പരിശുദ്ധ അമ്മയുടെ പിറവിത്തിരുനാളിൻ്റെ മംഗളങ്ങൾ സ്നേഹത്തോടെ നേരുന്നു. ബൈബിൾ വായനയിൽ പലപ്പോഴും ഒഴിവാക്കാൻ സാധ്യതയുള്ള ഒരു ഭാഗമാണ് വംശാവലി വിവരണങ്ങൾ. വി. മത്തായി അറിയിച്ച സുവിശേഷം തുടങ്ങുന്നതുതന്നെ വംശാവലി വിവരണത്തോടെയാണ്. ഇന്ന് നമ്മുടെ വിചിന്തനത്തിനായി സഭ നൽകുന്നത് ഈ ഭാഗമാണ്. സൂക്ഷ്മമായ വായനയിൽ വിവിധ വ്യാഖ്യാനങ്ങൾക്ക് സാധ്യതയുള്ള ഈ ഭാഗത്തിലെ ചെറിയ ഒരു ഭാഗം നമ്മുക്ക് ധ്യാന വിഷയമാക്കാം.
അബ്രാഹത്തിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രന്‍ ഈശോ മിശിഹായുടെ വംശാവലി ഗ്രന്‌ഥം.
(മത്തായി 1 : 1). പുതിയ പരിഭാഷയിൽ വംശാവലി ഗ്രന്ഥം എന്നതിനു പകരം ഉത്ഭവചരിത്ര ഗ്രന്ഥം എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൻ്റെ ഗ്രീക്കു പദം ‘ബിബ്ലോസ് ഗേനെസിസ് ‘ എന്നതാണ്. ഇതേ പ്രയോഗം പ്രപഞ്ചത്തിൻ്റെയും ,മനുഷ്യൻ്റെയും സൃഷ്ടിയെ കുറിക്കാനായി ഉത്പത്തി പുസ്തകത്തിൽ ഉപയോഗിക്കുന്നുണ്ട്. ഈശോയുടെ ഉത്ഭവ ചരിത്രം പുതുസൃഷ്ടിയുടെ ചരിത്രമാണ്. അത് ഒരുങ്ങിയതാകട്ടേ രണ്ടാം ഹവ്വായെന്ന് പിതാക്കന്മാർ വിശേഷിപ്പിക്കുന്ന നമ്മുടെ അമ്മയായ മറിയത്തിലൂടെയും.
മറിയത്തിൻ്റെ പിറവിത്തിരുനാൾ ദിനത്തിൽ നമ്മിലേക്കു തന്നെ തിരിഞ്ഞു നോക്കുന്നത് ഉചിതമാവും. അമ്മ ഈശോയെ ലോകത്തിനു കൊടുത്ത പോലെ എനിക്കു നൽകാൻ കഴിയുന്നുണ്ടോ? മാതാവിലൂടെയുള്ള ഈശോയുടെ ജനനം മനുഷ്യനെയും പ്രപഞ്ചത്തെയും പുന:സൃഷ്ടിച്ചത് നമുക്കറിയാം. എന്നിട്ടുമെന്തേ നമുക്ക് ഈശോയെ ഇന്നത്തെ ലോകത്തിനു നൽകാൻ കഴിയുന്നില്ല? പ്രത്യാശ നഷ്ടപ്പെട്ടവരുടെ ഉള്ളിൽ പ്രത്യാശയുടെ പുന:സൃഷ്ടി നടത്താൻ ഈശോയെ നമുക്ക് കൊടുക്കാനാവില്ലേ? ആകുലരിൽ ശാന്തിയുടെ പുന:സൃഷ്ടി നടത്താൻ ഈശോയെ നമുക്ക് കൊടുക്കാനാവില്ലേ? അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം പുന:സൃഷ്ടിക്കാൻ ഈശോയെ നമുക്ക് കൊടുക്കാനാവില്ലേ?
അമ്മയെപ്പോലെ നമ്മുക്കും ഈശോയെ കൊടുക്കുന്നവരാകാം……
ബ്ര. ജേക്കബ് കളത്തിവീട്ടിചിറയിൽ