നാം ഭൂമിയുടെ ഉപ്പാണ് അതുപോലെ ലോകത്തിൻ്റെ പ്രകാശവും, അതെ ഭൂമിയിൽ ജീവിച്ചുകൊണ്ട് എന്നാൽ അതേ സമയം തന്നെ ഈ ലോകത്തിന് ഇരുളിൽ വഴിതെളിക്കുന്ന ലോകത്തിൻ്റെ പ്രകാശമാകാനുള്ളതാണ് നിൻ്റെ ജീവിതം
ചുറ്റും എത്ര മാത്രം അന്ധകാരപൂർണമാണ് സാഹചര്യങ്ങൾ എങ്കിലും ആ പ്രതികൂല സാഹചര്യങ്ങളിലും ദൈവം നമ്മുടെ ഉള്ളിൽ നിക്ഷേപിച്ചിട്ടുള്ള പ്രകാശം പരത്താൻ നമുക്കാവണം.
ഭക്ഷണങ്ങളിൽ അലിഞ്ഞുചേർന്ന് അവയ്ക്ക് രുചി പകരുന്നതാണ് ഉപ്പ്. അപ്രകാരം പ്രത്യേകമായ ഒരു തനിമയും മൂല്യവും ദൈവം അതിന് നൽകിയിട്ടുണ്ട് എന്നാൽ അത് നഷ്ടപ്പെടുത്തി കളഞ്ഞാലോ മറ്റുള്ളവർക്ക് ചവിട്ടിമെതിക്കാനുള്ള വിലകെട്ട വസ്തുവായി തീരും.

ദൈവം തൻ്റെ സ്നേഹത്താൽ നമ്മുടെ എല്ലാം ഉള്ളിൽ ഒരു ദീപം തെളിയിച്ചിട്ടുണ്ട് പക്ഷേ ആ പ്രകാശത്തെ നാം തന്നെ മറച്ചുവച്ചാലോ. അത് പല രീതിയിലാവാം എൻ്റെ വ്യക്തിബന്ധങ്ങളിലെ അകൽച്ചകളും എൻ്റെ വ്യക്തി ജീവിതത്തിലെ കുറവുകളുമൊക്കെ നമ്മുടെ ഉള്ളിലെ ദൈവിക പ്രകാശത്തെ മറ്റുള്ളവരിലേക്ക് എത്താനാവാത്തവിധം മറയ്ക്കുന്നണ്ടോ എന്നത് അനുദിനം നമ്മുടെ വിചിന്തനത്തിൻ്റെ വിഷയമാകേണ്ട വസ്തുതയാണ്.

ഒന്നോർക്കുക മറച്ചുവയ്ക്കാനും ഇരുൾ പടർത്താനും ഉള്ളതല്ല നിൻ്റെ ജീവിതവും വിളിയും. അത് കുടുംബജീവിതമോ സന്യാസജീവിതമോ പൗരോഹിത്യ ജീവിതമോ . മറിച്ച് ഇരുളിൽ തപ്പി തടയുന്ന അനേകം ജീവിതങ്ങളിൽ പ്രകാശത്തിൻറെ തിരിവെട്ടം തെളിയിക്കുവാനുള്ളതാണ്.

മിന്നമിനുങ്ങിനോളമേ നിന്നിലെ പ്രകാശത്തെ ജ്വലിപ്പിക്കാനാവുന്നുളെങ്കിലും സാരമില്ലാ, അതും പ്രകാശമാണെന്നോർക്കുക…..