ഫാ. ഫിലിപ്പ് ഏറത്തേടം @ vachanavelicham

നീതിബോധത്തിന് സാമൂഹ്യമാനവും ദൈവീകമാനവും സുവിശേഷങ്ങളിൽ ഉടനീളം നിലനിൽക്കുന്ന ചിന്തയാണ്. സീസറിനുള്ളത് സീസറിനും എന്ന നീതിയുടെ പ്രബോധനം സാമൂഹ്യ നീതിയെ കുറിച്ചുള്ള അവബോധം നമ്മളിൽ ജനിപ്പിക്കുകയാണ്. കാപട്യത്തിൻ്റെ മുഖമൂടി അണിയുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം സാമൂഹ്യനീതി പോലും ഒരുവനെതിരെയുള്ള അനീതിയുടെ ആയുധമാക്കാൻ സാധിക്കുമെന്ന് യഹൂദ മനോഭാവത്തിലൂടെ സുവിശേഷം നമ്മളെ പഠിപ്പിക്കുന്നു. നീതിക്ക് വിവേകപൂർണ്ണമായ വ്യാഖ്യാനം കൊടുക്കുവാൻ സാധിക്കുന്നില്ലായെങ്കിൽ രണ്ടു തരത്തിലുള്ള തെറ്റുകളിലേക്ക് അത് നയിക്കും. ഒന്ന് സ്വന്തം നാശം, രണ്ട് മറ്റുള്ളവരുടെ നാശം.

നീതിബോധത്തെ വിവേകത്തോടു കൂടി കൈകാര്യം ചെയ്യുന്ന ഈശോയെ സുവിശേഷം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുമ്പോൾ സാമൂഹ്യനീതി പ്രാബല്യത്തിൽ വരുകയാണ്, എതിരാളിയുടെ ദുഷ്ടത ഇല്ലാതാവുകയാണ്.
സാമൂഹ്യനീതിയെക്കുറിച്ചുള്ള പ്രബോധനം ഈശോ നൽകുമ്പോഴും സുവിശേഷത്തിൻ്റെ അന്തസത്ത ദൈവിക നീതിയിൽ അടങ്ങിയതാണ്. അർഹിക്കുന്നതിനപ്പുറം കൊടുക്കുന്ന ദൈവത്തിൻ്റെ കാരുണ്യമാണ് ദൈവിക നീതിയുടെ അടിസ്ഥാനം. ഈ ദൈവിക നീതിയാണ് മിശിഹാ അനുയായിയുടെ ജീവിതത്തിൽ ഉണ്ടാകേണ്ടത്.

സാമൂഹ്യനീതിയുടെ പ്രബോധനം കൊടുക്കുന്ന ഈശോ ദൈവിക നീതിയുടെ ആൾ രൂപമായി മാറുന്നു കാരുണ്യത്തിൻ്റെ ദൈവിക തേജസ്സായി മാറുന്നു. സാമൂഹ്യ നീതിയെ അതിജീവിക്കുന്ന ദൈവിക നീതിയുടെ മനുഷ്യരാകാം. ദൈവിക നീതി പ്രകാശിതം ആകണമെങ്കിൽ അടിസ്ഥാനപരമായി സാമൂഹ്യനീതി ഹൃദയത്തിൽ ഉറപ്പിക്കണം.