കപടനാട്യക്കാരായ നിയമജ്ഞർക്കും ഫരിസേയർക്കും സംഭവിക്കാനിരിക്കുന്ന ഏഴാമത്തേത്തും അവസാനത്തേതുമായ ദുരിതത്തെക്കുറിച്ചാണ് മത്തായി സുവിശേഷകൻ ഈ ഭാഗത്ത് സൂചിപ്പിക്കുന്നത്. സ്നാപകനും ഈശോയും ക്രിസ്തു ശിഷ്യരുമടങ്ങുന്ന പ്രവാചകഗണത്തെ ഫരിസേയരും നിയമജ്ഞരും തിരസ്കരിക്കുകയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തുവെന്ന കുറ്റാരോപണത്തിലേക്ക് ഈശോ നീങ്ങുകയാണ്. ഇതിൽ പൂർവ്വികർ മാത്രമല്ല സമകാലീനരും ഉത്തരവാദികളാണെന്നു വ്യംഗ്യ ഭാഷയിൽ ഈശോ പറയുമ്പോൾ ക്രിസ്തുശിഷ്യരെ പീഡിപ്പിക്കുന്നവരെ കാത്തിരിക്കുന്ന വിപത്ത് വർത്തമാന കാലത്തിനും ഒരു ഓർമ്മപ്പെടുത്തലാണ്. അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവിന്റെ ‘ബലിയാട്’ എന്ന ഗ്രന്ഥത്തിൽ മനുഷ്യാവതാരത്തിന്റെ രഹസ്യാത്മകത വിവരിക്കുന്ന ഭാഗത്ത് അദ്ദേഹം ഇപ്രകാരം പറഞ്ഞുവയ്ക്കുന്നു; സംഘടിതമായി ചിലരെ ‘ബലിയാടുക’ളാക്കുന്നവരും ദൈവവിളിയെ പരിഹസിക്കുന്നവരും സോഷ്യൽ മീഡിയയിലും ചാനലുകളിലും ഇരുന്ന് നിരുത്തവാദപരമായി സഭയെയും സമർപ്പിതരെയും അധിക്ഷേപിക്കുന്നവരും മനുഷ്യാവതാരത്തിന്റെ അർത്ഥം തിരിച്ചറിയാത്ത ആധുനിക ‘കപടനാട്യ’ക്കാരാണ്. ദൈവത്തിന്റെ മുമ്പിൽ നാം എങ്ങനെ കാണപ്പെടുന്നുവെന്നതാണ് പ്രധാനം. നാട്യങ്ങളും കപടനാട്യങ്ങളും കാലത്തിന്റെ ശരികളും താൽക്കാലിക നേട്ടങ്ങളുമാകുമ്പോഴും നിരാശരാകേണ്ട; കാരണം നമ്മുടെ ഉള്ളായ്മകളും ഇല്ലായ്മകളും ഉദ്ദേശ്യങ്ങളും ദുരുദ്ദേശ്യങ്ങളുമറിയുന്ന ദൈവത്തിന്റെ മുമ്പിലാണല്ലോ ആയിരിക്കുന്നതെന്നത് നമുക്ക് ശക്തിയാണ്. അതിനാൽ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നമുക്ക് നാട്യം വെടിയാം. അതിനായി പ്രാർത്ഥിക്കുകയും ചെയ്യാം.
ബ്ര. റോബിൻ പുതുപറമ്പിൽ