വിശുദ്ധ മത്തായിയുടെ സുവിശേഷം ഒൻപതാം അധ്യായത്തിൽ ഈശോ നൽകുന്ന രോഗ സൗഖ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതിൻ്റെ അവസാനത്തിലാണ് വിളവിൻ്റെ നാഥനോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുന്നത്. സമൃദ്ധമായ വിളവ് തമ്പുരാൻ തരുന്ന ഉറപ്പാണ്. നമ്മുടെ വിശ്വാസത്തിൻ്റെ അഭാവം ഓർത്ത് ആകുലത വേണ്ട ,വേലക്കാരുടെ കുറവും നമുക്ക് പരിഹരിക്കാനാവില്ല. കാരണം വിളിയും തമ്പുരാൻ്റെ തീരുമാനമാണ്. നമ്മുടെ പ്രാർത്ഥനയുടെ നിലവിളികൾ അനേകരുടെ വിളിക്ക് കാരണമാകും എന്ന ഉറപ്പാണ് വചനം നമുക്ക് തരുന്നത്. ഇവിടെ രണ്ടു കാര്യങ്ങളാണ് വ്യക്തമാകുന്നത്.
1. വിളവിൻ്റെ സമൃദ്ധി
2. ആ സമൃദ്ധിയിൽ അനേകർ എത്തണമെന്ന തീവ്രമായ പ്രാർത്ഥന.
കർഷകൻ നെഞ്ചിലേറ്റുന്ന സ്വപ്നമാണ് സമൃദ്ധമായ വിളവ്. കർഷകൻ്റെ സ്വപ്നസാക്ഷാത്കാരം നന്മയുള്ള സുമനസ്സുകളാണ്, മുപ്പതു മേനിയും അറുപതു മേനിയും നൂറു മേനിയും നന്മകൾ നിറഞ്ഞ മനുഷ്യർ ഇന്നു ലോകത്തിൽ ഉണ്ട്. അവരെയും ഈ വിളവിൻ്റെ സമൃദ്ധിയിലേക്ക് എത്തിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ദൈവവും മറ്റൊന്നല്ല ആഗ്രഹിക്കുക. ദൈവം സമൃദ്ധിയുടെ നിറവാണ്. അവൻ…. അല്പമോ …കുറവോ… കൃത്യമോ…അല്ല….അവൻ എപ്പോഴും അധികം നല്കുന്നവനാണ് ….. യജമാനനും, വിത്തും, നിലവും ഉണ്ടെങ്കിലും വേലക്കാരില്ലെങ്കിൽ യാതൊരു ഫലവുമില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിശുദ്ധൻ. എന്നറിയപ്പെടുന്ന ഭാഗ്യസ്മരണാർഹനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്. സുവിശേഷത്തിൻ്റെ ദീപം എത്താത്തിടത്ത് അത് തെളിക്കുവാനും അത് മങ്ങിയിടത്ത് ആളികത്തിക്കാനും ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു. വാക്കുകൾ കൊണ്ട് ആയില്ലെങ്കിൽ രക്തം കൊണ്ട് നമുക്കവരെ നേടാം. അതിനാൽ ക്രിസ്തുവിനായി നമുക്ക് ഹൃദയ കവാടങ്ങളെ മലർക്കെ തുറക്കാം. ലോകം മുഴുവൻ ക്രിസ്തുവിനുവേണ്ടി നേടുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ടവരാണ് മാമോദിസ സ്വീകരിച്ചിരിക്കുന്ന ഓരോ ക്രിസ്ത്യാനിയും എന്നത് നമുക്ക് മറക്കാതിരിക്കാം.. അങ്ങനെ ഉത്തമ ക്രൈസ്തവരായി ജീവിക്കുന്നതിലൂടെ ”നമ്മുടെ പ്രാർത്ഥനയുടെ നിലവിളികൾ അനേകരുടെ വിളിക്ക് കാരണമായി തീരട്ടെ.