അറുപത് വയസ്സ് കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ കൊടുക്കണം എന്ന ആശയം മുൻനിറുത്തി വൺ ഇന്ത്യ വൺ പെൻഷൻ (OIOP) എന്ന കാമ്പെയ്‌ൻ മലയോരങ്ങളിൽ സ്വാധീനം ഉറപ്പിക്കുകയാണ്. ഒറ്റ നോട്ടത്തിൽ കിടിലൻ ആശയം എന്ന് തോന്നുമെങ്കിലും എത്രമാത്രം പ്രവർത്തികമാകും എന്ന് മാത്രം ആരും ചിന്തിക്കുന്നില്ല. ഒറ്റ നോട്ടത്തിൽ നിഷ്പക്ഷം എന്ന് തോന്നിക്കുന്ന ഈ കാമ്പെയ്‌ൻ ആരുടെ സൃഷ്ടിയാണ് എന്ന് കാലം തെളിയിക്കും. പണ്ട് റാം ലീല മൈതാനത്ത് അണ്ണാ ഹസാരയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ സമരവും പ്രത്യക്ഷത്തിൽ നിഷ്പക്ഷം ആയിരുന്നു. അഴിമതിയോ?? ഇപ്പൊ ശെരിയാക്കിത്തരാം എന്നുപറഞ്ഞപ്പോൾ അതിനെ രണ്ടാം സ്വാതന്ത്ര്യസമരത്തിനോടാണ് പലരും ഉപമിച്ചത്. 2014 നു ശേഷം എന്ത് സംഭവിച്ചു. അണ്ണാ ഹസാരെയെ കാണണമെങ്കിൽ പത്രത്തിൽ കാണ്മാനില്ല പരസ്യം കൊടുക്കണ്ടേ അവസ്ഥയായി. റാം ദേവ് കോടികളുടെ ആസ്തിയുള്ള പതഞ്‌ജലി ബിസിനസ്സ് ബില്ലിനിയർ ആയി. കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയും. അഴിമതിക്കെതിരെയുള്ള സമരമാമാങ്കത്തിന് ശുഭാന്ത്യം.
ഇതു ഇന്ത്യയാണ് . നോർവേയോ ഫിൻലണ്ടോ, ന്യൂസിലാൻഡോ ഒന്നുമല്ല. ഇവിടെ ആദ്യം വേണ്ടത് മാന്യമായ തൊഴിൽ അവസരങ്ങളാണ്. ആളുകൾക്ക് തൊഴിൽ അവസരങ്ങൾ ഇല്ലെങ്കിൽ ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക അവസ്ഥ താളം തെറ്റും. എല്ലാവർക്കും ജോലിയും മാന്യമായ വരുമാനവും ഉറപ്പാകുമ്പോൾ പങ്കാളിത്ത പെൻഷൻ പോലുള്ള സംവിതങ്ങളെ ശക്തിപ്പെടുത്തുക വഴി എല്ലാവർക്കും പെൻഷൻ എന്ന ആശയത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നതാണ്. അതൊന്നുമില്ലാതെ പതിനായിരം പെൻഷൻ വേണം അന്ന് ശഠിക്കുന്നത് ഇരിക്കുന്നതിന് മുൻപേ കാല് നീട്ടുന്നതിന് സമം ആണ്.
പലപ്പോഴും സമൂഹത്തെയും സാമ്പത്തിക അവസ്ഥകളെയും അസമാനതകളെയും സാകല്യത്തിൽ കാണാതെ സിംഗിൾ ഇഷ്യൂ ക്യാമ്പയിൻ യഥാർത്ഥത്തിൽ അവസരവാദ രാഷ്രീയമാണ്. അക്കരപ്പച്ച എന്ന് പറഞ്ഞു ആളുകളെ വഴിതെറ്റിക്കുന്നവർക്കും അറിയാം ഒന്നും സംഭവിക്കാൻ പോകുന്നില്ല. ആളുകളെ കൂട്ടാൻ ഒള്ള ഒരു ഉപാധി മാത്രമാണ് പതിനായിരം പെൻഷൻ. എല്ലാ ചൂഷകരും എല്ലാക്കാലത്തും പാവപ്പെട്ടവന്റെ പേരുപറഞ്ഞാണ് തട്ടിപ്പുകൾ ഫലപ്രദമായി നടത്തിയിട്ടുള്ളത് . ഒ ഐ ഒ പി യും അതുതന്നെ. പൊതുജനത്തിന് സ്വപ്ങ്ങൾ വിൽക്കുക., തങ്ങളുടെ ഗൂഢലക്ഷ്യങ്ങൾ അതിന്റെ മറവിൽ നേടിയെടുക്കുക.
ഇന്ത്യയിൽ 60 വയസ്സിന് മുകളിൽ ഉള്ള 10.4 കോടി ജനങ്ങളുണ്ട്. സാമ്പത്തികമായി ഒരേ ശ്രേണിയിൽ നിക്കുന്നവരല്ല ഈ ജനങ്ങൾ. ഒറ്റയടിക്ക് ഇവർക്കു എല്ലാം പെൻഷൻ കൊടുക്കുക എന്നത് ബുദ്ധിമുട്ടേറിയതും സർക്കാരിനുമേൽ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതുമായ നടപടിയാകും. ആദ്യം പെൻഷൻ കൊടുക്കേണ്ടത് വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മനുഷ്യർക്കാണ്.
നിലവിലുള്ള പെൻഷൻ പദ്ധതിയെക്കുറിച്ച് പലർക്കും ഉള്ള അറിവില്ലായ്മയാണ് ഒ ഐ ഒ പി പ്രചരിപ്പിക്കുന്നവരുടെ ആയുധം. ഇന്ത്യാ ഗവൺമെൻ്റ് 1/1/2004 മുതലും കേരളാ ഗവൺമെൻ്റ് 1/4/2013 മുതലും സർക്കാർ ജീവനക്കാർക്കായുള്ള പെൻഷൻ പദ്ധതികൾ പരിഷ്കരിച്ചിട്ടുണ്ട്. പുതിയ പെൻഷൻ പദ്ധതിയെ പങ്കാളിത്ത പെൻഷൻ പദ്ധതി എന്ന പേരിലാണ് അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ ജീവനക്കാരുടെ പെൻഷൻ സാമ്പത്തിക ബാദ്ധ്യത സർക്കാരിൽ നിന്നും മാറ്റി പെൻഷൻഫണ്ട് മാനേജർമാർ ആയി തിരഞ്ഞെടുത്ത ഒര കൂട്ടം സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഒരു ബോഡിയെ ഏൽപ്പിച്ചിരിക്കുകയാണ്. ജീവനക്കാർ അവരുടെ ആകെ ശമ്പളത്തിൻ്റെ 10% നിർബന്ധമായും പെൻഷൻഫണ്ടിലേക്ക് മാറ്റണം. തുല്യ തുക തൊഴിലുടമ അഥവാ സർക്കാരും ഫണ്ടിലേക്ക് അടക്കണം. ഇങ്ങനെ സമാഹരിക്കുന്ന തുക ഫണ്ട് മാനേജർമാർക്ക് മാർക്കറ്റ് ചെയ്യുകയും ലാഭം ഉണ്ടാക്കാൻ അനുവദിക്കുകയും ചെയ്യും.
ഒരു ജീവനക്കാരൻ വിരമിക്കുമ്പോൾ അയാളുടെ പെൻഷൻ ഫണ്ടിൽ ആകെ ബാക്കി നിൽക്കുന്ന തുകയെ അടിസ്ഥാനമാക്കി ഒരു നിശ്ചിത ശതമാനം അയാൾക്ക് ഒരു സംഖ്യയായി പിൻവലിക്കാം. ബാക്കി നിൽക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ഫിനാൻഷ്യൽ മാർക്കറ്റിൻ്റെ വേരിയേഷൻ അനുസരിച്ച് ഒരു വിഹിതം പ്രതിമാസം ജീവനാംശമായി വിരമിച്ച ജീവനക്കാരന് ലഭിക്കുന്നു. ഇതാണ് പുതിയ പെൻഷൻ നിയമം. മുൻപ് നിലവിലിരുന്ന പെൻഷൻ സമ്പ്രദായം സ്റ്റാറ്റ്യൂട്ടറി പെൻഷൻ കേന്ദ്ര ഗവൺമെൻ്റിൽ 2004 ന് മുൻപ് സർവീസിൽ ഉണ്ടായിരുന്നവർക്ക് മാത്രമായും കേരളാ സർക്കാർ ജീവനക്കാരിൽ 2013 ഏപ്രിൽ 1ന് മുൻപ് സേവനത്തിൽ പ്രവേശിച്ചവർക്കും മാത്രമാണ്. ഓരോ വർഷവും സർക്കാർ സേവനത്തിൽ പ്രവേശിക്കുന്നവരുടെ എണ്ണം കണക്കാക്കിയാൽ വരുന്ന കുറച്ചു വർഷത്തിനുള്ളിൽ വളരെ കുറഞ്ഞ ആൾക്കാർക്ക് മാത്രമേ സ്റ്റാറ്റ്യൂട്ടറി പെൻഷൻ ആനുകൂല്യം ഉണ്ടാകുകയുള്ളൂ.ഭൂരിഭാഗം ജീവനക്കാരും പങ്കാളിത്ത പെൻഷൻകീഴിൽ വരും. അങ്ങനെ ക്രമാനുഗതമായി സർക്കാരിൽ നിക്ഷിപ്തമായ പെൻഷൻ ബാദ്ധ്യത പെൻഷൻഫണ്ട് മാനേജർമാർക്ക് കൈമാറുന്ന പ്രക്രിയ ആണ് നടപ്പിലായിക്കൊണ്ടിരിക്കുന്നത്. ഇതാണ് വസ്തുത.
ഇനി രാജ്യത്തെ ഏതൊരു പൗരനും പെൻഷൻ വേണം എന്നാണെങ്കിൽ അതിനും പുതിയ പെൻഷൻ പദ്ധതി NPS (നാഷണൽ പെൻഷൻ സ്‌കീം) പ്രകാരം വ്യവസ്ഥയുണ്ട്. സമീപത്തെ ഏതെങ്കിലും ദേശസാൽകൃത ബാങ്കിനെ സമീപിച്ചാൽ പെൻഷൻ പദ്ധതികൾ അവർ വിശദമാക്കിത്തരും. ജീവനക്കാർ മാസശമ്പളത്തിൻ്റെ 10% നിർബന്ധമായും നിക്ഷേപിക്കണം എന്നാണെങ്കിൽ അല്ലാത്ത സാധാരണ പൗരന്മാർക്ക് അവരുടെ വരുമാനത്തിനനുസരിച്ചുള്ള ഒരു വാർഷിക പ്രീമിയം തിരഞ്ഞെടുക്കാവുന്നതാണ്. 60 വയസ് എന്നാണ് അറിവ് അതുവരെ നിക്ഷേപം തുടരണം. അതിനു ശേഷം നിങ്ങളുടെ പെൻഷൻ ഫണ്ടിൽ ബാക്കിയുള്ള തുകയെ അടിസ്ഥാനമാക്കി നിങ്ങൾക്കും പെൻഷൻ ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്കും അവരവർക്ക് യോജിക്കുന്ന പെൻഷൻ പദ്ധതികളിൽ ഭാഗമാകാൻ അവസരമുണ്ട്. അത് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
സമീപ ഭാവിയിൽ പെൻഷൻ മൂലം ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാദ്ധ്യതയെ മറികടക്കാൻ വർഷങ്ങൾക്ക് മുന്നേ തന്നെ ഗവൺമെൻ്റുകൾ ക്രമീകരണം ഏർപ്പെടുത്തി ആ ബാദ്ധ്യത തലയിൽ നിന്നും ഒഴിവാക്കി കൈകഴുകിയിരിക്കുമ്പോൾ ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനം അതായത് 125 കോടി ക്ക് മുകളിൽ ജനസംഖ്യയുള്ള ഒരു രാജ്യത്ത് 60 വയസ് കഴിഞ്ഞഓരോ പൗരനും മാസം 10000 രൂപ പെൻഷൻ നൽകുന്നതിനുള്ള സാമ്പത്തിക ബാദ്ധ്യത ഏതെങ്കിലും സർക്കാർ ഏറ്റെടുക്കുമോ എന്ന് ഓരോരുത്തരും ചിന്തിക്കണം. ഏറ്റെടുത്താൽ അത് മൂലം ഉണ്ടാകുന്ന അധിക സാമ്പത്തികബാധ്യത നമ്മുടെ നാടിനെ സാമ്പത്തിക അരാജകത്തിലേക്ക് നയിക്കാൻ മാത്രം ശക്തമായിരിക്കും.
ദയവായി ഫിൻലൻഡ് നോർവേ ഡെന്മാർക്ക് കഥകൾ പറയരുത്. ഈ രാജ്യങ്ങളിലെ നികുതികണക്ക് ആണ് താഴെ കൊടുത്തിരിക്കുന്നത്.
നെതർലൻഡ്‌സ് 36,55% – 51,95%
ഡെൻമാർക്ക് 37 %- 57 %
ഫിൻലൻഡ് 30 % -34 %
ജനസംഖ്യ കണക്കും പ്രതിശ്രീർഷക വരുമാനവും താരതമ്യം ചെയ്താൽ കടലും കടലാടിയും പോലുള്ള വ്യത്യാസം കാണാം. ഉദാഹരണത്തിന് നോർവേയിൽ ഉള്ളത് കഷ്ട്ടിച്ചു അമ്പത് ലക്ഷം പേർ.പ്രതിശ്രീർഷക വരുമാനം 69000 ഡോളർ . ഇന്ത്യയിൽ 1.32 ബില്യൺ .പ്രതിശീർഷക വരുമാനം 2014 ഡോളർ.
ഇന്ത്യയിലെ സാഹചര്യങ്ങൾ മനസ്സിലാക്കി എല്ലാ സാമ്പത്തിക സാമൂഹിക പ്രായോഗിക വശങ്ങൾ കണക്കാകാതെ എല്ലാവർക്കും ഒരേ പെൻഷൻ എന്നു പറഞ്ഞാൽ അത് എളുപ്പം അല്ല. ഇന്ത്യൻ സാഹചര്യങ്ങൾ മനസിലാക്കി പങ്കാളിത്ത പെൻഷൻ കൂടുതലായി പ്രോൽസാഹിപ്പിച്ചുടെ എന്ന ചോദ്യം പല ഒ ഐ ഒ പി ചർച്ചാവേദികളും ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറുപടികൾ ലഭിക്കാറില്ല. പങ്കാളിത്തപെൻഷനെ കുറിച്ചുള്ള അറിവില്ലായ്മ അല്ല കാരണം. പങ്കാളിത്ത പെൻഷനെക്കുറിച്ചു ആളുകളെറിഞ്ഞാൽ ഒ ഐ ഒ പി യുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടും. അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ പറ്റിയ ഒരു ജനക്കൂട്ടം അവരുടെ കൂടെ പിന്നെ കാണില്ല. ചുരുക്കി പറഞ്ഞാൽ പെൻഷൻ വാങ്ങി കൊടുക്കണം എന്നത് അല്ല ഇവരുടെ ലക്ഷ്യം. എന്ന് സാരം.
മനു തോമസ്