തിരുവനന്തപുരം: കെഎസ്എഫ്ഇയുമായി ബന്ധപ്പെട്ട ചർച്ചകൾ നീട്ടിക്കൊണ്ടുപോകാൻ താൽപര്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ പരിശോധിക്കുമെന്നും ക്രമക്കേടുണ്ടെങ്കിൽ തിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
വിവരങ്ങൾ ചോർന്നത് ആഭ്യന്തര വകുപ്പ് നോക്കട്ടെ. വിജിലൻസ് പരിശോധനയുടെ ഔചിത്യം എല്ലാ സ്ഥലത്തും ഒരുപോലെയല്ല. ഔചിത്യം അനുസരിച്ച് വേണം പരിശോധനയെന്നും ഐസക് കൂട്ടിച്ചേർത്തു.
അതേസമയം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകൾ നിഷേധിച്ച് കെഎസ്എഫ്ഇ ചെയർമാൻ പിലിപ്പോസ് തോമസ് രംഗത്തെത്തി. ബ്രാഞ്ചുകളിൽ വീഴ്ച കണ്ടെത്താൻ ഓഡിറ്റ് ടീമിന് കഴിഞ്ഞിട്ടില്ല.
സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയ ബ്രാഞ്ചുകളിൽ ഇന്ന് കെഎസ്എഫ്ഇ ആഭ്യന്തര ഓഡിറ്റ് സംഘം പരിശോധന നടത്തി. ഒരു ബ്രാഞ്ചിൽ പോലും വീഴ്ച കണ്ടെത്താനായിട്ടില്ലെന്നും പിലിപ്പോർ തോമസ് പ്രതികരിച്ചു.