ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിൽ നടക്കേണ്ട അല്ലെങ്കിൽ അനുഭവിക്കേണ്ട അടിസ്ഥാനപരമായ ഒരനുഭവത്തെ കുറിച്ചാണ് വചന൦ ഇന്ന്‌ നമ്മോട് സംസാരിക്കുന്നത്. അത് ഒരു എമ്മാവൂസ് അനുഭവമാണ്. ഈ യാത്രയില്‍ ഈശോയേകുറിച്ചുള്ള ശിഷ്യന്റെ ഒരു പ്രയോഗം ശ്രദ്ധേയമാണ്.’… ഇവനാണ് എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു ‘ (24:21) എന്നതാണ് ആ പ്രയോഗം. ഈ പ്രയോഗത്തിന്റെ അര്‍ത്ഥം ഇങ്ങനെയാണ് ബനഡിക്ട് 16ാമൻ മാർപാപ്പ വ്യാഖ്യാനിക്കുന്നത് ; ഞങ്ങൾ വിശ്വസിച്ചിരുന്നു, ഞങ്ങൾ പിന്തുടർന്നു, ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഇപ്പോൾ എല്ലാം കഴിഞ്ഞു. പ്രവൃത്തിയിലും വാക്കിലും വളരെ ശക്തനായ ഒരു പ്രവാചകനെന്ന് സ്വയം കാണിച്ച നസറെത്തിലെ ഈശോ പോലും പരാജയപ്പെട്ടു, ഞങ്ങൾ നിരാശരായി.”

കൊറോണയുടെ ഈ കാലഘട്ടത്തിലെ ഭൂരിപക്ഷം പേരുടെയും മനോഭാവത്തെ ഈ വചനം പ്രതിഫലിക്കുന്നുണ്ട്. അടഞ്ഞുകിടക്കുന്ന ദേവാലയങ്ങൾ, വി. കുര്‍ബാനയു൦ മറ്റു കൂദാശകളു൦ ഇല്ലാത്ത അവസ്ഥ, സാമ്പത്തിക പ്രതിസന്ധി, ജോലി നഷ്ടപ്പെടൽ, പ്രാർത്ഥനക്ക് ഉത്തരം കിട്ടാത്ത അവസ്ഥ. നമ്മളും ചിന്തിച്ച് പോകും ദൈവം എവിടെ എന്ന്. ദൈവം നമ്മെ ഉപേക്ഷിച്ചോ എന്ന്. ദൈവം ഉണ്ടോ എന്ന്. നിരാശയുടെ ഈ വഴിയില്‍ യാത്ര ചെയ്യുമ്പോൾ വിഷാദം മാറി ആനന്ദിക്കാൻ ഒരു മാര്‍ഗമേയുള്ളു. കൂടെ നടക്കുന്ന ഈശോയെ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ കാണുക. നമ്മുടെ ഹൃദയ൦ ജ്വലിപ്പിക്കുന്ന (24:37) നമുക്ക് സമീപസ്ഥമായ വചനത്തിൽ നിന്നു (നിയമ 30:14) ഈശോ പറയുന്നത് കേൾക്കുക. വി. കുര്‍ബാനയിലെ ഈശോയിൽ നിന്ന് ശക്തി സ്വീകരിക്കുക.

മാ൦സ൦ ധരിച്ച വചന൦ ഇന്ന്‌ നവമാധ്യമങ്ങളിൽ കൂടി ലഭ്യമാണ്. ഓണ്‍ലൈന്‍ വചന ശുശ്രൂഷകളു൦ പ്രാർത്ഥനാകൂട്ടായ്മകളു൦ വി. കുര്‍ബാനയർപ്പണങ്ങളു൦ എല്ലാദിവസവും എല്ലാ നേരങ്ങളിലു൦ ഉണ്ട്. പരിമിതമെങ്കിലു൦ വി. കുര്‍ബാന ഇടവകളിൽ ആരംഭിച്ചു കഴിഞ്ഞു. നമ്മുടെ ജീവിതത്തെ ദൈവവചനത്താലു൦ കർത്താവിന്റെ തിരുശരീരരക്തങ്ങളാലു൦ ശക്തിപെടുത്താ൦. എപ്പോഴും നമ്മുടെ കൂടെ ആയിരിക്കുന്ന ഈശോയോടൊത്ത് പ്രത്യാശയോടെ മുമ്പോട്ട് പോകാ൦

ബ്ര. ജോസഫ് പൊന്നാറ്റിൽ