കോട്ടയം : സംസ്ഥാനത്തെ വിവിധ ജാതിമതസ്ഥരുടെ ആശ്രമങ്ങളിലും മഠങ്ങളിലും  കഴിയുന്ന സന്യസ്തർക്ക് സ്വന്തം പേര് ഉൾപ്പെടുന്ന റേഷൻ കാർഡ് നല്കുന്നതിന് നടപടി സ്വീകരിക്കണമെന്ന്  ജോസ് കെ.മാണി ആവശ്യപ്പെട്ടു. കന്യാസ്ത്രീ മഠങ്ങളിലും വിവിധ ആശ്രമങ്ങളിലും മദർ സുപ്പീരിയറിൻ്റെയോ ആശ്രമാധിപൻ്റെയോ പേരിൽ ഒരു റേഷൻ കാർഡ് നല്കുന്നുണ്ടെങ്കിലും ഇവിടെ അന്തേവാസികളായ മറ്റംഗങ്ങളുടെയൊന്നും പേര് റേഷൻ കാർഡിൽ ഉൾപ്പെടുത്താറില്ല. പല സർക്കാർ ആവശ്യങ്ങൾക്കും ഔദ്യോഗിക തിരിച്ചറിയൽ രേഖയായി റേഷൻ കാർഡ് ആണ് പരിഗണിക്കുന്നത്. കന്യാസ്ത്രീകൾക്കും സന്യാസിമാർക്കും തങ്ങളുടെ പേര് റേഷൻ കാർഡിൽ ഇല്ലാത്തതുമൂലം നിരവധി വൈഷമ്യങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് ജോസ് കെ.മാണി ചൂണ്ടിക്കാട്ടി.

ഇവർ സന്യാസം സ്വീകരിക്കുന്നതോടെ സ്വന്തം വീട്ടിലെ കാർഡിൽ നിന്ന് ഒഴിവാക്കപ്പെടുകയും മറ്റൊരിടത്തും റേഷൻ കാർഡിൽ ഉൾപ്പെടാതിരിക്കുകയും ചെയ്യുന്നതുമൂലം രാജ്യത്തെ റേഷനിംഗ് സിസ്റ്റത്തിൽ നിന്ന് ഇവർ പൂർണമായി ഒഴിവാക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ സന്യസ്തരെയും കാർഡിൽ ഉൾപ്പെടുത്തിയാൽ അവർക്ക് റേഷൻ ലഭിക്കുന്നതിനും തിരിച്ചറിയൽ കാർഡ് ആയി റേഷൻ കാർഡ് ഉപയോഗിക്കുന്നതിനും സാധിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.