പ്രധാനമന്ത്രിയായ ഭർത്താവിന്റെ പിന്നിൽ കരുത്തായി നിൽക്കാൻ മാത്രമല്ല , സൈന്യത്തെ നയിക്കാനും തനിക്ക് കരുത്തുണ്ടെന്ന് തെളിയിക്കുകയാണ് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിൻയാന്റെ ഭാര്യ അന്ന ഹകോബയാൻകെ.

താൻ സൈനിക പരിശീലനം ആരംഭിച്ചതായും ഉടൻ തന്നെ അസർബൈജാനുമായി കടുത്ത പോരാട്ടം നിലനിൽക്കുന്ന നഗോർനോ – കരാബഖ് മേഖലയിലുള്ള അർമേനിയൻ സേനയുടെ ഭാഗമാകുമെന്നും അന്ന ഹകോബയാൻകെ തന്നെയാണ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയത്. താനടക്കം 13 വനിതകളാണ് സൈന്യത്തിന്റെ ഭാഗമാകുന്നതെന്നും അന്ന വ്യക്തമാക്കി.

‘ ഏതാനും ദിവസങ്ങൾക്കുള്ളിൽ, അതിർത്തികളുടെയും മാതൃരാജ്യത്തിന്റെയും സംരക്ഷണത്തിനായി ഞങ്ങൾ പുറപ്പെടും. ഞങ്ങളുടെ മാതൃരാജ്യമോ അന്തസ്സോ ശത്രുവിന് കീഴടങ്ങില്ല ‘ ഇത്തരത്തിലാണ് അന്നയുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റ്.

അന്നയുടെ മകൻ 20കാരനായ ആഷോറ്റ് പാഷിൻയാനും കരാബാഖിൽ അസർബൈജാനെതിരെ പോരാടാൻ സായുധസേനയ്ക്കൊപ്പം ചേർന്നിരുന്നു.

സെപ്തംബർ മുതൽ അർമേനിയയും അസർബൈജാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരിക്കുകയാണ് . ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു. റഷ്യയും അമേരിക്കയും വെടിനിറുത്തൽ കരാറുകൾക്ക് ശ്രമിച്ചെങ്കിലും അർമേനിയയും അസർബൈജാനും തമ്മിലുള്ള പോരാട്ടം ശക്തമാവുകയും കരാറുകൾ ഫലം കാണാതെ പോവുകയുമായിരുന്നു.

അർമേനിയയിലെ ഏറ്റവും വലിയ ദിനപത്രമായ അർമേനിയൻ ടൈംസിന്റെ ചീഫ് എഡിറ്റർ കൂടിയാണ് അന്ന.

കടപ്പാട് : #DCF_Kerala