മംഗോളിയയില്‍ 17 വര്‍ഷമായി മിഷനറിയായി പ്രവര്‍ത്തിക്കുന്ന വടക്കേ ഇറ്റലിയിലെ പിയെഡ്‌മോണ്ട് സ്വദേശിയായ ബിഷപ്പ് മരേംഗോ ആഗസ്റ്റ് 19-ാം തീയതി ബുധനാഴ്ച ഫ്രാന്‍സിസ് പാപ്പായുമായി വ്യക്തിഗത കൂടിക്കാഴ്ച നടത്തി. അതിരുകള്‍ക്കുമപ്പുറം ചെറിയ അജഗണങ്ങളെക്കുറിച്ച് കരുതലുള്ള ഫ്രാന്‍സിസ് പാപ്പാ തന്നെയാണ് അദ്ദേഹത്തെ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മംഗോളിയയിലെ അപ്പസ്‌തോലിക അധികാരിയായി നിയമിച്ചത്.

വത്തിക്കാനില്‍ വന്ന് പാപ്പായെ നേരില്‍ കണ്ടു സംസാരിച്ചത് തന്‍റെ സ്വപ്നസാക്ഷാത്ക്കാരമായിരുന്നെന്നും, ചെറിയ അജഗണങ്ങളെ എപ്രകാരം അര്‍പ്പണത്തോടെ ശുശ്രൂഷിക്കണമെന്നതിന് പാപ്പായുടെ വാക്കുകളും ജീവിതസമര്‍പ്പണവും തനിക്ക് വലിയ പ്രചോദനമായെന്നും ബിഷപ്പ് മരേംഗോ കൂടിക്കാഴ്ചയ്ക്കുശേഷം വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്‍കിയ അഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തി.

അജപാലന ശുശ്രൂഷയെക്കുറിച്ച് നല്ല ധാരണയുള്ള പാപ്പാ, ആത്മീയവും സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ഒരു വിശ്വാസശ്രൃംഖല, എപ്രകാരം മംഗോളിയയില്‍ മെനഞ്ഞെടുക്കണമെന്ന് വളരെ ഹ്രസ്വമായ നേര്‍ക്കാഴ്ചയില്‍ തനിക്ക് സഹോദരസ്‌നേഹത്തോടെ ബോധ്യപ്പെടുത്തിത്തന്നുവെന്ന് ബിഷപ്പ് മരേംഗോ പങ്കുവച്ചു.

മംഗോളിയയിലെ വിശ്വാസികളുടെ എണ്ണം തുലോം നിസ്സാരമാണ്. അവിടെ അധികവും ബുദ്ധമതക്കാരും പ്രകൃതിശക്തികളെ ആരാധിക്കുന്ന ഷമാനികളുമാണ്. എങ്കിലും സംവാദത്തിന്‍റെ പാതയില്‍ പരസ്പരബന്ധത്തിന്‍റെ പാലം പണിതുകൊണ്ട്, പാവങ്ങളോടും എളിയവരോടും ചേര്‍ന്ന് വിശ്വാസവഴികളില്‍ അവര്‍ക്കൊപ്പം നടക്കുകയും അവരുടെ ആത്മീയതയെ ബലപ്പെടുത്തുകയും ചെയ്യുന്ന അജപാലന ശൈലിയാണ് മംഗോളിയയില്‍ താന്‍ ജീവിക്കുന്നതെന്നും ബിഷപ്പ് മരേംഗോ വ്യക്തമാക്കി.