ന്യൂഡൽഹി: കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി രണ്ടാഴ്ചയ്ക്കയ്ക്കുള്ളിൽ അപേക്ഷ സമർപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദർ പൂനാവാല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ എത്ര ഡോസ് വാക്സിനുകൾ വാങ്ങും എന്നതു സംബന്ധിച്ചു കേന്ദ്ര സർക്കാരുമായി ധാരണകൾ ഒന്നുമില്ല. എന്നാൽ, അടുത്ത വർഷം ജൂലൈയോടെ 300-400 ദശലക്ഷം ഡോസുകൾ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൂനാവാല പറഞ്ഞു. ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനെക്കയും ചേർന്നു വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ ഇന്ത്യയിലെ നിർമാതാക്കളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്.
ഇന്ത്യയിലെ വാക്സിൻ നിർമാണ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സന്ദർശനം നടത്തിയിരുന്നു. വാക്സിൻ നിർമാണവും മറ്റു പ്രവർത്തനങ്ങളും ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.