ഫാ. ജേക്കബ് ചക്കാത്ര

സ്വപ്നതുല്യമായ ഒരു അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ ആത്മാവിൻ്റെ പെരുത്ത സന്തോഷത്താൽ പ്രേരിതനായ പത്രോസ് പ്രകടിപ്പിക്കുന്ന സന്തോഷത്തിൻ്റെ വാക്കുകളാണിവ… ഇവിടെ ആയിരിക്കുന്നത് നല്ലതാണ്!!! മൂന്ന് കൂടാരങ്ങൾ പണിയട്ടെ!!!

പരി.ആത്മാവിൻ്റെ പ്രേരണയാൽ താൻ പറയുന്നതിൻ്റെ പൊരുൾ എന്താണെന്ന് പോലും പത്രോസിനോ അതു കേട്ടു നിൽക്കുന്ന കൂട്ടുകാർക്കോ മനസ്സിലാകുന്നില്ല. എങ്കിലും പറയുന്നു: ഇവിടെ ആയിരിക്കുന്നത് നല്ലതാണ്, മൂന്ന് കൂടാരങ്ങൾ പണിയാം എന്നൊക്കെ… ഏതാനും ദിവസം മുമ്പ് ഈ പത്രോസ് തന്നെയാണ് ആത്മാവിൻ്റെ പ്രേരണയാൽ പ്രഖ്യാപിച്ചത്, ഞാനാരാണെന്നാണ് നിങ്ങൾ പറയുന്നത് എന്ന ചോദ്യത്തിന് നീ ദൈവത്തിൻ്റെ ക്രിസ്തുവാണെന്ന്. (ലൂക്കാ 9:20)

സ്വർഗ്ഗം സമ്മാനമായി നൽകിയ പരി.ആത്മാവിൻ്റെ പ്രേരണ അനുസരിച്ച് ജീവിക്കേണ്ടവരാണ് നാം ഓരോരുത്തരും എന്ന ചിന്തയ്ക്ക് അടിവരയിടുകയാണ് ഇന്നത്തെ ഈ വചന ധ്യാനം. ആത്മാവിൻ്റെ പ്രേരണയ്ക്ക് അനുസൃതമായി ജീവിക്കണമെങ്കിൽ ഈശോയോടൊപ്പം പ്രാർത്ഥനയുടെ മലമുകൾ കയറണം. ഈശോ അങ്ങനെയായിരുന്നു… മാമ്മോദീസാ സ്വീകരിച്ചു കഴിഞ്ഞയുടൻ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു… മരുഭൂമി പ്രാർത്ഥനയുടെ സ്ഥലമാണ്. മലമുകളും ഏകാന്തതയുമൊക്കെ പ്രാർത്ഥനയുടെ സ്ഥലങ്ങൾ തന്നെ. അവിടെ സ്വർഗ്ഗസ്ഥനായ പിതാവുമൊത്ത് ഏറെനേരം. പിന്നെ താഴെ ജീവിതങ്ങളിലേക്ക്… ഈ ശൈലി പിന്തുടരാൻ നമ്മളും ക്ഷണിക്കപ്പെടുന്നു.

തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പാഞ്ഞു കൊണ്ടിരിക്കുമ്പോൾ, വ്യഗ്രതകളുടെ വിള്ളലുകൾ ഭേദിക്കാൻ വെമ്പിതിരിയുമ്പോൾ, നവമാധ്യമങ്ങളുടെ തള്ള് കൂടിയാകുമ്പോൾ തിരാവേദനകളും നിരാശയും മാത്രമാണ് മിച്ചം. ഒരു വേള ഈ ലോക ജീവിതത്തിൻ്റെ തിരമാലകളെ വകഞ്ഞു മാറ്റി ആത്മീയ തീരത്തേക്ക് ഒന്ന് കയറണം. പിന്നെ ഉൾത്താപത്തിൻ്റെ വിങ്ങലുകളെ സ്നേഹ കുളിരാൽ മൂടുന്ന പ്രാർത്ഥനയുടെ മലമുകളിലേക്ക് ഈശോയുടെ കൈവിരലുകൾ പിടിച്ചു കയറണം.

അവിടെ നടുവേ കീറുന്ന നിൻ്റെ ജീവിത തിരശ്ശീലയ്ക്കുമപ്പുറം ഒരു സ്വർഗ്ഗീയ അനുഭൂതി ദൃശ്യമാകും. നിൻ്റെ കണ്ണുകൾക്കപ്പുറം കാണാൻ കഴിയുന്ന ചില കാഴ്ചകളും ചെവികൾക്കപ്പുറം കേൾക്കാൻ കഴിയുന്ന ചില ചൊല്ലുകളും കൊണ്ട് സമ്പന്നമായ ഒരു രാജ്യം അവിടേയ്ക്ക് ചേർന്നിരിക്കാൻ നിൻ്റെ മനസ്സൊന്നു വെമ്പും!!!

ഒന്നുമാത്രമേ ധ്യാനമുള്ള ഈ വരികൾക്കിടയിൽ… എല്ലാറ്റിനോടും; ബന്ധങ്ങളോടും സ്വന്തങ്ങളോടും സ്വപ്നങ്ങളോടും ഉൾപ്പെടെ അല്പനേരത്തേക്കെങ്കിലും വിടചൊല്ലി ഒരു മലകയറാൻ തയ്യാറാകണമെന്ന്: കാണാത്ത ചില കാഴ്ചകൾ ദൃശ്യമാകാൻ കേൾക്കാത്ത ചില വാക്കുകൾ കേട്ട് ധ്യാനമാക്കാൻ… പിന്നെ എന്നും ഒട്ടി ചേർന്നിരിക്കാൻ വെമ്പുന്ന ഒരിഷ്ടത്തോട് ചേർന്നിരിക്കാൻ …