കോട്ടയം: പൊതുതെരഞ്ഞെടുപ്പുകളിൽ ക്രൈസ്തവസമുദായത്തെ ചില രാഷ്ട്രീയ പാർട്ടികളും മുന്നണികളും സ്ഥിരനിക്ഷേപമായി കണ്ടിരുന്ന കാലം കഴിഞ്ഞുവെന്നും വർഗീയ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുന്നവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവ. അഡ്വ.വി.സി. സെബാസ്റ്റ്യൻ.
തെരഞ്ഞെടുപ്പ് ചരിത്രത്തിലെ സ്ഥിരം വോട്ടുബാങ്ക് ശൈലി വീണ്ടും ആവർത്തിക്കാൻ ക്രൈസ്തവസമൂഹം തയാറല്ല. ഇന്നലെകളിൽ തെരഞ്ഞെടുപ്പുവേളകളിൽ ക്രൈസ്തവർ പിന്തുണച്ചവർ അധികാരത്തിലിരുന്ന് എന്തു നേടിത്തന്നുവെന്ന് വിലയിരുത്തപ്പെടണം.
പ്രശ്നാധിഷ്ഠിതവും വിഷയാധിഷ്ഠിതവും ആദർശമൂല്യങ്ങളിൽ അടിയുറച്ചതുമായ രാഷ്ട്രീയ സമീപനവും സമുദായപക്ഷ നിലപാടും വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ ഒരുമിച്ചിരുന്ന് രൂപപ്പെടുത്തുന്നില്ലെങ്കിൽ നിലനില്പുതന്നെ അപകടത്തിലാകും.
കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങളാണ് സഭയുടെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനം. തീവ്രവാദവും അഴിമതിയും ധൂർത്തും എക്കാലവും എതിർക്കപ്പെടണം. ജനങ്ങളുടെ ജീവനും ജീവിതത്തിനും നിരന്തരമുയരുന്ന വെല്ലുവിളികളും കോവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള പ്രതിസന്ധികളും പരിഹാരങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകണം.