വാർത്തകൾ
🗞🏵 *സി.എഫ്. തോമസ് MLA (81) അന്തരിച്ചു.* കഴിഞ്ഞ ഏതാനം വർഷങ്ങളായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ചങ്ങനാശ്ശേരി എംഎൽഎയും മുൻ മന്ത്രിയും കേരളാകോൺഗ്രസ് (എം) ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനുമാണ് സി.എഫ്. തോമസ്. തുടർച്ചയായ നാൽപ്പതു വർഷമായി നിയമസഭയിൽ ചങ്ങനാശ്ശേരിയെ പ്രതിനിധീകരിക്കുന്നു. എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിൽ അംഗമായിരുന്നു. കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെ ഒൻപതു തവണയാണ് ചങ്ങനാശ്ശേരിക്കാർ തങ്ങളുടെ പ്രതിനിധിയായി നിയമസഭയിലെത്തിച്ചത്. 1980 മുതൽ 2016 വരെ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയം. ആധുനിക ചങ്ങനാശേരിയുെട മുഖ്യശില്പി എന്ന വിശേഷണം മറ്റാർക്കും അവകാശപ്പെടാനാവില്ല. 2001ലെ എ.കെ. ആന്റണി മന്ത്രിസഭയിലും തുടർന്നുവന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും രജിസ്ട്രേഷൻ, ഗ്രാമവികസനം, ഖാദി വകുപ്പുകളുടെ മന്ത്രിസ്ഥാനം വഹിച്ചു.
🗞🏵 *കൊറോണ വൈറസിന് വീണ്ടും ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചതായി പഠന റിപ്പോര്‍ട്ട്.* വൈറസിന് പുതിയ ജനിതക വ്യതിയാനം സംഭവിച്ചത് കണ്ടെത്തിയെന്നും, അതിലൊന്ന് കൂടുതല്‍ രോഗപ്പകര്‍ച്ചാശേഷിയുള്ളതും മാരകവുമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ഹൂസ്റ്റണിലെ ഒരുപറ്റം ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. കൊറോണ വൈറസിന്റെ അയ്യായിരത്തിലധികം ജനിതക ശ്രേണികളെക്കുറിച്ചുള്ള പഠനത്തിലാണ്, മാരകപകര്‍ച്ചാശേഷിയുള്ള ജനിതകവ്യതിയാനം സംഭവിച്ച വൈറസിനെ കണ്ടെത്തിയത്.
🗞🏵 *അവഹേളിക്കപ്പെട്ട വനിതകള്‍ക്കൊപ്പമാണ് ഈ നാടിന്റെ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.* സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീര്‍ത്തി പ്രചാരണവും അക്ഷന്തവ്യമാണ്. ലഭ്യമായ മാധ്യമ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ക്കശമായ നിയമ നടപടി കൈക്കൊള്ളും. നിലവിലുള്ള നിയമ സാധ്യതകള്‍ അതിന് പര്യാപ്തമല്ല എങ്കില്‍ തക്കതായ നിയമ നിര്‍മ്മാണം ആലോചിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
🗞🏵 *ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ ലക്നോവിലെ പ്രത്യേക കോടതി 30നു വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര നിർദേശം.* കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എല്ലാ സംസ്ഥാനങ്ങളോടുമായി നിർദേശം നൽകിയത്.
🗞🏵 *സംസ്ഥാനത്ത് ഇന്ന് കോവിഡ് 7445പേർക്ക് കോവിഡ് സ്ഥിരീകരിച്ചു* . ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 21 മരണം കൂടി സ്ഥിരീകരിച്ചു. 3391പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 54493 സാമ്പിളുകൾ പരിശോധിച്ചു.തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്
🗞🏵 *കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി.* കോര്പറേഷന് പരിധിയില്‍ പൊതുപരിപാടികളില്‍ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ലെന്നു ജില്ലാ കളക്ടർ ഉത്തരവിറക്കി. ആരാധനാലയങ്ങളിൽ 50 പേർക്ക് പ്രവേശിക്കാം. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും, വിവാഹച്ചടങ്ങുകളില്‍ 50 പേര്‍ക്കും പങ്കെടുക്കാം. നീന്തല്‍ക്കുളങ്ങള്‍, കളിസ്ഥലങ്ങള്‍, ഓഡിറ്റോറിയം എന്നിവ അടച്ചിടുമെന്നും ഉത്തരവിൽ പറയുന്നു.
🗞🏵 *കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോടുള്ള അതൃപ്തിയെ തുടര്‍ന്ന് കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരന്‍ രാജിവച്ചു* . രാജിക്കാര്യം അറിയിച്ച് കോണ്‍ഗ്രസിന്റെ ഇടക്കാല ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. കെപിസിസി അധ്യക്ഷനെ അറിയിക്കാതെ നേരിട്ടാണ് മുരളീധരന്‍ സോണിയ ഗാന്ധിയ്ക്ക് രാജികത്ത് നല്‍കിയത്. സംസ്ഥാനത്തു വേണ്ട കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
🗞🏵 *ആലുവയില്‍ 10 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസാ അധ്യാപകൻ അറസ്റ്റിലായി.* മണ്ണാര്‍ക്കാട് സ്വദേശിയായ ഹുസൈൻ അഷ്റഫാണ് പിടിയിലായത്.
🗞🏵 *സ്ത്രീകള്‍ക്കെതിരായിട്ടുള്ള ഒരുതരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരല്ല നിലവിലുള്ളതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ* . സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാല്‍ സര്‍ക്കാര്‍ ഒരിക്കലും നോക്കിനില്‍ക്കില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
🗞🏵 *ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.* ജമ്മുകാഷ്മീരിലെ അവന്തിപ്പോരയിൽ സാംബൂരയിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രദേശത്തെ ഒരു സങ്കേതത്തിൽ രണ്ടുമൂന്ന് തീവ്രവാദികളെ സൈന്യം കെണിയിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
🗞🏵 *കോവിഡ് രോഗം ഭേദമായവരിൽ വീണ്ടും വെെറസ് ബാധ കണ്ടെത്തുന്നത് സംബന്ധിച്ച് ഐസിഎംആർ വിദഗ്ധ സമിതി വിശദമായ പഠനം തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ.* നിലവിൽ ഇത് ഗുരുതരമായ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ സംവാദ പരിപാടിയായ സൺഡേ സംവാദിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്..
🗞🏵 *സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെയും ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ .* സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌നാ സുരേഷ്, സന്ദീപ് നായർ എന്നിവർ ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം. ഇതിന് അനുമതി തേടി കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
🗞🏵 *മുൻ പ്രതിരോധ മന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായ ജസ്വന്ത് സിംഗ് അന്തരിച്ചു.* 82 വയസായിരുന്നു. വാജ്‌പേയി മന്ത്രിസഭയിൽ അംഗമായിരുന്നു. വിദേശകാര്യം, പ്രതിരോധ, ധനകാര്യ വകുപ്പുകൾ കൈകാര്യം ചെയ്തു. അഞ്ച് തവണ രാജ്യസഭാംഗവും നാല് തവണ ലോക്സഭ അംഗവുമായിരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണ വാര്‍ത്ത അറിയിച്ചത്.മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ട്വിറ്ററിലൂടെയാണ് മോദി അനുശോചനം രേഖപ്പെടുത്തിയത്.
🗞🏵 *രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലെക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.* ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,992,533 ആയി. ഒറ്റ ദിവസത്തിനിടെ 1,124 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 94,503. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 9,56,402 പേർ ചികിത്സയിലാണ്. ഇതുവരെ 49,41,628 പേർ രോഗമുക്തരായി.
🗞🏵 *ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ബുദ്ധിസ്റ്റ് ബന്ധം.* അയല്‍പക്കം ആദ്യം എന്ന നയപ്രകാരം ശ്രീലങ്കയ്ക്ക് എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്ഷെയുമായുള്ള വിര്‍ച്വല്‍ ഉഭയകക്ഷി സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആയിരക്കണക്കിനു വര്‍ഷങ്ങളോളം പഴക്കമുള്ളതാണ് ഇന്ത്യ – ശ്രീലങ്ക ബന്ധമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
🗞🏵 *ഉത്തർ പ്രദേശിൽ വീണ്ടും നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം.* വനിതാ യാത്രികയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബസിനുള്ളിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം.
🗞🏵 *ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തില്‍ സീറ്റ് വിഭജനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു* . സംസ്ഥാനത്ത് നിതീഷ് കുമാറിന് ഭരണ തുടര്‍ച്ച എന്ന സര്‍വ്വെ പ്രവചനത്തിന് തൊട്ടു പിന്നാലെയാണ് മഹാസഖ്യത്തില്‍ വീണ്ടും തര്‍ക്കമുണ്ടായിരിക്കുന്നത്. ആകെയുള്ള 243 സീറ്റില്‍ 75 സീറ്റുകള്‍ ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന കോണ്‍ഗ്രസിന് നല്‍കിയ 42 സീറ്റില്‍ 27 ഇടത്ത് വിജയിക്കാന്‍ സാധിച്ചത് തൂണ്ടികാണിച്ചാണ് കോണ്‍ഗ്രസ് 75 സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
🗞🏵 *പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തിന്റെ അറുപത്തി ഒൻപതാം എപ്പിസോഡിൽ രാജ്യത്തെ കർഷകരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.* സ്വയം പര്യാപ്ത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ കർഷകർക്കുള്ള പങ്ക് വളരെ വലുതാണ്. കർഷകരും ഗ്രാമങ്ങളുമാണ് ആത്മനിർഭർ ഭാരതിന്റെ അടിസ്ഥാനം. കർഷകർക്ക് ഏറ്റവും ഉചിതമായ വിലയിൽ രാജ്യത്ത് എവിടെയും, ആർക്കും സാധനങ്ങൾ വിൽക്കാനാകുമെന്നും . ഇന്ത്യയിലെ കർഷകരെ ശക്തിപ്പെടുത്താനാണ് കാർഷിക ബില്ലിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
🗞🏵 *ഒരു അൽക്വയ്ദ ഭീകരൻ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ പിടിയിൽ* . പശ്ചിമബംഗാളിൽ മൂർഷിദാബാദ് ജില്ലയിൽനിന്ന് ഷമിം അൻസാരി എന്നയാളെയാണ് പിടികൂടിയത്. ഷമീം കേരളത്തിലും ജോലി ചെയ്തിരുന്നതായി എൻഐഎ അറിയിച്ചു. ഒരാഴ്ച മുന്‍പ് എൻഐഎ ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ കൊച്ചിയിൽനിന്ന് മൂന്നും ബംഗാളിൽനിന്നും ആറും ഭീകരരെ പിടികൂടിയിരുന്നു. കേരളത്തിൽ പിടിയിലായ എല്ലാവരും ബംഗാൾ സ്വദേശികളായിരുന്നു.
🗞🏵 *പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി.* മുംബൈയിൽ നിന്നും ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് തിരിച്ചിറക്കിയത്. മുംബൈ വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പക്ഷി ഇടിച്ചത്. ഉടൻ തന്നെ തിരിച്ചിറക്കുകയും പകരം മറ്റൊരു വിമാനം ഏര്‍പ്പാടാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു.
🗞🏵 *ലഡാക്കിൽ ശക്തമായ പ്രതിരോധ സംവിധാനമൊരുക്കി ഇന്ത്യ.* അതിർത്തിയിൽ ടി-72, ടി-90 ടാങ്കുകൾ വിന്യസിച്ച് കരസേന. ചുമാർ- ഡെംചോക് മേഖലയിലെ മൈനസ് നാൽപ്പത് ഡിഗ്രി താപനിലയിലും പ്രവർത്തിക്കാൻ കഴിയുന്ന ബി എം പി-2 ഇൻഫൻട്രി ടാങ്കുകളും മേഖലയിൽ ഇന്ത്യ സജ്ജമാക്കി നിർത്തിയിരിക്കുന്നതായി റിപ്പോർട്ട്.
🗞🏵 *കാർഷിക ബില്ലുകളിൽ ഒപ്പ് വച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്* . പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കാണ് രാഷ്ട്രപതി ഞായറാഴ്ച അംഗീകാരം നല്കിയത്. ബില്ലുകള്‍ നിയമമായത് കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫൈ ചെയ്തിട്ടുണ്ട്. കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവ കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമായ രീതിയിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും ആരോപിച്ച് പ്രതിപക്ഷത്തന്റെ എതിർപ്പുകൾക്കിടെയാണ് ബില്ലുകള്‍ നിയമമായത്.
🗞🏵 *ഡൽഹിയിൽ കലാപം നടത്താൻ ആസൂത്രണം നടത്തിയ മുൻ ആംആദ്മി കൗൺസിലർ താഹിർ ഹുസൈനെതിരെ ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്.* കലാപത്തിന് ദിവസങ്ങൾക്ക് മുൻപ് താഹിർ ഹുസൈൻ ലിറ്റർ് കണക്കിന് ആസിഡ് വാങ്ങി സൂക്ഷിച്ചതായി ഡൽഹി പോലീസ് വ്യക്തമാക്കി. കലാപവുമായി ബന്ധപ്പെട്ട് താഹിർ ഹുസൈനെതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഡൽഹി പോലീസ് ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
🗞🏵 എല്ലാ പ്രവാസികളെയും പോലെ ജോസ് കുര്യാക്കോസിനും, ഇംഗ്ളണ്ടിലേക്കു കുടിയേറിയപ്പോൾ ഒരു നല്ല ജോലിയും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളുമായിരുന്നു ലക്ഷ്യം. ഇംഗ്ലണ്ടിലെത്തി മെച്ചപ്പെട്ട ജോലിചെയ്തു ജീവിക്കുമ്പോഴാണ് സുവിശേഷ വേലക്കായി ക്രിസ്തു അദ്ദേഹത്തെ വിളിക്കുന്നത്. വലയും വള്ളവും ഉപേക്ഷിച്ചു ക്രിസ്തുവിനെ അനുഗമിച്ച അപ്പസ്തോലന്മാരെപോലെ എല്ലാം ഉപേക്ഷിച്ചു അവിടുത്തെ അനുഗമിക്കുവാൻ അദ്ദേഹത്തിന് തെല്ലും മടിയില്ലായിരുന്നു. എല്ലാം ഉപേക്ഷിച്ചു ഫുൾ ടൈം സുവിശേഷ പ്രഘോഷകനായി ജീവിതം ആരംഭിച്ചിട്ട് പത്ത് വർഷം പിന്നിടുമ്പോൾ ബ്രദർ ജോസ് കുര്യാക്കോസിനു പറയാനുള്ളത് ജീവിതസംതൃപ്തിയുടെ കഥകൾ മാത്രം.
🗞🏵 *ആന്ധ്രപ്രദേശിലെ എലൂർ രൂപതയുടെ കീഴിലുള്ള മാണ്ടെപ്പെട്ടയിലുള്ള വിശുദ്ധ മേരി മഗ്ദലീൻ കത്തോലിക്ക ദേവാലയ കവാടത്തിൽ സ്ഥാപിച്ചിരിന്ന യേശുവിന്റെയും മാതാവിന്റെയും തിരുസ്വരൂപങ്ങൾ തകർക്കപ്പെട്ടു* . കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ ചുറ്റിക കൊണ്ട് അടിച്ചാണ് അജ്ഞാതൻ രൂപം വികൃതമാക്കിയിരിക്കുന്നത്. സിസിടിവിയിൽ സംശയിക്കപ്പെടുന്ന ആളുടെ ദൃശ്യം പതിച്ചിട്ടുണ്ടെങ്കിലും കുറ്റവാളിയെ സ്ഥിരീകരിക്കാനായിട്ടില്ല. കഴിഞ്ഞ കുറേ മാസങ്ങളായി ഹിന്ദു ക്ഷേത്രങ്ങൾ ഉൾപ്പെടെ നിരവധി ദേവാലയങ്ങൾ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
🗞🏵 *ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ നിര്യാണത്തോടെ ഒഴിവുവന്ന അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജി ഒഴിവിലേക്ക് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തത് അടിയുറച്ച ക്രൈസ്തവ വിശ്വാസിയും ഏഴു കുട്ടികളുടെ അമ്മയുമായ ഫെഡറല്‍ ജഡ്ജി അമി കോണി ബാരെറ്റിനെ.* അമേരിക്കയില്‍ പ്രോലൈഫ് വിപ്ലവം ഉണ്ടാകുമെന്ന വ്യക്തമായ സൂചനകളാണ് ഈ നാമനിര്‍ദേശത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. നാല്‍പ്പത്തിയെട്ടു വയസുള്ള ബാരെറ്റ് അമേരിക്കയിലെ അറിയപ്പെടുന്ന പ്രോലൈഫ് നിലപാടുള്ള കത്തോലിക്ക വിശ്വാസിയാണ്. കടുത്ത ഗര്‍ഭഛിദ്ര അനുകൂലിയായിരിന്ന ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ ഇരിപ്പിടത്തിലേക്കാണ് ജീവന്റെ മഹനീയതയെ ഏറെ ബഹുമാനിക്കുന്ന ബാരെറ്റ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
*ഇന്നത്തെ വചനം*
മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും ജനപ്രമാണികള്‍, പ്രധാനപുരോഹിതന്‍മാര്‍, നിയമജ്‌ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങള്‍ക്കുശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി.
അവന്‍ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോള്‍, പത്രോസ് അവനെ മാറ്റിനിര്‍ത്തിക്കൊണ്ട് തടസ്‌സംപറയാന്‍ തുടങ്ങി.
യേശു പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്‍മാര്‍ നില്‍ക്കുന്നതു കണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്‍െറ മുമ്പില്‍നിന്നു പോകൂ. നിന്‍െറ ചിന്തദൈവികമല്ല, മാനുഷികമാണ്.
അവന്‍ ശിഷ്യന്‍മാരോടൊപ്പം ജനക്കൂട്ടത്തെയും തന്‍െറ അടുത്തേക്കു വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍െറ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.
സ്വന്തം ജീവന്‍ രക്‌ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവന്‍ നഷ്‌ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്‌ഷിക്കും.
ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്‍െറ ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം?
മനുഷ്യന്‍ സ്വന്തം ആത്‌മാവിനു പകരമായി എന്തു കൊടുക്കും?
പാപം നിറഞ്ഞതും അവിശ്വസ്‌തവുമായ ഈ തലമുറയില്‍ എന്നെക്കുറിച്ചോ എന്‍െറ വചനങ്ങളെക്കുറിച്ചോ ലജ്‌ജിക്കുന്നവനെപ്പറ്റി മനുഷ്യപുത്രനും തന്‍െറ പിതാവിന്‍െറ മഹത്വത്തില്‍ പരിശുദ്‌ധ ദൂതന്‍മാരോടുകൂടെ വരുമ്പോള്‍ ലജ്‌ജിക്കും.
മര്‍ക്കോസ് 8 : 31-38
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
*വചന വിചിന്തനം*
മാനുഷികചിന്ത
യേശു തന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള ഒന്നാം പ്രവചനം നടത്തുകയാണ്. താന്‍ തിരസ്‌ക്കരിക്കപ്പെടുകയും വധിക്കപ്പെടുകയും ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യുമെന്ന് ശിഷ്യരോട് പറയുന്നു. അപ്പോള്‍ പത്രോസ് അവനോട് തടസങ്ങള്‍ ഉന്നയിക്കുന്നു. അതിനോടുള്ള യേശുവിന്റെ പ്രതികരണം രൂക്ഷമാണ്. ‘സാത്താനേ’ എന്ന് പത്രോസിനെ വിളിച്ച്, ‘എന്റെ മുമ്പില്‍ നിന്ന് പോകുക, നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്’ എന്നു പറയുന്നു.
ഈ വചനഭാഗത്തിന്റെ തൊട്ട് മുമ്പിലാണ് പത്രോസ് വിശ്വാസപ്രഖ്യാപനം നടത്തുന്നതും യേശു അദ്ദേഹത്തെ അഭിനന്ദിക്കുന്നതും. പക്ഷേ, ഇവിടെ സഹനത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ പത്രോസ് യേശുവിനെ പ്രേരിപ്പിക്കുമ്പോള്‍ യേശു അവനെ സാത്താനേ എന്നാണ് വിളിക്കുക. സഹനത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ ഇന്ന് ഞാന്‍ ശ്രമിക്കുമ്പോഴും യേശു എന്നെയും അങ്ങനെ തന്നെ ആയിരിക്കും വിളിക്കുക. സഹനങ്ങള്‍ ക്രിസ്തുശിഷ്യന്‍ കടന്നുപോകേണ്ട പാത തന്നെയാണ് എന്നോര്‍മ്മിക്കണം. സഹനത്തില്‍ നിന്ന് ഒഴിവായിപ്പോകേണ്ടവനല്ല ക്രിസ്തുശിഷ്യന്‍. സഹനത്തെ ഒഴിവാക്കുക എന്നത് മാനുഷികചിന്തയാണ്. സഹനത്തെ രക്ഷാകരമാക്കുക എന്ന് ദൈവികചിന്തയും. എന്റെ ‘ചിന്ത’ എപ്രകാരമാണ്?
ജി. കടൂപ്പാറ
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*