വത്തിക്കാന്‍: നാമോരോരുത്തരും സൃഷ്ടിയുടെയും പ്രകൃതിയുടെ പരിശുദ്ധിയുടെയും കാവല്‍ക്കാരായി മാറണമെന്ന് മാര്‍പാപ്പ. എന്നും സുസ്ഥിരമായ ഒരു ജീവിത ശൈലിക്ക് രൂപമേകുന്നതിന് നാം, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സംസ്‌കാരങ്ങളിലടങ്ങിയ പൂര്‍വ്വിക വിജ്ഞാനങ്ങളെ ആധുനിക സാങ്കേതിക പരിജ്ഞാനവുമായി സംയോജിപ്പിക്കാന്‍ പരിശ്രമിക്കണമെന്നും പാപ്പാ സൂചിപ്പിച്ചു.

പൊതുഭവനത്തിന്‍റെ കാവല്‍ക്കാരാകുക, ജീവന്‍റെ സംരക്ഷകരാകുക, പ്രത്യാശയുടെ കാവലാളാകുക എന്ന പാത നമുക്കു സംരക്ഷിക്കാമെന്നും ദൈവം നമുക്കു ഭരമേല്പിച്ച പൈതൃകസമ്പത്ത് വരും തലമുറയ്ക്ക് ഉപയോഗിക്കുന്നതിനായി നമുക്കു കാത്തു സൂക്ഷിക്കാമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. തദ്ദേശജനതയെ ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു. അവരോടു നമുക്കു കൃതജ്ഞതയുടെയും ഒപ്പം അവരെ ദ്രോഹിച്ചതിനുള്ള പ്രായശ്ചിത്തത്തിന്‍റെയും കടപ്പാടുണ്ട്. തങ്ങളുടെ പ്രദേശത്തിന്‍റെ സ്വാഭാവികവും സാംസ്‌കാരികവുമായ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ പ്രസ്ഥാനങ്ങള്‍, സംഘടനകള്‍, ജനകീയ സംഘങ്ങള്‍ എന്നിവയെയും ഞാന്‍ ഓര്‍ക്കുന്നു.

ഈ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ എല്ലായ്‌പ്പോഴും വിലമതിക്കപ്പെടുന്നില്ല, ചിലപ്പോള്‍ അവ തടസ്സപ്പെടുത്തപ്പെടുകയും ചെയ്യുന്നു; കാരണം അവ പണം ഉല്പാദിപ്പിക്കുന്നില്ല എന്നതു തന്നെ. എന്നാല്‍ വാസ്തവത്തില്‍ അവ സമാധാനപരമായ ഒരു വിപ്ലവത്തിന്, അതിനെ ‘പരിപാലന വിപ്ലവം’ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം, ആ വിപ്ലവത്തിന് സംഭാവന ചെയ്യുന്നു. സൃഷ്ടിയെ, നമ്മുടെ മക്കളെ, മരുമക്കളെ, ഭാവിയെ പരിപാലിക്കുന്നതിന് ധ്യാനിക്കുക. പരിപാലിക്കുന്നതിന്, കാത്തുസൂക്ഷിക്കുന്നതിന്, ഭാവിതലമുറയ്ക്ക് പാരമ്പര്യസ്വത്ത് കൈമാറുന്നതിന് ധ്യാനിക്കുക. ഈ ദൗത്യം മറ്റാരേയും ഏല്പിക്കേണ്ടതില്ല. ഇത് ഒരോ മനുഷ്യവ്യക്തിയുടെയും കടമയാണ്. നമുക്കോരോരുത്തര്‍ക്കും ‘പൊതു ഭവനത്തിന്‍റെ സൂക്ഷിപ്പുകാരനായി’ ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് അവിടത്തെ സ്തുതിക്കാനും ആ സൃഷ്ടികളെ ധ്യാനിക്കാനും സംരക്ഷിക്കാനും കഴിവുള്ളവന്‍ ആയി മാറാന്‍ കഴിയും, മാറണം. പാപ്പാ പറഞ്ഞു.