കുടുംബ ജീവിതത്തെക്കുറിച്ചും സ്വവർഗ്ഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്കാസഭയുടെ പ്രബോധനങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന് കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. എവ്‌ജനി അഫിനിവ്സ്കി എന്ന സംവിധായകൻ ‘ഫ്രാൻചെസ്കോ’ എന്ന പേരിൽ പുറത്തിറക്കുന്ന ഡോക്യുമെൻററിയിൽ സ്വവർഗ്ഗവിവാഹത്തിന്റെ സാധുതയെ ഫ്രാൻസിസ് മാർപാപ്പ ന്യായീകരിച്ചു എന്ന വാർത്തയെക്കുറിച്ച് സീന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ബിഷപ്പ്.
സഭയുടെ വിശ്വാസത്തിൻറെ അടിസ്ഥാനങ്ങളായ വിവാഹം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള പ്രബോധനങ്ങൾ ഡോക്യുമെൻററി കളിലൂടെടെയല്ല സഭ നടത്താറുള്ളത്. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളെ സാഹചര്യത്തിൽ നിന്നും വേർപെടുത്തി, സഭാ പ്രബോധനത്തിന് വിരുദ്ധമായി അവതരിപ്പിക്കുക എന്ന പതിവ് സഭാവിരുദ്ധ ശൈലിയാണ് ഇവിടെയും ദൃശ്യമാകുന്നത്. ‘എൽജിബിടി’ അവസ്ഥകളിലുള്ളവർ ദൈവമക്കളാണെന്നും മാനുഷികമായ എല്ലാ കരുതലും പരിഗണനയും സ്നേഹവും അവർ അർഹിക്കുന്നുണ്ടെന്നും ഫ്രാൻസിസ് പാപ്പാ ഇതിനുമുൻപും പഠിപ്പിച്ചിട്ടുള്ളതാണ്.