ഫാ. ചമ്പകുളത്തിൽ ജോസഫ് @Vachanavelicham

ഇന്നത്തെ സുവിശേഷത്തിൽ ലാസർ രോഗിയായിരിക്കുന്നു എന്നോ ഞങ്ങളുടെ സഹോദരൻ രോഗിയാണെന്നോ അല്ല പറയുന്നത് അങ്ങ് സ്നേഹിക്കുന്നവൻ രോഗിയായിരിക്കുന്നു എന്നാണ്. ദൈവം സ്നേഹിക്കാത്തവരായി ആരുമില്ല. ദൈവം സ്നേഹിക്കുന്ന എല്ലാവരുടെയും പ്രതിനിധിയായി ലാസർ നിൽക്കുന്നു. ലാസറിൻ്റെ വചനഭാഗത്തിലൂടെ സുവിശേഷകൻ വ്യക്തമാക്കുന്നത് ലോകത്തിൻ്റെ രോഗാവസ്ഥയാണ്. ഗ്രന്ഥകാരൻ അതോടൊപ്പം സൂചിപ്പിക്കുന്നു ഈശോ നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്നു. ലാസറിൻ്റെ രോഗാവസ്ഥയ്ക്കും മരണത്തിനും ഒരു കാരണമുണ്ട്; ലോകം മുഴുവൻ ദൈവ മഹത്വം ദർശിക്കുവാൻ,ദൈവത്തിൻ്റെ രക്ഷാകരമായ സാന്നിധ്യം മനസ്സിലാക്കുവാൻ.

മർത്താ- മറിയം സഹോദരിമാരുടെ അഭ്യർത്ഥനയ്ക്ക് ഉത്തരം നൽകാൻ കാലവിളംബം സംഭവിക്കുന്നതായി കാണാൻ സാധിക്കും. ഇതിലൂടെ നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു സത്യമിതാണ്. ദൈവത്തിൻ്റെ രക്ഷാകരമായ ഓരോ പ്രവർത്തികൾക്കും സുനിശ്ചിതമായ സമയമുണ്ട്, ലക്ഷ്യമുണ്ട്. ദൈവത്തിൻ്റെ രക്ഷാകരമായ പ്രവർത്തികൾ വെളിപ്പെടുന്നവരെ കാത്തിരിക്കുവാൻ നമുക്ക് സാധിക്കണം. ഈശോ സ്നേഹിക്കുന്ന മനുഷ്യൻ ഇന്ന് വലിയൊരു രോഗത്തിൻ്റെ ഭീതിയിലാണ്. ദൈവത്തിൻ്റെ ഓരോ പ്രവർത്തിക്കും ഒരു ലക്ഷ്യമുണ്ട് എന്ന് മനസിലാക്കി ദൈവഹിതം നിറവേറ്റപ്പെടുന്നതിനായി പ്രാർത്ഥിക്കാം. ഈ കാലഘട്ടത്തിൽ ലോകം മുഴുവൻ ദൈവമഹത്വം ദർശിക്കുന്നതിന് ഇടയാകട്ടെ. ദൈവത്തിൻ്റെ രക്ഷാപദ്ധതി ഈ ലോകത്ത് വെളിപ്പെടുന്നതിനായി പ്രാർത്ഥനയോടെ കാത്തിരിക്കാം.