൻഗണനാ വിഭാഗങ്ങൾക്ക് വാക്സിൻ നൽകി കോവിഡ് വ്യാപനത്തെ തടയുകയാണ് ലക്ഷ്യം. മുൻഗണനാ വിഭാഗങ്ങൾക്ക് വാക്സിൻ നൽകി വൈറസ് പടരുന്നത് തടയാൻ കഴിഞ്ഞാൽ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകേണ്ടതില്ലെന്നും ഭൂഷൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും നിർമിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ മൂന്നു സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെർ ചൽ സംവാദം നടത്തിയിരുന്നു. ജെന്നോവ ബയോഫാർമ, ഹൈദരാബാദ് ബയോളജിക്കൽ ഇ ലിമിറ്റഡ് ഹൈദരാബാദ്, ഡോ. റെഡ്ഢീസ് ലബോറട്ടറീസ് ലിമിറ്റഡ് ഹൈദരാബാദ് എന്നിവയിലെ ശാസ്ത്രജ്ഞരുമായാണു മോദി സംവദിച്ചത്.
നേരത്തെ കോവിഡ് പ്രതിരോധ വാക്സിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ മോദി അഹമ്മദാബാദ്, ഹൈദരാബാദ്, പൂന എന്നിവിടങ്ങളിലെ ഗവേഷ ണകേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. അഹമ്മദാബാദിലെ സൈഡസ് കാഡില്ലയുടെ ബയോടെക് പാർക്കിലെ ഗവേഷണ കേന്ദ്രത്തിലായിരുന്നു ആദ്യ സന്ദർശനം. പിപിഇ കിറ്റ് ധരിച്ചെത്തിയ മോദി, ഗവേഷകരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഒരു മണിക്കൂർ ഇവിടെ ചെലവഴിച്ചു.<