ഫാ. സെബാസ്റ്റ്യൻ ചാലയ്ക്കൽ @vachanavelicham

ഒലിവു മലയുടെ നിശബ്ദതയിൽ പിതാവിനോട് സംവദിക്കുന്ന പുത്രനെ തേടിയെത്തുന്നത് അന്ത്യനാളുകളെക്കുറിച്ചുള്ള ശിഷ്യരുടെ സംശയങ്ങളാണ് (24:3). ഗുരുവിൻ്റെ പ്രഥമ നിർദ്ദേശം വഴി തെറ്റി പോകാതിരിക്കാൻ സൂക്ഷിക്കേണ്ട സൂക്ഷ്മമായ ജാഗ്രതയെ കുറിച്ചാണ് (24:4). ചുറ്റും തിന്മ ഉറഞ്ഞു തുള്ളുന്നത് കാണുമ്പോൾ അസ്വസ്ഥരാകാതെ (24:6) ശിഷ്യർ ഉണരേണ്ട ബോധജ്ഞാനം ഇതാണ്: കർത്താവിനെ പ്രതി സർവ്വതും ഉച്ചിഷ്ടമായി കരുതുന്നവന് (ഫിലിപ്പി 3:8) ഇവ കാൽവരി യാത്രയുടെ തുടക്കം മാത്രമാണ്. മിശിഹായിൽ വിശ്വസിക്കുന്നു എന്ന ഏക കാരണത്താൽ ശിഷ്യൻ നിഷ്ഠൂരമായി വിധിക്കപ്പെടുകയും വധിക്കപ്പെടുകയും (24:9) ചെയ്യും എന്ന് സത്യം സ്ഫടിക തുല്യമായ തെളിമയോടെ ഈശോ പഠിപ്പിക്കുന്നുണ്ട് ഇവിടെ. മിശിഹായിൽ വിശ്വസിക്കുന്നവന് ബലിയാകുവാൻ ആണ് നിയോഗം. അന്ന് ബലി കൊടുക്കപ്പെടുന്ന ജീവിതങ്ങൾ ക്രിസ്തീയ ജീവിതങ്ങൾ മാത്രമായിരിക്കും.

വേദനയോടെ ഈ ഗാഗുൽത്താ താണ്ടുമ്പോൾ ശിഷ്യർ കാത്തുസൂക്ഷിക്കാൻ ഗുരു ആഗ്രഹിക്കുന്നത് ഒന്നേ ഉള്ളു; “നിങ്ങളുടെ സ്നേഹം തണുത്തുറഞ്ഞ് പോകരുത്.” സ്നേഹത്തിൻ്റെ ഉപ്പ് ഉറകെട്ടു പോയാൽ ഏത് ശിഷ്യനും ‘അന്യർക്കെതിരായി’ വർത്തിക്കുന്നവരാകാം. ഒറ്റിക്കൊടുക്കുന്നവനും, ദ്വേഷിക്കുന്നവനും വിശ്വാസം ഉപേക്ഷിക്കുന്നവനുമായി (24:10) ഭവിക്കാം. അതിനാൽ ജാഗ്രതയോടെ തണുത്ത് പോകാത്ത ജ്വലിക്കുന്ന സ്നേഹാഗ്നികളായി മാറുകയാണ് ശിഷ്യൻ്റെ കടമ. മദർ തെരേസ നമ്മുടെ വിധിയുടെ മാനദണ്ഡം എന്താണെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. “We will be judged according to love”.