വിശുദ്ധ ലിഖിതങ്ങൾ നിത്യജീവന്റെ ഉറവിടമാണ്. ഈ നിത്യജീവനോ ഈശോ മിശിഹായും. വിശുദ്ധ ലിഖിതങ്ങൾ വായിച്ച് പഠിച്ച് രക്ഷകന്റെ വരവും കാത്തു ജീവിക്കുന്ന ജനതയാണ് യഹൂദർ. അങ്ങനെയുള്ള അവർക്കുതന്നെ, തങ്ങളെയും ലോകത്തേയും പാപത്തിന്റെ ബന്ധനത്തിൽ നിന്നും മോചിപ്പിച്ച് പിതാവിന്റെ മഹത്വത്തിലേക്ക് കൊണ്ടുപോകാൻ വന്നവനാണ് ഈശോ എന്ന് ഗ്രഹിക്കുവാൻ കഴിയുന്നില്ല.
എന്നാൽ മനുഷ്യരായ നമ്മോട് കൂടുതൽ കൂടുതൽ അടുത്തു വരുവാനും, മനുഷ്യൻ പൂർണ്ണഹൃദയത്തോടെ തന്നെ അന്വേഷിക്കുവാനും അറിയുവാനും സ്നേഹിക്കുവാനും ആഗ്രഹിക്കുന്ന ദൈവം.സ്വന്തം മഹത്വം അന്വേഷിക്കാതെ പിതാവിന്റെ മഹത്വം മാത്രം അന്വേഷിക്കാൻ പഠിപ്പിക്കുന്ന ഈശോ, ഈ പിതാവിന്റെ മഹത്വത്തിൽ, നിത്യജീവനിൽ നമ്മളും പങ്കു ചേരണമെന്ന് ആഗ്രഹിക്കുന്നു.
ഇവിടെ തന്നിൽ വിശ്വസിക്കാത്ത യഹൂദരെ, അവരുടെ വിശ്വാസ കുറവിനെ ഈശോ വിലക്കുന്നുണ്ട്. ഈ തിരുവചനത്തിലൂടെ അവിടുന്ന് നമ്മെ തന്നെയാണ് വിലക്കുന്നത്.നമ്മുടെ വിശ്വാസ കുറവിനെയും സ്വന്തം മഹത്വവും അഭിവൃദ്ധിയും കാംക്ഷിച്ചുള്ള നമ്മുടെ ഓട്ടപ്പാച്ചിലിനെയുമാണ് അവിടുന്ന് നമ്മുടെ ആത്മശോധനയുടെ വിഷയമായിതരുന്നത്.
എമ്മാവൂസിലേക്ക് യാത്രതിരിച്ച ശിഷ്യന്മാരെ പോലെ നമ്മുടെ കണ്ണുകളും മൂടപ്പെട്ടിരിക്കുന്നു.ഈ വചനഭാഗം വായിക്കുന്ന നമുക്ക് ജീവനുണ്ടാകേണ്ടതിന് നമ്മുടെ ഹൃദയ നേത്രങ്ങളെ തുറന്നു തരണമേ എന്ന് പ്രാർത്ഥിക്കാൻ സാധിക്കണം. പഴയനിയമത്തിൽ കാണുന്ന പോലെ ജീവന്റെ ഉറവയായ അവിടുത്തെ ഉപേക്ഷിച്ച്, വെള്ളമില്ലാത്ത പൊട്ടകിണറുകൾ കുഴിക്കാനുള്ള വെഗ്രത നമുക്ക് അവസാനിപ്പിക്കാം.
“എനിക്ക് നിങ്ങളെ അറിയാം നിങ്ങളിൽ ദൈവസ്നേഹമില്ല” എന്ന് ഓർമ്മിപ്പിക്കുന്ന ഈശോയുടെ ഹൃദയസ്പന്ദനം തിരിച്ചറിഞ്ഞ് ദൈവസ്നേഹത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവിന്റെ സഹായം നമുക്ക് തേടാം.