ദ്വിജൻ
ഇന്ത്യൻ ഭരണഘടന മുന്നാക്ക സമുദായങ്ങളിലെ പവപ്പെട്ടവർക്ക് അനുവദിച്ച പത്തു ശതമാനം സാമ്പത്തിക സംവരണത്തെ പോലും എതിർക്കുന്നതിലൂടെ ഇന്ത്യൻ യൂണിയൻ മുസ്സീം ലീഗിനു പണ്ടില്ലാതിരുന്ന കൈകേയി സിൻഡ്രോം പിടികൂടിയതായി ശക്തമായ ഭീതി കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെങ്കിലും പടരുകയാണ്. ഭരതനു രാജ്യം കൊടുത്താൽ മാത്രം പോരാ, രാമൻ വനവാസത്തിനു പോകണം എന്നുകൂടി ആവശ്യപ്പെടുന്ന മനസികനിലയാണു കൈകേയി സിൻഡ്രോം.
1906ൽ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ലീഗ് 1947ൽ ഭാരതത്തെ വെട്ടിമുറിച്ച് പാക്കിസ്ഥാനുമായി പോയശേഷം ഇന്ത്യ മാതൃഭൂമിയാക്കിയ മുസ്ലിങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനമായി 1950ൽ രൂപംകൊണ്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പണ്ട് ഇങ്ങനെ ഒന്നുമല്ലായിരുന്നു. തങ്ങളുടെ സമുദായത്തിനു വേണ്ടതെല്ലാം സ്വന്തമാക്കിയിരുന്നു എന്നല്ലാതെ മറ്റുള്ളവർക്കു കൊടുക്കുന്നതിനോട് ഇന്നത്തെ എതിർപ്പ് കാണിച്ചിരുന്നില്ല. ഇന്ന് അവരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജനാധിപത്യ മുന്നണിയെയും മുന്നാക്കവിരുദ്ധരാക്കുന്നു.
ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ ഉണ്ടായിരുന്നതും പിണറായി വിജയൻ സർക്കാർ നടപ്പാക്കിയതുമായ ഇഡബ്ള്യുഎസ് സംവരണത്തിനെതിരെ ലീഗിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നു. ജനാധിപത്യമുന്നണിക്കു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് പോലും ഇഡബ്ള്യുഎസ് സംവരണ തീരുമാനത്തെ ആദ്യം എതിർത്തു. സുപ്രീം കോടതി വിധിക്കു ശേഷം നടപ്പാക്കിയാൽ മതി എന്നു മലപ്പുറത്തു പ്രസ്താവിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനു രാഷ്ട്രീയ കാര്യ സമിതി യോഗത്തിനു ശേഷം കോണ്‍ഗ്രസ് സാന്പത്തിക സംവരണത്തിന് എതിരല്ല എന്നു പ്രഖ്യാപിക്കേണ്ടിവന്നു.
ഈ ഭരണഘടനാ ഭേദഗതിക്കു പാർലമെന്റിൽ കൈപൊക്കിയ പാർട്ടിയായിരുന്നു കോണ്‍ഗ്രസും എന്ന് അറിയുന്പോഴാണ് കേരളത്തിലെ നേതൃത്വം എന്തുമാത്രം ലീഗ് ഭയത്തിലാണു കഴിയുന്നതെന്നു മനസിലാകുന്നത്.
കരുണാകരനെ മുട്ടുകുത്തിച്ച കഥ
1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് ഇ.എം.എസ് നമ്പൂതിരിപ്പാട് അധ്യക്ഷനായി ഉണ്ടായിരുന്ന ഭരണപരിഷ്കാര കമ്മീഷൻ മുന്നോട്ടുവച്ച നിർദേശമായിരുന്നു സാന്പത്തിക സംവരണം. എന്നാൽ, സാന്പത്തിക സംവരണം നടപ്പാക്കാൻ ആദ്യം തീരുമാനിച്ച മുഖ്യമന്ത്രി കോണ്‍ഗ്രസിലെ കെ. കരുണാകരനായിരുന്നു. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കരുണാകരൻ കേരളത്തിൽ 15 ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ചു.
ജനാധിപത്യമുന്നണിയിലെ കേരള കോണ്‍ഗ്രസിന്റെയും നായന്മാരുടെ പാർട്ടിയായ എൻഡിപിയുടെയും ദീർഘകാലമായ ആവശ്യമായിരുന്നു സാന്പത്തിക സംവരണം. ജനാധിപത്യമുന്നണിയുമായി അകന്നുതുടങ്ങിയ നായർ സമുദായ സംഘടനയെ തൃപ്തിപ്പെടുത്താനാണു കരുണാകരൻ ആ തീരുമാനം എടുത്തത്. തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തിൽ നിന്നു ലീഗ് മന്ത്രിമാരായ ഇ. അഹമ്മദും യു.എ. ബീരാനും ഇറങ്ങിപ്പോയി. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ലീഗ് മുന്നണി വിടുമെന്നു ഭീഷണിപ്പെടുത്തി. ലീഗുകാർ കൊച്ചിയിൽ സമാന മനസ്കരുടെ സമ്മേളനം വിളിച്ചുകൂട്ടി. കരുണാകരൻ കൊച്ചിയിൽ പറന്നെത്തി. മന്ത്രിസഭാ തീരുമാനം നിയമസഭാ തെരഞ്ഞെടുപ്പു വരെ നടപ്പാക്കില്ലെന്ന് അടിയറ പറഞ്ഞു. പിന്നീടു കോണ്‍ഗ്രസ് ഇക്കാര്യം മിണ്ടിയിട്ടില്ല.
കോണ്‍ഗ്രസ് ലീഗിനു വഴങ്ങിയതിൽ എൻഎസ്എസ് വല്ലാതെ ക്ഷുഭിതരായി. കരുണാകരനുമായി ഫോണിൽ സംസാരിക്കാൻ പോലും എൻഎസ് എസ് നേതാവ് നാരായണപ്പണിക്കർ വിസമ്മതിച്ചു. മുന്നാക്കക്കാർ എന്തുവന്നാലും കൂടെനിൽക്കും എന്ന വിശ്വാസത്തോടെ കരുണാകരൻ മുന്നോട്ടുപോയി. തമ്മിൽ തല്ലിക്കൊണ്ടിരുന്നു കേരള കോണ്‍ഗ്രസുകാർ ഈ മർമപ്രധാന വിഷയത്തിൽ നിശബ്ദത പാലിച്ചു. ലീഗ് ജയിച്ചു. ലീഗിനു വേണ്ടതു നടത്താനുള്ള സംവിധാനമായി ജനാധിപത്യമുന്നണി മാറുകയായിരുന്നു.
കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും തമ്മിൽത്തല്ലുന്ന ഗ്രൂപ്പുകാർക്കു ലീഗ് പിന്തുണ അനിവാര്യമായിരുന്നു. അതുകൊണ്ടു ലീഗ് തട്ടിക്കൊണ്ടുപോകുന്നതെല്ലാം സമ്മതിച്ച് അധികാരം നിലനിർത്തും. 2020ൽ പിണറായി വിജയൻ ആ തീരുമാനം സുധീരം നടത്തുന്പോഴും ലീഗിനെ ഭയന്ന് കോണ്‍ഗ്രസ് നിശബ്ദത പാലിച്ചു. പിണറായിയെ സംബന്ധിച്ചിടത്തോളം ഇതു പ്രകടനപത്രികയിലെ വാഗ്ദാനമാണ്. 1957ൽ ഇ.എം.എസ് അധ്യക്ഷനായ ഭരണപരിഷ്കരണ സമിതി സമർപ്പിച്ച ശിപാർശയാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയാണ്. എന്നിട്ടും ലീഗ് അടങ്ങുന്നില്ല. അവർ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. ലീഗിന് ഇഷ്ടപ്പെടില്ല എന്ന് കരുതി കോണ്‍ഗ്രസ് അനങ്ങാതിരുന്നു.
പക്ഷേ, ഒക്ടോബർ 28 ലെ ദീപികയിൽ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ലീഗിനും കോണ്‍ഗ്രസിനും എതിരെ ശക്തമായ നിലപാട് എടുത്തതോടെ കോണ്‍ഗ്രസ് സാന്പത്തിക സംവരണത്തിന് പിന്തുണ പ്രഖ്യാപിച്ചു. ലീഗ് വിടുമെന്നു തോന്നുന്നില്ല. അതല്ല അവരുടെ രീതി. കേരളത്തിലെ എല്ലാ ജില്ലകളിലെയും ഏറ്റവും സന്പന്നരുടെ സമുദായമായ മുസ്ലീങ്ങൾ പിന്നാക്കക്കാർ എന്ന പേരിൽ 12 ശതമാനം സംവരണം നേടിയശേഷമാണ് ഈ എതിർപ്പ്. വിദ്യാഭ്യാസരംഗത്തും മത്സരപരീക്ഷകളിലും ജനറൽ സീറ്റുകളിലും മികച്ച നേട്ടം അവർ കൈക്കലാക്കുന്നു.
കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങൾ
മുന്നണി സംവിധാനം ഉപയോഗിച്ച് എന്തെല്ലാം നേടിയാലും തങ്ങളുടെ വിഷയം വരുന്പോൾ കുഞ്ഞാലിക്കുട്ടി കലാപം തുടങ്ങും. ജനാധിപത്യമുന്നണിയിൽ മാത്രമല്ല എല്ലാ കക്ഷികളിലും പെട്ട നേതാക്കളുമായി താനുണ്ടാക്കുന്ന വ്യക്തിബന്ധങ്ങൾ ലീഗിനുവേണ്ടി ഉപയോഗിക്കാൻ അസാധാരണ വിരുതുള്ളയാളാണ് അദ്ദേഹം.
കുഞ്ഞാലിക്കുട്ടി പടനയിച്ച് രണ്ടു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ വെള്ളം കുടിപ്പിച്ച സംഭവമായിരുന്നു നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്. 2001 ൽ പിന്നാക്ക സമുദായക്കാർക്കായി നിയോഗിക്കപ്പെട്ട ജസ്റ്റീസ് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി എ.കെ. ആന്റണിയെയും ഉമ്മൻ ചാണ്ടിയെയും സമ്മർദത്തിലാക്കി നടപ്പാക്കാൻ നോക്കി. ലീഗിന്റെ ഭീഷണിക്കു വഴങ്ങാൻ ആന്റണി കൂട്ടാക്കിയില്ല. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പു പരാജയം വിലയിരുത്തുന്നതിന് കോവളത്തു കൂടിയ ജനാധിപത്യമുന്നണി യോഗത്തിൽ ആന്റണിയും കുഞ്ഞാലിക്കുട്ടിയും തമ്മിൽ ഏറ്റുമുട്ടി.
രണ്ടും കല്പിച്ച ആന്റണി, ഗൾഫ് പണത്തിന്റെ അഹങ്കാരത്തിൽ ചില ന്യൂനപക്ഷങ്ങൾ കാണിക്കുന്ന ധിക്കാരത്തിനെതിരെ ആഞ്ഞടിച്ചു. ഒരു സമുദായത്തിന്റെയും പേര് അദ്ദേഹം പറഞ്ഞില്ല. 2004 ഓഗസ്റ്റ് 29ന് അദ്ദേഹം രാജിവച്ചത് ഈ കലാപത്തിന്റെ ബാക്കിപത്രം കൂടിയായിരുന്നു. തുടർന്നു വന്ന ഉമ്മൻ ചാണ്ടി സർക്കാർ 2006ൽ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കി ലീഗിന്റെ ഇഷ്ടം സാധിച്ചുകൊടുത്തു. 2006 ലെ തെരഞ്ഞെടുപ്പിൽ ലീഗ് ജയിച്ചെങ്കിലും കോണ്‍ഗ്രസ് തോറ്റു.
ചത്ത കുതിരയും കോണ്‍ഗ്രസും
“ചത്ത കുതിര” എന്നു ജവഹർലാൽ നെഹ്റു എന്നു വിളിച്ച ലീഗിനെ കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ കോണ്‍ഗ്രസിലെ ചാക്കോ ഗ്രൂപ്പാണു മുൻകൈ എടുത്തത്. 1957 ലെ കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ കോണ്‍ഗ്രസ് നയിച്ച വിമോചനസമരത്തിൽ ചാക്കോ ലീഗിനെയും കൂട്ടി. ലീഗിനെ അറിയുന്ന മലബാറിലെ കോണ്‍ഗ്രസുകാർക്ക് അതിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. വിമോചനസമരത്തെത്തുടർന്ന് 1960ൽ നടന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുന്പോൾ പക്ഷേ ലീഗിനെ ഭരണത്തിൽ ഉൾപ്പെടുത്താൻ കോണ്‍ഗ്രസ് തയാറായില്ല. ചാക്കോ ഗ്രൂപ്പിന്റെയും മറ്റൊരു ഘടകകക്ഷിയായിരുന്ന പിഎസ്പിയുടെയും ശക്തമായ സമ്മർദം മൂലമാണ് കെ.എം. സീതി സാഹിബിനെയും അദ്ദേഹം മരിച്ചശേഷം സി.എച്ച്. മുഹമ്മദ് കോയയെയും നിയമസഭാ സ്പീക്കർമാർ പോലുമാക്കിയത്.
കോണ്‍ഗ്രസും ലീഗും തമ്മിൽ ഉണ്ടായിരുന്ന മലബാറിലെ പോര് 1980കൾ വരെ തുടർന്നു. അച്യുതമനോൻ മന്ത്രിസഭയുടെ കാലത്ത് കരുണാകരൻ ആഭ്യന്തരമന്ത്രിയായിരിക്കുന്പോൾ പാനൂരങ്ങാടിയിൽ വച്ച് മാവിലാട്ട് മുഹമ്മദ് എന്ന ലീഗ് പ്രവർത്തകനെ കോണ്‍ഗ്രസുകാർ കുത്തിക്കൊല്ലുന്നിടംവരെ എത്തിയതാണ് കാര്യങ്ങൾ. പോലീസ് അന്വേഷണത്തെ സ്വാധീനിച്ചു പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണമുണ്ടായി. കോടതി വെറുതെവിട്ട പ്രതിക്കു കോണ്‍ഗ്രസ് സ്വീകരണം കൊടുത്തതും ലീഗിനു നീറുന്ന അനുഭവമായിരുന്നു. ഇതിൽ പ്രതിഷേധിച്ചു ലീഗ് മുന്നണി വിടുന്ന ഘട്ടത്തിലെത്തിയപ്പോൾ സി.എച്ച്. അടക്കമുള്ളവരെ കൂടെനിർത്താൻ കെ. കരുണാകരൻ മുന്നോട്ടുവന്നു.
കോണ്‍ഗ്രസ് പ്രവർത്തകർക്കു പിന്നീട് അടിയറ പറയേണ്ടിവന്നു. ആര്യാടൻ മുഹമ്മദിനെപ്പോലെ ഏതാനും പേർ പിടിച്ചുനിന്നു. ലീഗിനു മലബാറിൽ സർവാധിപത്യമായി. ധാരാളം കോണ്‍ഗ്രസുകാർ ലീഗുകാരായി. ടി.കെ. ഹംസയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കൾ സിപിഎമ്മിൽ ചേർന്നു.
ഇതിനിടെ, ഇ.എം.എസും ലീഗുമായി ചങ്ങാത്തമുണ്ടാക്കുകയും 1967 ൽ ഭരണം പിടിക്കുകയും ചെയ്തു. 1969 ൽ മുന്നണിയിൽ കലാപമുണ്ടാക്കുന്നതിനു കൂട്ടുനിന്ന യുണിയൻ ലീഗുമായി പിന്നീടു സിപിഎം ചങ്ങാത്തം ഉണ്ടാക്കിയില്ല. 1979 ൽ ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപംകൊണ്ടപ്പോഴും ആന്റണി കോണ്‍ഗ്രസ് ഏറെ ശ്രമിച്ചിട്ടും യൂണിയൻ ലീഗിനെ കൂട്ടിയില്ല. കോണ്‍ഗ്രസ് മുന്നണി വിട്ടുവന്ന അഖിലേന്ത്യാ ലീഗിനെ പോലും 10 വർഷത്തെ സഹവാസത്തിനു ശേഷം ഇടതുമുന്നണി പുറത്താക്കി. ഭാരതത്തിൽ ശരിയത്ത് നിയമം വേണമെന്ന വാദത്തെ അവർ പിന്തുണച്ചതായിരുന്നു വിഷയം.
1967ൽ ലീഗിന്റെ ആവശ്യപ്രകാരം മലപ്പുറം ജില്ലയും കാലിക്കട്ട് സർവകലാശാലയും സ്ഥാപിച്ച മുഖ്യമന്ത്രിയെ വലിച്ചിടാനും കൂടി ലീഗ്. കേരളത്തിലെ ഭരണത്തിനുവേണ്ടി കോണ്‍ഗ്രസ് ലീഗിനു ചെയ്തുകൊടുത്ത കാര്യങ്ങൾ നിരവധിയാണ്.1982 ലെ കരുണാകരൻ മന്ത്രിസഭയുടെ കാലത്തു വിദേശകാര്യ മന്ത്രാലയം അനഭിമതരെന്നു മുദ്രകുത്തിയ മൂന്ന് കുവൈറ്റികളെ ലീഗ് മന്ത്രി ഇ. അഹമ്മദ് സംസ്ഥാന അതിഥികളാക്കി സ്വീകരിച്ചാദരിച്ചു. അവർ മലപ്പുറത്തു പോയി മതപരമായ ചടങ്ങുകളിൽ സംബന്ധിക്കുകയും നിരവധി വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിവരമറിഞ്ഞ വിദേശമന്ത്രാലയം അന്വേഷണമാരംഭിച്ചു. പ്രതിപക്ഷം സർക്കാരിനെ ആക്രമിച്ചു. കരുണാകരനും കോണ്‍ഗ്രസും പ്രതിരോധിച്ചു.
കരുണാകരനിലുള്ള സ്വാധീനം ഉപയോഗിച്ച് 1996ൽ രാജീവ് ഗാന്ധിയെക്കൊണ്ട് ശരിയത്ത് മുസ്ലിം വ്യക്തിനിയമം ഉണ്ടാക്കിയതിനു പിന്നിലും ലീഗാണു കളിച്ചതെന്നു പറയുന്നവരുണ്ട്. രാജ്യത്തു ബിജെപിയുടെ വളർച്ചയ്ക്കു കോണ്‍ഗ്രസ് ചെയ്ത സഹായമായിത്തീർന്നു അത്. കോണ്‍ഗ്രസുമായുള്ള മുന്നണി ബന്ധത്തിലൂടെ കേന്ദ്രന്ത്രിസഭയിൽ വരെ പ്രാതിനിധ്യം നേടിയ ലീഗ് കേരളത്തിലെ കോണ്‍ഗ്രസിനെ വരച്ചവരയിൽ നിർത്താൻ പോരുന്ന സ്വാധീനശക്തിയായി മാറി.
മുഖ്യമന്ത്രി മുതൽ അഞ്ചാം മന്ത്രി വരെ
സർക്കാരിലെ മന്ത്രിമാരുടെ എണ്ണം, വകുപ്പുകൾ എന്നിവയിൽ ലീഗ് ക്രമാനുഗതമായ പുരോഗതിയുണ്ടാക്കി. 1967 ലെ ഇ.എം.എസ് മന്ത്രിസഭയിൽ രണ്ടു മന്ത്രിമാരാണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസവും തദ്ദേശ ഭരണവും വകുപ്പുകൾ. 1969 ൽ ലീഗും സിപിഐയുമെല്ലാം ചേർന്നുണ്ടാക്കിയ മന്ത്രിസഭയിൽ ലീഗ് വിദ്യാഭ്യാസത്തിനു പുറമെ ആഭ്യന്തരംകൂടി എടുത്തു. 1970ലെ മന്ത്രിസഭയിലും ഈ രണ്ടു വകുപ്പും കിട്ടി.1971ൽ കോണ്‍ഗ്രസ് മന്ത്രിസഭയിൽ ചേർന്നപ്പോൾ ആഭ്യന്തരം കരുണാകരനായി.
1977ലെ ഐക്യമുന്നണി മന്ത്രിസഭകളുടെ പതനങ്ങളുടെ അവസാനം 1979 ഒക്ടോബർ 12 ൽ സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി. ഭൂരിപക്ഷം നഷ്ടപ്പെട്ട കോയയ്ക്കു പകരം ഇടതുമുന്നണി കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കുവാൻ നീക്കം നടത്തിയെങ്കിലും കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ഇന്ദിര വഴി കരുണാകരൻ ഗവർണറെ സ്വാധീനിച്ച് ആ നീക്കം പൊളിച്ചു.
ലീഗുകാരോടു വിധേയത്വം കാണിച്ചുവന്ന കോണ്‍ഗ്രസ് കിട്ടിയ അവസരങ്ങളിലെല്ലാം കേരള കോണ്‍ഗ്രസിനെ ഒതുക്കിയതു സമാന്തര ചരിത്രം. ഇ. അഹമ്മദിനു കേന്ദ്രമന്ത്രിസഭയിൽ ഇടംകൊടുത്ത കോണ്‍ഗ്രസ് കെ.എം. മാണിക്കും ജോസ് കെ. മാണിക്കും കൈവന്ന അവസരങ്ങൾ തട്ടിത്തെറിപ്പിച്ചു.
1981ൽ ഇടതുമുന്നണി മറിച്ചിട്ട് അധികാരം പിടിച്ച കരുണാകരൻ മുഹമ്മദ് കോയയെ ഉപ മുഖ്യമന്തിയാക്കി. ആ മന്ത്രിസഭയുടെ പതനത്തെ തുടർന്നു വന്ന കരുണാകരൻ മന്ത്രിസഭയിൽ ലീഗിന്റെ പ്രാതിനിധ്യം മൂന്നായി. 1991 ലെ കരുണാകരൻ മന്ത്രിസഭയിൽ ലീഗിനു മന്ത്രിമാർ നാലായി. 2011 ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് അഞ്ചാം മന്ത്രിക്കു വേണ്ടി ലീഗ് നടത്തിയ ശ്രമവും അവരുടെ വിജയത്തിലാണ് കലാശിച്ചത്. അഞ്ചാം മന്ത്രി വിവാദം കേരളത്തിലെ സാമുദായികാന്തരീക്ഷത്തിലും അസ്വസ്ഥതകളുണ്ടാക്കി. 2016 ലെ പിണറായി സർക്കാരിന്റെ കാലത്തു ലീഗ് നിയമസഭാകക്ഷി നേതാവിനു പ്രതിപക്ഷ ഉപനേതാവ് പദവി കൊടുത്തു. കേരളത്തിൽ ഇത്തരം ഒരു ഉപനേതാവ് ആദ്യമാണ്.
അറബി അധ്യാപക നിയമനം, മുല്ലമാർക്കും മുക്രിമാർക്കും പെൻഷൻ തുടങ്ങി ലീഗ് സ്വന്തം സമുദായത്തിനുവേണ്ടി ചെയ്ത കാര്യങ്ങൾ ചില്ലറയല്ല. മറ്റു സമുദായങ്ങളിലെ ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും ഉള്ളവരുടെ കാര്യം എല്ലാവരും മറക്കുന്നു. ഹജ്ജ് തീർഥാടനത്തിനു സർക്കാർ സഹായം കൊടുക്കുന്നു. പ്രധാന വകുപ്പുകൾക്കൊപ്പം സാമൂഹികക്ഷേമം, വഖഫ്, ന്യൂനപക്ഷക്ഷേമം തുടങ്ങിയ വകുപ്പുകൾ കോണ്‍ഗ്രസ് ഭരണകാലത്ത് ലീഗിന്റെ കുത്തകയായി. അതുപയോഗിച്ച് അവർ വലിയ സാമുദായിക നേട്ടങ്ങൾ കൊയ്യുകയും ചെയ്തു.
കടപ്പാട്: ദീപിക