മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയാണ് മൂശെക്കാലം ഒന്നാം ഞായറാഴ്ചയായ ഇന്നത്തെ സുവിശേഷഭാഗം. രണ്ടു മനോഭാവങ്ങൾ പേറുന്ന വ്യക്തികളെയാണ് ഈ ഉപമയിൽ നമുക്ക് കാണാനാവുന്നതാണ്. ഒന്നാമതായി തന്റെ മുന്തിരിത്തോട്ടത്തിലേക്ക് ജോലിക്കായി വിവിധ സമയങ്ങളിൽ ജോലിക്കാരെ വിളിക്കുകയും എല്ലാവർക്കും തുല്യ വേതനം നൽകുകയും ചെയ്യുന്ന ഉടമസ്ഥൻ. രണ്ടാമതായി തങ്ങൾക്ക് ലഭിച്ച വേതനത്തെക്കുറിച്ച് പരിഭവം പറയുന്ന ജോലിക്കാർ.
ആരുടെയും ജോലിസമയം നോക്കാതെയാണ്, അവസാനം വന്നവർ മുതൽ ആദ്യം വന്നവർക്കു വരെ ഉടമസ്ഥൻ വേതനം നൽകിയത്. നീതിയെ അതിശയിക്കുന്ന കാരുണ്യത്തിന്റെയും ഔദാര്യത്തിന്റെയും ബഹിർസ്ഫുരണമാണ് മുന്തിരിത്തോട്ടത്തിന്റെ ഉപമയിലെ ഉടമസ്ഥനിൽ നാം കാണുന്നത്. വാസ്തവത്തിൽ മുന്തിരിത്തോട്ടത്തിന്റെ ഉടമ എന്നത് സ്നേഹപിതാവായ ദൈവവും മുന്തിരിതോട്ടം സ്വർഗ്ഗരാജ്യവുമാണ്.
അലസതയുടെ ചന്തസ്ഥലത്തിരുന്ന് പരാതിയുടെ ഭണ്ഡാരക്കെട്ടുകൾ അഴിക്കാതെ, നാഥന്റെ സ്വരം ശ്രവിച്ച് കർത്താവിന്റെ മുന്തിരിത്തോപ്പിൽ പ്രവേശിക്കുവാനും, കർമ്മോത്സുകരാകുവാനും ഈ ഉപമ നമ്മെ ആഹ്വാനം ചെയ്യുന്നു. “സമയം പൂർത്തിയായി ദൈവരാജ്യം സമീപിച്ചിരിക്കുന്നു ” (മർക്കോസ് 1:15) എന്ന വചനഭാഗം നമുക്ക് മറക്കാതിരിക്കാം.
ഏതു പാപിക്കും ജീവിതത്തിന്റെ ഏതു മണിക്കൂറിലും മാനസാന്തരപ്പെട്ട് സ്വർഗ്ഗരാജ്യം കരസ്ഥമാക്കുവാൻ കഴിയുമെന്ന് ഈ ഉപമ നമ്മെ ഓർമ്മിപ്പിക്കുന്നു.