ഫാ. വേളങ്ങാട്ടുശ്ശേരി ജോസഫ്@ Vachanavelicham

വിശുദ്ധ ശ്ലീഹന്മാരായ മാർ ശിമയോൻ്റെയും യൂദാ തദ്ദേവൂസിൻ്റെയും തിരുന്നാൾ ദിനം.
ഏവർക്കും വിശുദ്ധരുടെ തിരുന്നാൾ മംഗളങ്ങൾ സ്നേഹപൂർവ്വം ആശംസിക്കട്ടെ.
തീക്ഷണമതിയായ ശിമയോൻ ക്രിസ്തുവിൻ്റെ അപ്പസ്തോലന്മാരിൽ ഒരാളാണ്. യഹൂദരുടെയിടയിൽ മത നൈർമ്മല്ല്യം സംരക്ഷിക്കാൻ ഉത്സുകരായിരുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു. അവരാണ് തീക്ഷണമതികൾ ആ വിഭാഗത്തിൽപെട്ട ഒരുവനായിരുന്നു ശിമയോൻ. ചെറിയ യാക്കോബിൻ്റെ സഹോദരനാണ് യൂദാ തദ്ദേവൂസ് മറ്റു സഹോദരന്മാരാണ് ജറുസലേമിലെ ശിമയോനും ജോസഫും. ദൈവമാതാവിൻ്റെ സഹോദരിയായ മേരിയുടെയും ക്ലേയോഫാസിൻ്റെയും മക്കളാണിവർ. യൂദാ തദ്ദേവൂസ് അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായി വണങ്ങപ്പെടുന്നു.
ഈ രണ്ട് ശ്ലീഹന്മാരും അവസാന ശ്വാസം വരെ കർത്താവിനുവേണ്ടി ജീവിച്ചവരായിരുന്നു. ശിഷ്യത്വം എന്നത് സഹനം ഏറെ ആവശ്യപ്പെടുന്നതാണ്. ‘മകനേ നീ കർത്തൃ ശുശ്രൂഷയക്കായ് ഒരുമ്പെടുന്നെങ്കിൽ പ്രലോഭനങ്ങളെ നേരിടാൻ ഒരുങ്ങിയിരിക്കുക’ എന്ന് വചനം പറയുന്നപോലെ അക്ഷരാർത്ഥത്തിൽ കർത്തൃശുശ്രൂഷയ്ക്കായ് ഏതറ്റം വരെ പോകാമോ അവിടെവരെ സഹനത്തിലൂടെ കടന്നുപോയവരാണ് ഈ രണ്ടു ശ്ലീഹന്മാരും. സഭ ഇന്ന് ഈ വിശുദ്ധരെ ആദരിക്കുകയും വണങ്ങുകയും ചെയ്യുമ്പോൾ നമുക്കും നമ്മളൊക്കെ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വത്തെ പറ്റി ചിന്തിക്കാം.അതു പൂർത്തിയാക്കാൻ ഞാൻ ഏതറ്റം വരെ പോകുന്നു എന്നതാണ് എൻ്റെ ആത്മാർത്ഥത എന്ന് പറയുന്നത്.പക്ഷേ ഈശോ പറയുകയാണ് ശിഷ്യത്വത്തിൽ നിൻ്റെ ത്യാഗം എന്നുപറയുന്നത് ലോകത്തിൽ ജീവിക്കുന്നുവെങ്കിലും ലോകത്തിൻ്റേതല്ലാതായി ജീവിക്കുക എന്നതാണ്.അതെങ്ങനെ സാധ്യമാകും?ലോകത്തിൻ്റേതായ്യിരുന്നുവെങ്കിലാണ് ലോകം നിങ്ങളെ സ്നേഹിക്കുക. ലോകം നമ്മെ വെറുക്കുന്നില്ലെങ്കിൽ നാം ലോകത്തിൻ്റേതല്ലാതെയായിട്ടില്ലെന്നകാര്യം മനസ്സിലാക്കണം.ഈശോ അനുഭവിച്ച യാതനകൾ ഓരോന്നും അവൻ ലോകത്തിൻ്റേതല്ലായിരുന്നു എന്നതിന് തെളിവുകളാണ്. അതിനാൽ ഈശോയോടൊപ്പം ഉള്ള സൗഹൃദത്തിൻ്റെ ഉരയ്ക്കലായിട്ടായിരിക്കണം നമ്മുടെ ജീവിതത്തിലെ സഹനങ്ങളെ നാം കാണാൻ.
സഹനം എന്നത് ദൈവം എന്നെ സ്നേഹിക്കുന്നു എന്നതിൻ്റെ അടയാളമാണ്. സഹനത്തെ ആനുകൂല്യമാക്കാൻ നമ്മൾ പരിശ്രമിക്കുമ്പോൾ നമ്മൾ ദൈവത്തെ സ്നേഹിച്ചു തുടങ്ങും. സഹനങ്ങളെ അകറ്റുമ്പോൾ ദെെവസ്നേഹം നമുക്ക് ഗ്രഹിക്കാൻ കഴിയാതെ വരും. അതിനാൽ ഈ ശ്ലീഹന്മാരെ പോലെ സഹനത്തെ ആനുകൂല്യമായികണ്ട് ദൈവരാജ്യ പ്രഘോഷണം നടത്താനും ജീവിതംകൊണ്ട് കർത്താവിന് സാക്ഷ്യം വഹിക്കാനും നമുക്ക് പരിശ്രമിക്കാം.