തിരുവനന്തപുരം: കെഎസ്എഫ്ഇയില്‍ നടന്ന വിജിലന്‍സ് പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്എഫ്ഇയില്‍ നടന്നത് സാധാരണയായി നടക്കുന്ന പരിശോധനയാണ്.
സ്ഥാപനത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കുന്ന നടപടികളുണ്ടെന്ന കണ്ടെത്തലിന്റെ പുറത്താണ് വിജിലന്‍സ് പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഏതെങ്കിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രമക്കേട് നടക്കുന്നു എന്ന രഹസ്യ വിവരം കിട്ടിയാൽ വിജിലന്‍സിലെ ഇന്റലിജൻസ് വിഭാഗം രഹസ്യമായി വിവരം ശേഖരിക്കും. അത് ശരിയാണെന്ന് കണ്ടാൽ അതത് യൂണിറ്റ് മേധാവികൾ സോഴ്സ് റിപ്പോര്‍ട്ട് തയാറാക്കും.
ഈ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിക്കാന്‍ മുന്‍കൂട്ടി അറിയച്ച ശേഷം പരിശോധന നടത്തും. അതാണ് കെഎസ്എഫ്ഇയില്‍ നടന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സാധാരണ നടക്കുന്ന വിജിലന്‍സ് പരിശോധനയ്ക്കുശേഷം റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് അയക്കും. ഇതില്‍ നടപടി ആവശ്യമുള്ളതാണെങ്കില്‍ തുടര്‍നടപടി സ്വീകരിക്കും. ഇത് സാധാരണ നടപടിക്രമമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.