വാർത്തകൾ
🗞🏵 *നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ അടക്കമുള്ള രാജ്യത്തെ പ്രമുഖ നിയമ പഠന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനായി എൻഎൽഎടി, സിഎൽഎടി പരീക്ഷകൾ നടത്താൻ സുപ്രീം കോടതിയുടെ അനുമതി.*
🗞🏵 *ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം:* ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതതിരുവനന്തപുരം: ആന്ധ്രപ്രദേശ് തീരത്ത് ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് കേരളത്തിൽ വ്യാപക മഴയ്ക്കു കാരണമായേക്കും.
🗞🏵 *ബിനീഷ് കോടിയേരിയ്ക്ക് കുരുക്ക് മുറുകുന്നു,* ചോദ്യം ചെയ്യാന്‍ തയ്യാറെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നാര്‍കോട്ടിക് സെല്ലും. ആദ്യ ചോദ്യം ചെയ്യലില്‍ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ലഹരിമരുന്നു കേസില്‍ പിടിയിലുള്ളവരുമായി തനിക്കുള്ളത് സൗഹൃദം മാത്രമാണെന്ന നിലപാടില്‍ ഉറച്ച് ബിനീഷ് കോടിയേരിയുടെ മൊഴി
🗞🏵 *ബംഗളൂരു മയക്കുമരുന്ന് കേസ് , മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ സിനിമകളുമായി പ്രതികള്‍ക്ക് അടുത്ത ബന്ധം.* ബെംഗളൂരുവില്‍ കന്നഡ സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട ലഹരിക്കടത്ത് കേസിലെ അന്വേഷണം മലയാള സിനിമയിലേക്കും നീങ്ങുന്നു. നാര്‍ക്കോട്ടിക് സെല്‍ ബ്യൂറോ അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് നിരവധി സംവിധായകരുമായും നടീനടന്മാരുമായും ബന്ധമുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു. സൂപ്പര്‍താരത്തിന്റെ ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങള്‍ക്ക് പ്രതികളുമായി നേരിട്ട് ബന്ധമുള്ളതായും വ്യക്തമായിട്ടുണ്ട്
🗞🏵 *2988 പേർക്ക് കോ വിഡ്* രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 134 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 285 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 477, മലപ്പുറം 372, കൊല്ലം 295, എറണാകുളം 258, കോഴിക്കോട് 239, കണ്ണൂര്‍ 225, കോട്ടയം 208, ആലപ്പുഴ 178, തൃശൂര്‍ 172, പാലക്കാട് 99, കാസര്‍ഗോഡ് 97, പത്തനംതിട്ട 65, വയനാട് 33, ഇടുക്കി 20 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്
🗞🏵 *പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍.* കണ്ണൂര്‍ തളിപ്പറമ്പ് ബദരിയ്യ നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ ഇബ്രാഹിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധ ഉണ്ടെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
🗞🏵 *സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 3,000വും ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷവും കടന്ന സാഹചര്യത്തിൽ അതിജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.* കോവിഡിനെതിരായ പ്രതിരോധം സംസ്ഥാനം ശക്തമായ നിലയില്‍ കൊണ്ട് പോകുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനവും കോവിഡിനെതിരായ പോരാട്ടത്തില്‍ രാവും പകലുമില്ലാതെ അധ്വാനിക്കുകയാണ്. ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നപ്പോഴും മരണ സംഖ്യ 410 മാത്രമെന്നതും രോഗമുക്തി കൂടുതലായതും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.
🗞🏵 *യുഎഇ നയതന്ത്ര സ്വര്‍ണകടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കുന്നതിനു മൂന്നംഗ സമിതിയെ നിയോഗിച്ചു സര്‍ക്കാര്‍.* ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അധ്യക്ഷനായി മൂന്നംഗ സമിതിയെയാണു സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്.
🗞🏵 *ജമ്മു കശ്മീരില്‍ ആയുധ വെടിമരുന്ന് കടത്താന്‍ പാകിസ്ഥാന്‍ പുതിയ തന്ത്രം സ്വീകരിക്കുന്നു.* താഴ്വരയില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കുള്ള ആയുധക്ഷാമം മറികടക്കാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് സമീപം വെടിമരുന്ന് കടത്താന്‍ പാകിസ്ഥാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സുരക്ഷാ സേന അടുത്തിടെ നിയന്ത്രണ രേഖയില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. അതിനാല്‍ തന്നെ അതിര്‍ത്തിക്കപ്പുറത്തുള്ള ആളുകള്‍ക്ക് നുഴഞ്ഞുകയറ്റം നടത്താന്‍ കഴിയാത്തതിനാല്‍ ആയുധങ്ങള്‍ എല്‍ഒസിക്ക് സമീപം വലിച്ചെറിയുകയാണ്. ഇത് അതിര്‍ത്തിക്കപ്പുറത്തുള്ള പ്രദേശങ്ങളില്‍ അക്രമണ സംഭവങ്ങള്‍ക്ക് കാരണമായെന്നാണ് സംശയിക്കപ്പെടുന്നത്.
🗞🏵 *നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുടെ സ്വത്ത് കണ്ടു കെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.* കോഴിക്കോട് ജില്ലയില്‍ 1.84 കോടിയുടെ സ്വത്ത് വകകള്‍ കണ്ടു കെട്ടിയതായി ട്വിറ്ററിലൂടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് വസ്തുവകകള്‍ കണ്ടു കെട്ടിയത്.ഒരു വീട്, ഫ്ളാറ്റ്, സ്ഥിരനിക്ഷേപം, ഭൂമി എന്നിവയുള്‍പ്പെടെയുള്ള വസ്തുവകകളാണ് ഇ.ഡി. കണ്ടുകെട്ടിയത്. മുഖ്യ പ്രതി ടി. കെ ഫായിസിന്റെ ഭാര്യ പി. സി ശബ്‌നയുടെ വടകരയിലെ വീടും കണ്ടുകെട്ടിയിട്ടുണ്ട്.
🗞🏵 *സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തു* . കൊച്ചിയിലെ ഓഫീസില്‍ ഇന്നലെ രാവിലെയാണ് മന്ത്രി ചോദ്യം ചെയ്യലിനായി എത്തിയത്. ഉച്ചവരെ ജലീല്‍ ഇഡി ഓഫീസില്‍ തുടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് ജലീലിന്റെ മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ചത്. എന്‍ഫോഴ്‌സ്‌മെന്റിന് പിന്നാലെ എന്‍ഐഎയും മന്ത്രിയെ ചോദ്യം ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇതുവരെ മന്ത്രിക്ക് ലഭിച്ച സംരക്ഷണം മുഖ്യമന്ത്രിയില്‍ നിന്നും ലഭിക്കില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
🗞🏵 *മാണ്ഡ്യ നഗരത്തിലുള്ള ഗട്ടാലുവിലെ പ്രസിദ്ധമായ ശ്രീ അരകേശ്വര ക്ഷേത്രത്തില്‍ മൂന്ന് ക്ഷേത്രം പൂജാരിമാരെ മൃഗീയമായി കൊലചെയ്ത് ക്ഷേത്രം കൊള്ളയടിച്ചു.* പൂജാരിമാരായ ഗണേശ്, പ്രകാശ്, ആനന്ദ് എന്നിവരുടെ മൃതദേഹങ്ങള്‍ ക്ഷേത്ര പരിസരത്ത് നിന്നും വെള്ളിയാഴ്ച രാവിലെ ചോരയില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. വലിയ ഉരുളന്‍ കല്ലുകൊണ്ട് ഇവരുടെ തല ഇടിച്ചു തകര്‍ത്തിരുന്നു.കര്‍ണാടക മാണ്ഡ്യ ജില്ലയില്‍ അരകേശ്വര ക്ഷേത്രത്തിലാണ് കവര്‍ച്ചയും കൊലപാതകവും നടന്നത്.
🗞🏵 *ഹരിയാന മുൻ എംഎൽഎയും ആര്യ സമാജ് നേതാവുമായ സ്വാമി അഗ്നിവേഷ് ന്യൂഡൽഹിയിലെ ആശുപത്രിയിൽ വെച്ച് മരിച്ചു* . ലിവർ സിറോസിസ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങൾ പ്രവർത്തന രഹിതമായിരുന്നു.
🗞🏵 *അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ നിന്ന് കാണാതായ അഞ്ച് ഇന്ത്യക്കാരെ സെപ്റ്റംബര്‍ 12 ന് (ശനിയാഴ്ച) ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സ്ഥിരീകരിച്ചു.* കാണാതായ ഇവരെ ചൈനീസ് ഭാഗത്തുനിന്നാണ് കണ്ടെത്തിയതെന്ന് പിഎല്‍എ (പീപ്പിള്‍ ലിബറേഷന്‍ ആര്‍മി) മൂന്ന് ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു.
🗞🏵 *ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണ്ണായക കൂടിക്കാഴ്ച്ച* . ഇതിനു പിന്നാലെ മോദി സൈനിക മേധാവി ബിപിന്‍ റാവത്തുമായും കൂടിക്കാഴ്ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട് .അതിര്‍ത്തിയില്‍ ചൈനയും , ഇന്ത്യയും സൈനിക വിന്യാസം ശക്തമാക്കിയ സാഹചര്യത്തിലാണ് അടിയന്തിര പ്രധാന്യമുള്ള ചര്‍ച്ച നടക്കുന്നത്
🗞🏵 *അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാത്തത് സംശയാസ്പദമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍* . ലൈഫ് പദ്ധതിയിലും മറ്റ് സാമ്പത്തികക്രമക്കേടുകളിലും ജലീല്‍ മുഖ്യമന്ത്രിയെ സഹായിച്ചിട്ടുണ്ടോയെന്ന സംശയം ന്യായമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
🗞🏵 *ചൈനീസ് വിമാനങ്ങള്‍ അതിര്‍ത്തി കടക്കരുതെന്ന മുന്നറിയിപ്പ് നല്‍കി തായ് വാന്‍* . ഇന്ത്യയ്ക്ക് പിന്നാലെ ചൈന തായ് വാനിലും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെയാണ് ഈ മുന്നറിയിപ്പ് .ചൈനീസ് ജെറ്റുകള്‍ തുടര്‍ച്ചയായി തായ്‌വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പറക്കുന്നതായി തായ്‌വാന്‍ വൈസ് പ്രസിഡന്റ് ലൈ ചിങ്-ടെ ട്വിറ്ററിലൂടെ അറിയിച്ചു. ‘തെറ്റ് ചെയ്യരുത്, തായ്‌വാന്‍ സമാധാനം ആഗ്രഹിക്കുന്നു, എന്തുവില കൊടുത്തും ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കും’ – അദ്ദേഹം പറഞ്ഞു.
🗞🏵 *നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ കത്തെഴുതിയതിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസിലെ ഭിന്നത പുതിയ മാനങ്ങളിലേക്ക് .* രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ചുമതലകളില്‍ നിന്നും മാറ്റിക്കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടിപ്പിച്ചു
🗞🏵 *മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം* യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍ നാലു ബിജെപി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റെന്നാണ് വിവരം. മലപ്പുറത്തും കൊച്ചിയിലും യുഡിഎഫ് യുവജനസംഘടനകള്‍ മന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട് സുല്‍ത്താന്‍പേട്ടയിലും യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു
🗞🏵 *ലോക രാജ്യങ്ങളില്‍നിന്ന് ഭീകരവാദത്തിന് പിന്തുണ നല്‍കുന്നതിന്റെ പേരില്‍ കടുത്ത വിമർശനം നേരിടുന്ന പാകിസ്താനെ പിന്തുണച്ച് ചൈന.* തങ്ങളുടെ എക്കാലത്തേയും സഖ്യകക്ഷിയായ പാകിസ്താന്‍ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ വലിയ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും ചൈന അവകാശപ്പെട്ടു. വിദേശകാര്യ മന്ത്രാലയ വാക്താവ് ഷാവോ ലിജിയാന്റേതാണ് അടിസ്ഥാന രഹിതമായ പ്രസ്താവന.
🗞🏵 *പ്രതികാര നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ ബംഗ്ലാവ് പൊളിച്ചുമാറ്റിയതിനാല്‍ കങ്കണ റണാവത്ത് അനീതിയുടെ ഇരയാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ.* കങ്കണയുടെ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഇന്ത്യാ ടുഡേയോട് സംസാരിച്ച അതവാലെ പറഞ്ഞു.
🗞🏵 *ഫ്രാന്‍സില്‍ നിന്നെത്തിച്ച റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങില്‍ സങ്കീര്‍ത്തന വചനങ്ങളും പ്രാര്‍ത്ഥനകളുമായി ക്രിസ്ത്യന്‍ വൈദികനും* . ഇന്നലെ അംബാലയിലെ എയര്‍ഫോഴ്‌സ് ബേസില്‍ നടന്ന ചടങ്ങിലാണ് ഒരു വൈദികന്‍ നാല്‍പ്പത്തിയാറാം സങ്കീര്‍ത്തനം ചൊല്ലിയും യേശു നാമത്തില്‍ യാചന നടത്തിയും പ്രാര്‍ത്ഥിച്ചത്. വൈദികന്റെ പേര് വിവരങ്ങള്‍ വ്യക്തമല്ലെങ്കിലും പ്രാര്‍ത്ഥനയുടെയും ലഘു സന്ദേശത്തിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാണ്.
🗞🏵 *പരിശുദ്ധ കന്യകാമാതാവിന്റെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മത്തരേല പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൊറേറ്റോ സന്ദര്‍ശിച്ചു* . മുതിര്‍ന്ന വത്തിക്കാന്‍ ഉദ്യോഗസ്ഥനായ ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലാഘറുടെ ഒപ്പമായിരിന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ആര്‍ച്ച് ബിഷപ്പ് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം പ്രസിഡന്റ് ബസലിക്കയുടെ അള്‍ത്താരയില്‍ സ്ഥാപിച്ചിരുന്ന ദീപം തെളിയിച്ചു.
🗞🏵 *പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിനെതിരെ നാഷ്ണല്‍ ക്രിസ്ത്യന്‍ പാര്‍ട്ടി ചെയര്‍മാന്‍ ഷാബ്ബിര്‍ ഷഫ്കാത്തിന്റെ നേതൃത്വത്തില്‍ പാക്ക് ക്രൈസ്തവര്‍ സെപ്റ്റംബര്‍ ഒന്‍പതിന് കറാച്ചിയില്‍ നിരാഹാര സമരം നടത്തി* . വ്യാജ മതനിന്ദ കേസിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസിയായ ആസിഫ് പെര്‍വേസ് മസീഹ് എന്ന യുവാവിനെ വധശിക്ഷക്ക് വിധിച്ച സാഹചര്യത്തിലാണ് ക്രൈസ്തവരുടെ നിരാഹാര സമരം. ഇസ്ലാം മതം സ്വീകരിക്കുവാന്‍ വിസമ്മതിച്ചതിനാണ് വ്യാജ മതനിന്ദ കേസ് ആരോപിക്കപ്പെട്ടതെന്ന് ആസിഫിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തിയിരിന്നു. ശരിയായ രീതിയിലുള്ള യാതൊരു അന്വേഷണം നടന്നിട്ടില്ലെന്നും തെളിവുകളില്ലാത്ത വ്യാജ ആരോപണത്തിന്റെ പേരിലായിരുന്നു പോലീസ് നടപടിയെന്നും ഷഫ്കാത്ത് ആരോപിച്ചു.
🐚🐚🐚🐚🐚🐚🐚🐚🐚🐚🐚
*ഇന്നത്തെ വചനം*
സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്‌ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയുംചെയ്യുന്നു.
വീണ്ടും, സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം.
അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു.
സ്വര്‍ഗരാജ്യം, എല്ലാത്തരം മത്‌സ്യങ്ങളെയും ശേഖരിക്കാന്‍ കടലില്‍ എറിയപ്പെട്ട വലയ്‌ക്കു തുല്യം.
വല നിറഞ്ഞപ്പോള്‍ അവര്‍ അതു കരയ്‌ക്കു വലിച്ചു കയറ്റി. അവര്‍ അവിടെയിരുന്ന്, നല്ല മത്‌സ്യങ്ങള്‍ പാത്രത്തില്‍ ശേഖരിക്കുകയും ചീത്ത മത്‌സ്യങ്ങള്‍ പുറത്തേക്ക് എറിയുകയും ചെയ്‌തു.
യുഗാന്തത്തിലും ഇതുപോലെ സംഭവിക്കും. ദൈവദൂതന്‍മാര്‍ ദുഷ്‌ടന്‍മാരെ നീതിമാന്‍മാരില്‍നിന്നു വേര്‍തിരിക്കുകയും അഗ്നികുണ്‍ഡത്തിലേക്കെറിയുകയും ചെയ്യും.
അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
നിങ്ങള്‍ ഇതെല്ലാം ഗ്രഹിച്ചുവോ? അവന്‍ ചോദിച്ചു. ഉവ്വ്, അവര്‍ ഉത്തരം പറഞ്ഞു.
മത്തായി 13 : 44-51
🐚🐚🐚🐚🐚🐚🐚🐚🐚🐚🐚
*വചന വിചിന്തനം*
‘നമ്മുടെ തെരഞ്ഞെടുപ്പ് എങ്ങനെ ആയിരിക്കണം?’
ജോലിക്ക് വേണ്ടിയുള്ള ഇന്‍റർവ്യൂവിൽ പങ്കെടുത്തവരാണ് നമ്മിൽ കുറെപ്പേരെങ്കിലും. അതിനായി നാം നമ്മുടെ അടിസ്ഥാന വിവരങ്ങൾ ചേർത്തു ആകർഷകമായ രീതിയിൽ ഇന്‍റർവ്യൂ ചെയ്യുന്ന വ്യക്തിയുടെ കയ്യിൽ കൊടുക്കും. തുടർന്ന് ആ വ്യക്തി നമ്മോട് ചോദ്യം ചോദിക്കുകയും അതനുസരിച്ച് നമ്മെ വിലയിരുത്തി, തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും, ചിലപ്പോൾ തിരഞ്ഞെടുക്കപ്പെടും ചിലപ്പോൾ പുറത്താക്കപ്പെടും, ചിലപ്പോൾ വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടും.
നാം നമ്മുടെ ജീവിത അന്ത്യത്തിൽ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരും. നാമെല്ലാവരും ആഗ്രഹത്തോടെ ആ സ്വർഗീയ തെരഞ്ഞെടുപ്പിനെ പറ്റി അനുസ്മരിക്കുന്ന കാലമാണ് ഏലിയ സ്ലീവാ മൂശെ കാലം. അന്ത്യവിധിയെ കുറിച്ചും മിശിഹായുടെ രണ്ടാം ആഗമനത്തെ കുറിച്ചും അനുസ്മരിക്കുന്ന ഈ കാലത്തിൽ നമ്മുടെ തെരഞ്ഞെടുപ്പ് എങ്ങനെ ആയിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന വചനഭാഗം ആണ് ഏലിയ സ്ലീവ മൂശെ ക്കാലം ഒന്നാം ശനിയാഴ്ച നാം അനുസ്മരിക്കുന്നത് (മത്തായി 13: 44-51). സ്വർഗ്ഗരാജ്യത്തെ ഇവിടെ ഏറ്റവും വിലയേറിയ നിധിക്ക് തുല്യമായി കണക്കാക്കുന്നു. അത് തിരിച്ചറിയുന്ന എന്‍റെ മനസ്സിൽ മറ്റൊന്നുമില്ല. സന്തോഷത്തോടെ തനിക്ക് ഉള്ളതെല്ലാം വിറ്റ് അത് വാങ്ങുന്നു. അതുപോലെതന്നെ വിലയേറിയ രത്നത്തിന്‍റെ കാര്യവും. മത്തായി 13:47-48-ൽ തെരഞ്ഞെടുപ്പിനെ പറ്റി പറയുന്നു, കടലിൽ എറിയപ്പെട്ട വലയിൽ നിന്ന് നല്ലതും ചീത്തയുമായ മത്സ്യങ്ങളെ തിരിക്കുന്നു. ഇഹലോക ജീവിതത്തിലെ പ്രവർത്തനങ്ങൾ വഴി നേടിയ നമ്മുടെ വിശുദ്ധിയാണ് ഈ തിരഞ്ഞെടുപ്പിനെ അടിസ്ഥാന വിശുദ്ധി എന്നത് ഏറ്റെടുത്ത ഉപവാസങ്ങളുടെയും ചൊല്ലി കൂട്ടിയ പ്രാർത്ഥനകളുടെയും ആകെത്തുക അല്ല. മാത്രമല്ല അത് ആർദ്രതയോടെ, കരുണയോടെ, മറ്റുള്ളവരെ കാണുന്ന മനസ്സിന്‍റെ അവസ്ഥ കൂടിയാണ്, കരുണ നഷ്ടപ്പെട്ട ഈ ലോകത്തിൽ 2000 വർഷങ്ങൾക്കിപ്പുറം ക്രിസ്തുവിനെ കരുണയുടെ പ്രതിരൂപം ആകണം. എങ്കിൽ മാത്രമേ ക്രിസ്തുവിന്‍റെ കരുണയിൽ നാമും ഉൾപ്പെടൂ. ലേഖന ഭാഗത്ത് നാം കാണുന്നു (2 പത്രോസ് 3:8-13) ആരും നശിച്ചുപോകാതെ എല്ലാവരും അനുഭവിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.
ഇഷ്ടപ്പെട്ടതിനെ നഷ്ടപ്പെടുത്താൻ നാം ആഗ്രഹിക്കാറില്ല. അത് പോലെ തന്നെ സ്വർഗ്ഗരാജ്യം എന്നത് നാം ഇഷ്ടപ്പെടണം. എങ്കിൽ മാത്രമേ നാം എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും അത് സ്വന്തമാക്കൂ.
ബ്ര.ബ്രിന്‍റോ മനയത്ത്
🐚🐚🐚🐚🐚🐚🐚🐚🐚🐚🐚
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*