ഫാ.ആര്യൻങ്കാല താേമസ് @vachanavelicham
ഇന്നത്തെ തിരുവചനഭാഗത്തിലൂടെ ഈശോ തന്റെ മനുഷ്യദർശനം ശിഷ്യന്മാരുമായി പങ്കുവയ്ക്കുകയാണ്. ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട എല്ലാ മനുഷ്യരും തുല്യബഹുമാനത്തിനും രക്ഷയ്ക്കും അർഹരാണെന്ന് ഈശോ വ്യക്തമാക്കുന്നു.

ലൗകീക മാനദണ്ഡമനുസരിച്ചുള്ള വലുപ്പച്ചെറുപ്പത്തിനും തരംതിരിവും ഈശോയുടെ മനുഷ്യദർശനത്തിൽ പ്രസക്തിയില്ല. മറിച്ച് ഒരേ പിതാവിനാൽ സൃഷ്ടിക്കപ്പെട്ട എല്ലാ മനുഷ്യരും ഒരുപോലെ ആദരിക്കപ്പെടണമെന്നും വിലമതിക്കപ്പെടണമെന്നും അവിടുന്നാഗ്രഹിക്കുന്നു. ഈ ദർശനമാണ് “മനുഷ്യന്റെ മഹത്വം” എന്ന സഭയുടെ സാമൂഹിക തത്വത്തിന്റെ അടിസ്ഥാനം. എല്ലാ മനുഷ്യരും-പണ്ഡിതരും പാമരും, ധനികരും ദരിദ്രരും, വെളുത്തവരും കറുത്തവരും, ഉന്നതരും അധഃസ്ഥിതരും-തുല്യമഹത്വത്തിനും അവകാശങ്ങൾക്കും അർഹരാണ്. ഇതു മാനിക്കപ്പെടുമ്പാേഴാണ് സമൂഹത്തിലും രാഷ്ട്രത്തിലും കുടുംബത്തിലും ശാന്തിയും സമാധാനവും വികസനവും സംജാതമാകുക.

അനുതപിക്കുന്ന പാപിയെക്കുറിച്ചുള്ള സന്തോഷത്തിന്റെ ചിത്രം വ്യക്തമാക്കുന്നത് ദൈവത്തിന്റെ അനന്തമായ കരുണയാണ്. പാപത്തിലൂടെ തന്റെ ദൈവിക ഛായയ്ക്ക് മനുഷ്യൻ മങ്ങലേൽപ്പിക്കുന്നുണ്ട്; ഒരുപക്ഷേ അത് നഷ്ടപ്പെടുത്തുന്നുണ്ട്. എന്നാൽ അനുതാപത്തോടെയുള്ള, മാനസാന്തരത്തോടെയുള്ള അവന്റെ തിരിച്ചുവരവിൽ, സ്നേഹത്തിന്റെ ധൂർത്തുകൊണ്ട് തന്നിലേയ്ക്കടുപ്പിച്ച് അവനു നഷ്ടപ്പെട്ടതൊക്കെ തിരികെ നൽകുന്നവനാണ് പിതാവായ ദൈവം. ഈ ദൈവീക മനോഭാവത്തിലേയ്ക്കുള്ള വളർച്ചയിലാണ് പരസ്പരബന്ധത്തിന്റെ കണ്ണികൾ മനുഷ്യൻ നെയ്തെടുക്കേണ്ടത്. എങ്കിലേ കാരുണ്യത്തിന്റെയും അലിവിന്റെയും മനോഭാവത്തിലൂടെ വഴിതെറ്റിയവരെ യഥാർത്ഥ വഴിയായ ഈശോയിലേക്ക് നയിക്കുവാൻ സാധിക്കൂ. ഇത്തരം പ്രവർത്തികളാണ് സ്വർഗ്ഗത്തിന്റെ സന്തോഷം പിതാവായ ദൈവത്തിന് ആഗ്രഹം അതിനായി നമുക്ക് പ്രാർത്ഥിക്കാം പരിശ്രമിക്കാം.