ഒരു ക്രിസ്ത്യാനി ആദ്യം അറിയേണ്ടത് ക്രിസ്തുവിന്‍റെ ഹൃദയമാണ്. സ്നേഹിക്കുന്നവർക്ക് തമ്മിൽ ആശയങ്ങൾ കൈമാറാൻ ഒരു നോട്ടം തന്നെ ധാരാളമായിരിക്കെ ജീവിതകാലം മുഴുവൻ അവനെ അനുഗമിക്കുന്നവർക്ക് അവന്‍റെ ഹൃദയത്തിന് ഇണങ്ങിയവരാകുവാൻ സാധിക്കുന്നില്ല എന്നത് നിർഭാഗ്യകരമാണ്.
ഒരുപാട്കാലം ഒപ്പം ഉണ്ടായിട്ടും അവന്‍റെ ഹൃദയം അറിയുവാൻ പരാജയപ്പെട്ടുപോയവരുടെ കൂട്ടത്തിൽ സെബദിപുത്രന്മാരും ഉണ്ട്. ഈശോയുടെ മഹത്വത്തിൽ അവന്‍റെ വലത്തും ഇടത്തുമുള്ള സ്ഥാനമാണ് അവർക്ക് വേണ്ടത്. മർക്കോസിന്‍റെ സുവിശേഷത്തിലൂടെ ഒന്ന് യാത്ര ചെയ്താൽ ഇവരുടെ യാചന എത്രയോ നിർഭാഗ്യകരമായിപ്പോയെന്ന് നമുക്ക് മനസ്സിലാക്കാനാകും.
തന്‍റെ പീഡാസഹന മരണ ഉത്ഥാനത്തെക്കുറിച്ച് ഇതിനു മുമ്പ് ഈശോ വ്യക്തമാക്കിയിട്ടുള്ളതാണ്. അവന്‍റെ രൂപാന്തരീകരണത്തിലും ഇവർ ഇരുവരും ഒപ്പമുണ്ടായിരുന്നതുമാണ്. എന്നിട്ടും ഇവർ അന്വേഷിക്കുന്നത് ഈ ഭൂമിയിലെ മഹത്വവും പ്രതാപവും ആണ്. എന്നാൽ ഈശോ വന്നത് സ്വയം ബലിയാകുവാൻ ആയിരുന്നു. എന്തിനായിരുന്നു അവൻ ബലിയാകുവാൻ ഇറങ്ങിത്തിരിച്ചത്. അനേകർക്ക് മോചനദ്രവ്യം ആകുവാൻ.
ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത് എന്ന് ഇനിയും ഒരിക്കൽക്കൂടെ ദൈവത്തിന് പരിഭവിക്കുവാൻ സാധിക്കാത്ത വിധത്തിൽ അവന്‍റെ ബലി തന്‍ന്‍റെ സഹോദരങ്ങളോട് ഉള്ള വലിയ സ്നേഹത്തിന്‍റെയും കരുണയുടെയും പ്രകടനമായിരുന്നു. അവൻ ഈ ലോകത്തിന്‍റെ ചരിത്രത്തിന്‍റെ ഭാഗമായത് സ്നേഹിക്കുവാൻ വേണ്ടി മാത്രമായിരുന്നു എന്ന് ചുരുക്കം.ഇതുതന്നെയാണ് നാം അവനിൽ നിന്നും കണ്ടുപഠിക്കേണ്ടതും. ഈ കാഴ്ചയാണ് അവന്‍റെ അനുയായികൾക്ക് വേണ്ടതും. അന്ധനായ ബര്‍തിമേയൂസിനോട് ചോദിക്കുന്ന അതേ ചോദ്യമാണ് ഈശോ സെബദിപുത്രൻമാരോടും ചോദിക്കുന്നത് “ഞാൻ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? ” അവനെ അനുഗമിക്കുന്ന എല്ലാവരുടെയും നയനങ്ങൾ തുറക്കേണ്ടതുണ്ട്, തന്‍റെ സഹജനെ സ്നേഹിക്കുക എന്നതിൽ കവിഞ്ഞു വലുതായി ഒന്നും തന്നെ ഈ ലോകത്ത് തനിക്ക് ചെയ്യാനില്ല എന്ന ലളിതമായ കാര്യം ഗ്രഹിക്കുവാൻ.
ഇന്ന് പ്രത്യേകമായി ഏവുപ്രാസ്യാമ്മയെ അനുസ്മരിക്കുന്ന ദിവസമാണല്ലോ. പ്രാർത്ഥിക്കുന്ന അമ്മ എന്ന് അറിയപ്പെടുന്ന ഈ വിശുദ്ധ നമ്മുടെ പ്രാർത്ഥനകൾക്കും മാതൃകയായിരിക്കട്ടെ. ഞങ്ങൾ യാചിക്കുന്നതെന്തും ചെയ്തു തരണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു ഈശോയെ സമീപിച്ച് സെബദി പുത്രന്മാരെപ്പോലെ നമ്മുടെ പദ്ധതികൾ ദൈവത്തിനു മുൻപിൽ വയ്ക്കാതെ ദൈവത്തിന്‍റെ പദ്ധതികൾക്കായി നമുക്ക് സ്വയം സമർപ്പിക്കാം. അങ്ങയുടെ ഹിതം നിറവേറട്ടെ എന്ന് നമുക്കും ആത്മാർത്ഥമായി പ്രാർത്ഥിക്കാം.
ബ്ര. സ്മിത്ത് സ്രാമ്പിക്കല്‍