തിരുവനന്തപുരം: നെയ്യാർ സ്റ്റേഷനിൽ പരാതിക്കാരനേയും മകളേയും അപമാനിച്ച സംഭവത്തിൽ എഎസ്ഐക്കെതിരേ ഡിഐജിയുടെ റിപ്പോർട്ട്. ഗ്രേഡ് എസ്ഐ ഗോപകുമാറിന്റെ പെരുമാറ്റം പോലീസ് സേനയുടെ യശസിനു കളങ്കമേൽപ്പിച്ചെന്നും ഗോപകുമാറിനു കേസിൽ ഇടപെടേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും റേഞ്ച് ഡിഐജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പ്രകോപനമുണ്ടാക്കിയെന്ന ഗോപകുമാറിന്റെ വാദം അംഗീകരിക്കാനാവില്ല. എഎസ്ഐ സിവിൽ ഡ്രസിലായിരുന്നതും വീഴ്ചയാണ്. ഗോപകുമാറിനെതിരെ വകുപ്പുതല നടപടികൾ തുടരണം. മേലുദ്യോഗസ്ഥരുടെ സാനിധ്യത്തിലാണു ഗോപകുമാർ പരാതിക്കാരെ അധിക്ഷേപിച്ചത്. അതുകൊണ്ടു മേലുദ്യോഗസ്ഥർക്കെതിരേയും നടപടി വേണം. പരാതിക്കാരോട് അപമര്യാദയോടെയാണു ഗോപകുമാർ പെരുമാറിയെന്നും ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ റിപ്പോർട്ടിൽ വ്യക്തമാക്കി.
കുടുംബപ്രശ്നത്തിൽ പരാതി നൽകാനെത്തിയ സുദേവനെയും മകളെയും കഴിഞ്ഞ വ്യാഴാഴ്ചയാണ് നെയ്യാർ ഡാം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാർ അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഗോപകുമാറിനെ ഇടുക്കിയിലേക്കു സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ അന്വേഷണവും കൂടുതൽ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവൻ നെടുമങ്ങാട് ഡിവൈഎസ്പിക്കു പരാതി നൽകിയിട്ടുണ്ട്.